Follow Us On

25

January

2022

Tuesday

തീരനിയന്ത്രണ വിജ്ഞാപനം തീരവാസികളെ എങ്ങനെ ബാധിക്കും?

തീരനിയന്ത്രണ വിജ്ഞാപനം   തീരവാസികളെ  എങ്ങനെ ബാധിക്കും?

അഡ്വ. ഷെറി ജെ. തോമസ്
[email protected]

പരിസ്ഥിതി നിയമത്തിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് തീരം സംരക്ഷിക്കുന്നതിനും തീരത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വിജ്ഞാപനത്തിന്റെ രൂപത്തില്‍ നിയന്ത്രണങ്ങള്‍ വന്നത്. 1991-ല്‍- പുറത്തിറക്കിയ തീരനിയന്ത്രണ വിജ്ഞാപനത്തിനുശേഷം 2011-ലും 2019-ലും വിജ്ഞാപനങ്ങള്‍ വന്നു. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ 2019-ലെ വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് 18-1-2019-ല്‍ ആണെങ്കിലും ഇപ്പോഴും അത് കേരളത്തില്‍ നടപ്പിലായിട്ടില്ല. അതിനാല്‍ കേരളത്തില്‍ നിലനില്ക്കുന്നത് 2011-ലെ വിജ്ഞാപനമാണ്.
പുതിയ വിജ്ഞാപനം നടപ്പിലാകണമെങ്കില്‍ വിജ്ഞാപനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ (തീരമേഖല പരിപാലന പദ്ധതി) നടപ്പില്‍ വരണം. കേരളത്തിന്റെ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് പുതിയ വിജ്ഞാപനം നടപ്പിലാകാത്തതിനു കാരണം.

നിലവിലെ നിയന്ത്രണങ്ങള്‍
2011-ലെ വിജ്ഞാപനക്രാരം മുനിസിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളെ പൊതുവെ സിആര്‍ഇസഡ് 2-ലും പഞ്ചായത്ത് പ്രദേശങ്ങളെ സിആര്‍ഇസഡ് 3-ലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ ദ്വീപ് പ്രദേശങ്ങള്‍ സിആര്‍ഇസഡ് 5 എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. സിആര്‍ഇസഡ് 1 – പരിസ്ഥിതിലോല പ്രദേശങ്ങളാണ്. സിആര്‍ഇസഡ് -2 വികസിതപ്രദേശങ്ങളും സിആര്‍ഇസഡ് 3-വികസിതം അല്ലാത്തതും അതേസമയം ജനവാസമുള്ള പഞ്ചായത്ത് പ്രദേശങ്ങളുമാണ്. സിആര്‍ഇസഡ് 4-വേലിയിറക്ക രേഖയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ കടലിലേക്ക് ഉള്ള സ്ഥലം ഉള്‍പ്പെടെയുള്ളതാണ്. സിആര്‍ഇസഡ് 5 ല്‍- ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ പ്രദേശങ്ങളും കേരളത്തിലെ കായല്‍ പ്രദേശങ്ങളിലെ ദ്വീപുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും ഗോവയിലെ സിആര്‍ഇസഡ് പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്.

എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍?
സിആര്‍ഇസഡ് 1-ല്‍ സാധാരണഗതിയില്‍ നിര്‍മാണങ്ങള്‍ അനുവദനീയമല്ല. അതേസമയം, ആണവ ഊര്‍ജം സംബന്ധിച്ച കാര്യങ്ങള്‍ക്കും, പൈപ്പ് ലൈന്‍, ഡിസ്‌പെന്‍സറികള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി ശൗചാലയങ്ങള്‍, റോഡുകള്‍, ജെട്ടികള്‍, ട്രെയിനേജ് സംവിധാനങ്ങള്‍ മുതലായവയും നിയന്ത്രണങ്ങളോടുകൂടി അനുവദനീയമാണ്.
സിആര്‍ഇസഡ് 2 പ്രദേശത്ത് അംഗീകൃത നമ്പറിട്ട ബില്‍ഡിംഗുകളുടെയോ നിലവിലുള്ള റോഡിന്റെയോ കരഭാഗത്തേക്ക് നിര്‍മാണങ്ങള്‍ അനുവദനീയമാണ്. സിആര്‍ഇസഡ് 3: വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ പരിധിയാണ് കടലിനെ സംബന്ധിച്ച് നിര്‍മാണ നിരോധന മേഖല. വേലിയേറ്റം ബാധിക്കുന്ന മറ്റ് ജലാശയങ്ങളില്‍ നിന്ന് 100 മീറ്ററുമാണ് നിരോധിത മേഖല. യാതൊരു തരത്തിലുള്ള നിര്‍മാണങ്ങളും ഈ പ്രദേശത്ത് അനുവദനീയമല്ല. അതേസമയം, നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളുടെ തറവിസ്തീര്‍ണം വര്‍ധിപ്പിക്കാതെ പുനര്‍നിര്‍മ്മാണം അനുവദിക്കും. കടലില്‍നിന്ന് 100 മീറ്ററിനും 200 മീറ്ററിനും ഇടയ്ക്കുള്ള പ്രദേശത്ത് തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും വീടുകള്‍ നിര്‍മ്മിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും അനുവാദം ലഭിക്കും. പക്ഷേ അങ്ങനെ ലഭിക്കണമെങ്കില്‍ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളോടുകൂടിയതും ശുചിത്വ സംവിധാനങ്ങളോടുകൂടിയതുമായ സമഗ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കേണ്ടതുണ്ട്. നിലവില്‍ കേരളത്തില്‍ അത്തരത്തിലൊരു പദ്ധതിയില്ല. കേരളത്തിന്റെ സിആര്‍ഇസഡ് 5 പ്രദേശം, ദ്വീപുകളെ സംബന്ധിച്ച് വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ പ്രദേശമായിരിക്കും. ഈ 50 മീറ്ററിനുള്ളില്‍ നിലവിലുള്ള വീടുകള്‍ പുതുക്കി പണിയാം. പുതിയ നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല.

2019 വിജ്ഞാപനത്തിന്റെ പ്രത്യേകതകള്‍
നിലവിലുള്ള വിജ്ഞാപനങ്ങളുടെ അപാകതകള്‍ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തുകയും പൊതുജനങ്ങളില്‍നിന്ന് വിവരശേഖരണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ശൈലേഷ് നായക്ക് കമ്മറ്റി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 2019- ലെ വിജ്ഞാപനം പുറത്തിറക്കിയത്. അതുപ്രകാരം എടുത്തുപറയാവുന്ന പ്രത്യേകതകള്‍ – ഉള്‍നാടന്‍ ജലാശയങ്ങള്‍ക്ക് സമീപമുള്ള ദ്വീപുകള്‍ക്ക് 20 മീറ്ററാണ് സിആര്‍ഇസഡ് പ്രദേശമായി പറയുന്നത്. അതുകൂടാതെ, സിആര്‍ഇസഡ് 3 പ്രദേശത്തില്‍, തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്കുള്ള സാധ്യതയും പുതിയ വിജ്ഞാപനത്തിലുണ്ട്. സിആര്‍ഇസഡ് 2 ല്‍ വീടുകള്‍ക്കും ഓഫീസുകള്‍ക്കുമാണ് നിര്‍മ്മാണത്തിന് അനുവദിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നത്.

2019-ലെ വിജ്ഞാപനത്തില്‍ സിആര്‍ഇസഡ്-1 എ എന്നും, ഒന്ന് ബി എന്നും തരംതിരിച്ചിട്ടുണ്ട്. സിആര്‍ഇസഡ് 2 പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നത് മുനിസിപ്പല്‍ പ്രദേശങ്ങളിലുള്ള സ്ഥലങ്ങളോ, വികസിത കേന്ദ്രങ്ങളായിട്ടുള്ളവയോ ആണ്. സിആര്‍ഇസഡ് 3 പ്രദേശങ്ങളെ 3 എ എന്നും, 3 ബി എന്നും തിരിച്ചിട്ടുണ്ട്. 3 എ മേഖല നിശ്ചയിക്കുന്നത് ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 2,161 ജനസംഖ്യ ഉള്ള പ്രദേശങ്ങളെയാണ്. സിആര്‍ഇസഡ് 3 എയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് കടലിലെ വേലിയേറ്റ പരിധിയില്‍നിന്ന് 50 മീറ്ററാണ് നിര്‍മ്മാണ നിരോധിത മേഖല. ജനസംഖ്യ കുറവുള്ള 3 ബി മേഖലകളില്‍ 200 മീറ്റര്‍ നിര്‍മ്മാണ നിരോധനം എന്നുള്ളത് തുടരും. ഇവിടങ്ങളില്‍ കടലില്‍നിന്ന് 200 മീറ്റര്‍ ആയിരിക്കും വികസന നിരോധിത മേഖല. അതേസമയം, മറ്റു ജലാശയങ്ങളില്‍ നിന്നാണെങ്കില്‍ വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ ആയിരിക്കും വികസന നിരോധിത മേഖല.

ഉള്‍നാടന്‍ ദ്വീപുകള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം ഉള്ള തീരനിയന്ത്രണ വിജ്ഞാപന മേഖല 20 മീറ്റര്‍ ആയിട്ടാണ് നിജപ്പെടുത്തിരിക്കുന്നത്. ഇവിടങ്ങളില്‍ 20 മീറ്ററുകള്‍ക്കുള്ളില്‍ തദ്ദേശവാസികളുടെ ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയോ നന്നാക്കുകയോ ചെയ്യാം.

അനുകൂല ഘടകങ്ങള്‍
2019-ലെ വിജ്ഞാപനം 2011 -ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുകൂലമായ സാധ്യത നല്‍കുന്നുണ്ട്. 2011-ലെ വിജ്ഞാപനത്തില്‍ നിലവിലുള്ള അതേ തറവിസ്തീര്‍ണമാണ് പുനര്‍നിര്‍മ്മാണത്തില്‍ അനുവദിച്ചിട്ടുള്ളതെങ്കില്‍ പുതിയ വിജ്ഞാപനത്തില്‍ നിര്‍മ്മാണത്തിനും പുനര്‍നിര്‍മ്മാണത്തിനും അനുവാദം നല്‍കുന്നുണ്ട്. ജൂലായ് 2021-ല്‍ പുറത്തുവന്നിട്ടുള്ള ഇന്റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്‌മെന്റ പഌനില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം സിആര്‍ഇസഡ് മേഖലയിലും സാധ്യമാക്കുന്നതിന് സംസ്ഥാനതലത്തില്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ചെയ്യേണ്ടതായ കാര്യങ്ങളെപ്പറ്റി എടുത്തു പറയുന്നുണ്ട്. അതേസമയം, 2021 ആദ്യപകുതിയില്‍ തദ്ദേശഭരണകൂടങ്ങളുടെ ചര്‍ച്ചയ്ക്കായി പുറത്തിറക്കിയ കരട് പഌനില്‍ ടൂറിസം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. മാത്രമല്ല, ഉള്‍നാടന്‍ ദ്വീപുകള്‍ക്കായി കുറച്ചു നിശ്ചയിച്ച 20 മീറ്റര്‍ പരിധി മാപ്പില്‍ ഉണ്ടെങ്കിലും അതിനായുള്ള ഐലന്റ് മാനേജ്‌മെന്റ് പ്ലാന്‍ ഇല്ല.

തീര നിയന്ത്രണ വിജ്ഞാപനം 2019 ന്റെ കരട് മാപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിശോധനയ്ക്കായി നല്‍കിയിരുന്നു. ചിലരൊക്കെ അഭിപ്രായം രേഖപ്പെടുത്തി എന്നാണ് അറിയുന്നത്. തദ്ദേശവാസികളുടെഭവനനിര്‍മ്മാണം സാധ്യമാക്കുന്നതിന് വിജ്ഞാപനത്തില്‍ പല ഇളവുകളും നല്‍കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുന്ന തരത്തിലുള്ള മാപ്പ് തയാറാക്കുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ കഴിയുന്ന അവസരമായിരുന്നു അത്. ഇനി പൊതുജനങ്ങള്‍ക്കായുള്ള പൊതു ഹിയറിംഗ് വൈകാതെ ഉണ്ടാകും.

പുതിയ വിജ്ഞാപനം എങ്ങനെ തീരജനതയ്ക്ക് ഗുണകരമാക്കാം
1. പഞ്ചായത്തുകളെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 2,161 ല്‍ അധികം ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ സിആര്‍ഇസഡ് 3എ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സിആര്‍ഇസഡ് 3 എ/ബി വിഭാഗത്തെ തരംതിരിക്കുന്നതിന് പകരം കരഭൂമിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കിലാക്കണം.
2. ബാക്ക് വാട്ടര്‍ ദ്വീപുകളെ കണക്കാക്കിയിരിക്കുന്നത് ഓരോ ചെറിയ ദീപിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയാണ്. അത് ജില്ലാതലത്തില്‍ കരട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തദ്ദേശസ്വയംഭരണ തലത്തില്‍ പരിശോധിക്കാന്‍ അവസരം നല്‍കണം.
3. പൊക്കാളി പാടങ്ങളെ പുതിയ കരട് വിജ്ഞാപനത്തില്‍ സിആര്‍ഇസഡ് 1ബി-ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. തദ്ദേശവാസികളുടെ പൊക്കാളി പാടങ്ങള്‍ കഴിഞ്ഞ വിജ്ഞാപനത്തിലെ പ്ലാനില്‍ സിആര്‍ഇസഡ് 1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് മാറ്റങ്ങള്‍ ആവശ്യമാണെന്ന് അംഗീകരിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് നിലവിലുണ്ട്. 2011 വിജ്ഞാപനത്തില്‍ പൊക്കാളി പാടങ്ങള്‍ സംബന്ധിച്ച് വേലിയേറ്റ രേഖ സഌയിസ് ഗേറ്റില്‍ (ബണ്ട്) നിന്ന് അളക്കണമെന്നാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. അതിന്റെ പ്രയോജനം തീരവാസികള്‍ക്ക് ലഭിക്കണമെന്നങ്കില്‍ പ്ലാനില്‍ പൊക്കാളിപ്പാടങ്ങളുടെ സഌയിസ് ഗേറ്റ് രേഖപ്പെടുത്താനാകണം.
4. സിആര്‍ഇസഡ് 3 മേഖലയില്‍ പരമ്പരാഗത തീരവാസികളുടെ ഭവന നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം സുരക്ഷാ നിബന്ധനകളോടെ അംഗീകരിക്കുന്ന കാര്യം വിജ്ഞാപനം 5.3 (ii) മ ഭാഗത്ത് ഇളവായി പറയുന്നുണ്ട്. അക്കാര്യം നടപ്പിലാക്കുന്നതിനുവേണ്ടി മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുന്ന ഘട്ടത്തില്‍ അനുബന്ധം 4 മാര്‍ഗരേഖ ഖണ്ഡിക 5 പ്രകാരം detailed plans for longterm housing needs of coastal fisher communities എന്നത് സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുതിയ കരട് പ്ലാനില്‍ ഓരോ പ്രദേശത്തിന്റെയും അവസ്ഥ കണക്കിലെടുത്ത് അക്കാര്യം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
5. നിലവില്‍ സിആര്‍ഇസഡ് 2ല്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില പ്രദേശങ്ങള്‍ ബാക്ക്വാട്ടര്‍ ദീപുകളുടെ പരിധിയില്‍ വരുമ്പോള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇളവുകള്‍ക്ക് നഷ്ടം ഉണ്ടാകാത്ത രീതിയില്‍ ദ്വീപ് എന്ന പരിഗണന കൂടി ലഭിക്കണം.

തീരത്തെ നിയന്ത്രണങ്ങള്‍
തീരനിയന്ത്രണവിജ്ഞാപന പരിധിയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശവാസികളുടെ ഭനനിര്‍മ്മാണ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നത് തീരജനതയുടെ പൊതുവികാരമാണ്. അതേസമയം തീരം മുഴുവനും വാണിജ്യ നിര്‍മ്മാണങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ 154 ഗ്രാമപഞ്ചായത്തുകളെ സെന്‍സസ് ടൗണ്‍ എന്ന കണക്കില്‍ സിആര്‍ഇസഡ് 2 ല്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. സിആര്‍ഇസഡ് 2 പ്രദേശത്ത് അംഗീകൃത നമ്പറിട്ട കെട്ടിടങ്ങളുടെയും റോഡിന്റെയും കരഭാഗത്ത് നിര്‍മ്മാണങ്ങള്‍ അനുവദിക്കാമെന്നതാണ് അതിന്റെ കാരണം. മേല്‍പ്പറഞ്ഞവയില്‍ ഓരോ പ്രദേശത്തിനും ഉചിതമായ കാര്യങ്ങള്‍, കരട് പ്ലാന്‍ സംബന്ധിച്ച് ചര്‍ച്ചയില്‍ ഉന്നയിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തി അധികാരികളുടെ മുന്നില്‍ സമര്‍പ്പിക്കുകയും വേണം. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ഈ വിജ്ഞാപനം മൂലം ഭവനനിര്‍മ്മാണം സാധ്യമാകാത്ത പരമ്പരാഗത തദ്ദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കും അത് ഏറെ സഹായകരമാകും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?