Follow Us On

25

January

2022

Tuesday

മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍

മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍

പാലാ: പൗരോഹിത്യത്തിന്റെ നാല്‍പത് വര്‍ഷം പിന്നിട്ട് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 1982 ജനുവരി രണ്ടിന് കയ്യൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലില്‍നിന്നാണ് മാര്‍ കല്ലറങ്ങാട്ട് പൗരോഹിത്യം സ്വീകരിച്ചത്. പിന്നീട് പാലാ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായ മാര്‍ കല്ലറങ്ങാട്ട് അജപാലനവഴിയിലെ വേറിട്ട മാര്‍ഗങ്ങളിലൂടെ സഭയുടെയും, നാടിന്റെയും വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചു. നാനാജാതി മതസ്ഥരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ആതുരശുശ്രൂഷാരംഗത്ത് അനേകര്‍ക്ക് ആശ്വാസവും പാലായുടെ അഭിമാനവുമായി മാറിയ മാര്‍ സ്ലീവാ മെഡിസിറ്റി.
കയ്യൂര്‍ കല്ലറങ്ങാട്ട് മാത്യുവിന്റെയും ഉള്ളനാട് വട്ടപ്പലം ത്രേസ്യയുടെയും ഏഴുമക്കളില്‍ ഒന്നാമനായി 1950 ജനുവരി 27-നാണ് ജനനം. 1972-ല്‍ പാലാ രൂപത ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. 2004 മാര്‍ച്ച് 18-ന് പാലാ രൂപതാധ്യക്ഷനായി നിയമിതനായി.

മാര്‍ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ പാലാ രൂപതയില്‍ വിജയകരമായി നടപ്പാക്കിയ എണ്ണമറ്റ പദ്ധതികള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും നേതൃപാടവും ദീര്‍ഘവീക്ഷണവും വിളിച്ചോതുന്നവയാണ്. ഹോം പാലാ പദ്ധതിവഴി ഇതിനോടകം നൂറുകണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സാധുജന വിദ്യാഭ്യാസ പദ്ധതി, കര്‍ഷകരെ ഒന്നിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനുമുള്ള പദ്ധതികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയവ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികളില്‍ ചിലതു മാത്രമാണ്. പൗരോഹിത്യത്തിന്റെ റൂബി ജൂബിലി ആഘോഷം ബിഷപ് ഹൗസില്‍ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥനാദിനമായി ആചരിച്ചുകൊണ്ട് നടത്തിയ ലളിതമായ ആഘോഷവും വേറിട്ടതായി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?