Follow Us On

25

January

2022

Tuesday

ശിശുഭവന്‍ ഒഴിപ്പിച്ചു; പിഴ രണ്ടു കോടി മിഷനറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍

ശിശുഭവന്‍ ഒഴിപ്പിച്ചു; പിഴ രണ്ടു കോടി   മിഷനറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍
കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്)

അമ്പത്തിമൂന്നു വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് രണ്ടുകോടി രൂപ പിഴയിട്ട് കേന്ദ്ര സര്‍ക്കാര്‍. ലോകത്തൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത മനുഷ്യത്വരഹിതമായ നടപടികളാണ് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്ത്യന്‍ ആര്‍മിയുടെ സ്ഥലത്ത് 53 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ശിശുഭവന്‍ ഒഴിയാനായിരുന്നു ആവശ്യപ്പെട്ടത്. ആ സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019 ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസിന്റെ (ഡിഇഒ) അവകാശവാദം. 1968 ലാണ് അവിടെ ശിശുഭവന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

അനധികൃതമായി സ്ഥലം കൈവശം വച്ചതിനു വര്‍ഷം ഒരുകോടി രൂപ വീതം മിഷണറീസ് ഓഫ് ചാരിറ്റി പിഴ നല്‍കണമെന്നും ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് നിയമനടപടികള്‍ക്കൊന്നും നില്ക്കാതെ മിഷണറീസ് ഓഫ് ചാരിറ്റി കെട്ടിടം ഒഴിഞ്ഞുകൊടുക്കുകയും അന്തേവാസികളെ അലഹാബാദ്, വാരണാസി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സെന്ററുകളിലേക്ക് മാറ്റുകയുമായിരുന്നു.
അനാഥരും അഗതികളും ശയ്യാവലംബികളുമായ ആയിരങ്ങള്‍ക്ക് അഭയമൊരുക്കിയ ജീവകാരുണ്യ സ്ഥാപനത്തോടാണ് സര്‍ക്കാരിന്റെ ഈ ക്രൂരത. ഉപേക്ഷിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ചതിനൊപ്പം രോഗികള്‍ക്കും ആരോരുമില്ലാത്തവര്‍ക്കും അഭയവും പ്രത്യാശയും പകര്‍ന്ന ജീവകാരുണ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. ഈ സെന്ററില്‍ വളര്‍ന്ന നിരവധി അനാഥ പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ചിരുന്നു. അവരുടെ അമ്മവീടുകൂടിയാണ് ഇല്ലാതായിരിക്കുന്നത്.

ബിജെപി ഗവണ്‍മെന്റുകള്‍ ഭരിക്കുന്ന ജാര്‍ഖണ്ഡ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സെന്ററുകളുടെ പ്രവര്‍ത്തനം അസാധ്യമാക്കുന്നവിധത്തില്‍ പരിശോധനകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കന്മാര്‍ വിശുദ്ധ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നിരവധി ആരോപണങ്ങള്‍ മുമ്പും ഉന്നയിച്ചിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ നിരസിക്കുകയും വിവാദമായപ്പോള്‍ രണ്ട് ആഴ്ചകള്‍ക്കുശേഷം പുനഃസ്ഥാപിക്കുകയുമായിരുന്നു.

139 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകം മുഴുവന്‍ ഏറെ ആദരവോടെ കാണുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങള്‍ ആരോപണങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യമാണെന്ന് തെളിയുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇല്ലാതെ ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ് ഇത്തരമൊരു നിലപാട് സ്വീകരിക്കില്ലെന്നാണ് ഇതു സംബന്ധിച്ച വിലയിരുത്തലുകള്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?