Follow Us On

19

April

2024

Friday

എത്യോപ്യ: പൊലീസ് അന്യായമായി തടവിലടച്ച ഏഴ് കന്യാസ്ത്രീകളും മോചിതരായി

എത്യോപ്യ: പൊലീസ് അന്യായമായി തടവിലടച്ച ഏഴ് കന്യാസ്ത്രീകളും മോചിതരായി

ആഡിസ് അബാബ: സർക്കാർ സൈന്യവും ‘ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും’ തമ്മിലുള്ള സംഘർഷം രൂക്ഷമായ എത്യോപ്യയിൽ, പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത ഏഴ് കത്തോലിക്കാ കന്യാസ്ത്രീകൾ മോചിതരായെന്ന് സ്ഥിരീകരണം. വാർത്താ ഏജൻസിയായ ‘ഫീദെസാ’ണ് ആശ്വാസകരമായ ഈ വാർത്ത പുറത്തുവിട്ടത്. മോചിക്കപ്പെട്ടവരിൽ ഒരാളായ ഊർസുലൈൻ സഭാംഗം സിസ്റ്റർ അബ്രഹെത് ടെസെർമയെ ഉദ്ധരിച്ചാണ് ‘ഫീദെസി’ന്റെ റിപ്പോർട്ട്. ‘ലിബറേഷൻ ഫ്രണ്ടി’നോട് സിസ്റ്റർമാർ ആഭിമുഖ്യം പുലർത്തുന്നുണ്ടെന്ന സംശത്തിലായിരുന്നു അറസ്റ്റ്.

ഏതാണ്ട് ഒന്നര മാസം അന്യായമായി തടവിൽ അടയ്ക്കപ്പെട്ട സിസ്റ്റർമാർ ഇക്കഴിഞ്ഞ ജനുവരി 15നാണ് മോചിതരായത്. 2021 നവംബർ 30നാണ് സിസ്റ്റർമാർ അറസ്റ്റ് ചെയ്യപ്പെട്ടത്. സിസ്റ്റർ ലെറ്റെമറിയം സിഭത്ത്, സിസ്റ്റർ ടിബ്ലെറ്റ്സ് റ്റിയൂം, സിസ്റ്റർ അബീബ ടെസ്ഫെ, സിസ്റ്റർ സായിദ് മോസ്, സിസ്റ്റർ അബീബ ഹാഗോസ്, സിസ്റ്റർ അബേബ ഫിറ്റ്വി എന്നിവരാണ് മോചിതരായ മറ്റുള്ളവർ. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷൻ അംഗങ്ങളാണ് ഈ ആറുപേരും.

കന്യാസ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. സിസ്റ്റർ അബ്രഹെത് ടെസെർമ, ഷോല നഗരത്തിലുള്ള അവരുടെ മഠത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, കോബോയിൽ നിന്നുള്ള രണ്ടു ഡീക്കൻമാരെയും രണ്ട് കന്യാസ്ത്രീകളെയും കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ടിഗ്രേ വംശജരായ ആയിരക്കണക്കിന് എത്യോപ്യക്കാർക്കൊപ്പം ഇവരും തടങ്കലിലാണെന്നാണ് സൂചനകൾ.

നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ഭരണകൂടത്തിനെതിരെ ‘ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്’ പ്രക്ഷോഭം ആരംഭിച്ചത്. നവംബർ അഞ്ചിന് രാജ്യത്ത് പ്രധാനമന്ത്രി അബി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ടിഗ്രെ വംശജരായ നിരവധി പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നവംബറിൽ സലേഷ്യൻ മിഷ്ണറിമാരെ സർക്കാർ സൈന്യം അന്യായമായി അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. നാളുകൾക്കുശേഷം ഏഴ് സലേഷ്യൻ മിഷണറിമാരെ മോചിപ്പിക്കുകയായിരുന്നു.

ആഭ്യന്തര യുദ്ധംമൂലം നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക രംഗങ്ങൾ ഗുരുതര പ്രതിസന്ധിയിലായടോടെ നിരവധിപേരാണ് പലായനം ചെയ്യുന്നത്. അതിനാൽ, ടിഗ്രേയിലേ അവസ്ഥ വലിയൊരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ചൂണ്ടിക്കാട്ടുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?