വത്തിക്കാൻ സിറ്റി: ദൃഷ്ടി എപ്പോഴും ക്രിസ്തുവിൽ ഉറപ്പിച്ച് സഭൈക്യത്തിലേക്കുള്ള പാതയിൽ ക്രിസ്തുസാക്ഷികൾ ഒന്നടങ്കം ഒരുമിച്ച് യാത്രചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവ ഐക്യത്തിലേക്കുള്ള പാത സുപ്രധാനമാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, അതിനായുള്ള അന്വേഷണം വിശ്വാസീസമൂഹം ഒരുമിച്ചുചേർന്ന് നടത്തേണ്ട യാത്രയാണെന്നും ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തോട് അനുബന്ധിച്ച് വത്തിക്കാനിൽ എത്തിയ ഫിൻലാൻഡിൽനിന്നുള്ള എക്യുമെനിക്കൽ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ഉണ്ണിയേശുവിനെ കണ്ടെത്തി ആരാധിച്ച പൂജരാജക്കന്മാരെക്കുറിച്ചുള്ള ധ്യാന ചിന്തയോടെയായിരുന്നു പാപ്പയുടെ വാക്കുകൾ.
പൂജരാജാക്കന്മാർ അവരുടെ ലക്ഷ്യത്തിൽ എത്തിയത് അവർ അന്വേഷിച്ചതുകൊണ്ടാണ്. എന്നാൽ, അവരുടെ അന്വേഷണം ആരംഭിച്ചത് ഒരു നക്ഷത്രത്തിന്റെ അടയാളംകൊണ്ട് കർത്താവ് അവരെ ആദ്യം അന്വേഷിച്ച് ഇറങ്ങിയതിനാലാണ്. പൂജരാജാക്കന്മാരെ പോലെ നമ്മെയും ദൈവം തിരഞ്ഞെത്തി. അതിനാൽ നമ്മുടെ പ്രതികരണവും അവരെപോലെ ഒരുമിച്ചുള്ള ഒരു യാത്രയാവണം.
ദൈവത്തിന്റെ സ്പർശനം ലഭിച്ചവർക്ക് അവരിലേക്കുതന്നെ ഉൾവലിഞ്ഞ് അവർക്കു വേണ്ടി മാത്രമായി ജീവിക്കാനാവില്ല. ഒരുമിച്ച് മുന്നോട്ടുപോകുക എന്നതാണ് അവരുടെ വിളിയും ദൗത്യവും. പാരമ്പര്യം പൂജരാജാക്കന്മാരെ വിവിധ സംസ്കാരങ്ങളുടെ പ്രതിനിധികളായി പരിഗണിക്കുന്നതുപോലെ, ക്രൈസ്തവരായ നമുക്കും കരം കോർത്ത് മുന്നോട്ടു പോകാനുള്ള വിളിയുണ്ട്. ഒരുമിച്ചുള്ള ഈ യാത്രയിൽ സ്ഥിരോൽസാഹത്തോടെ മുന്നേറാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന എളുപ്പമുള്ള ചില ഘട്ടങ്ങളുണ്ട്.
പരസ്പരം അടുക്കാനിടയാക്കുന്ന ഉപവി പ്രവൃത്തികളും മറ്റും അതിന് ഉദാഹരണമാണ്. എന്നാൽ, പരിപൂർണമായ ഐക്യത്തിലേക്കുള്ള യാത്ര കൂടുതൽ ദുഷ്കരമാണ്. അത് ഒരു തരം ക്ഷീണത്തിനും നിരുത്സാഹതയ്ക്കുമുള്ള പ്രലോഭനത്തിലേക്ക് നമ്മെ നയിച്ചേക്കാം. അതിനാൽ, ഈ യാത്രയിൽ നാം ദൈവത്തെ സ്വന്തമാക്കിയവരെന്ന നിലയിലല്ല മറിച്ച്, തുടർന്ന് അന്വേഷിക്കുന്നവരാണ് എന്ന ബോധ്യത്തോടെ മുന്നേറണം. ധൈര്യവും ക്ഷമയും ഇതിന് അനിവാര്യമാണ്, മാത്രമല്ല, പരസ്പരം ധൈര്യപ്പെടുത്തുകയും പിൻതാങ്ങുകയും വേണം.
ത്രിതൈ്വക ദർശനവും ക്രിസ്തു ശാസ്ത്രപരമായ നിക്യാ പ്രഖ്യാപനവും ജ്ഞാനസ്നാനം സ്വീകരിച്ച നമ്മെ ഐക്യപ്പെടുത്തുകയും ഉൽസാഹത്തോടെ ക്രിസ്തുവിനെ പിൻചെല്ലാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാരണം, നാം ഉൾപ്പെടെ എല്ലാക്കാലത്തെയും മനുഷ്യർ അറിയാതെയാണെങ്കിലും അന്വേഷിക്കുന്നത് ക്രിസ്തുവിനെയാണെന്നും പാപ്പ ഓർമിപ്പിച്ചു. ക്രിസ്തുനാഥൻ പഠിപ്പിച്ച ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന അവിടെ കൂടിയിരുന്നവർക്കൊപ്പം ചൊല്ലി പാപ്പ സന്ദേശം ചുരുക്കിയതും ശ്രദ്ധേയമായി.
Leave a Comment
Your email address will not be published. Required fields are marked with *