Follow Us On

19

April

2024

Friday

മധുരത്തില്‍ പൊതിഞ്ഞ ‘മധുരം’

മധുരത്തില്‍ പൊതിഞ്ഞ ‘മധുരം’

ജോസഫ് മൂലയില്‍

പേരുപോലെ മധുരമുള്ള അനുഭവമാണ് മധുരമെന്ന സിനിമ സമ്മാനിക്കുന്നത്. ഹൃദയത്തിലെ നന്മ ചുറ്റുപാടുകളിലേക്ക് സുഗന്ധമായി പ്രസരിക്കുമെന്ന് മധുരം ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്. ഏതു സാഹചര്യത്തിലാണെങ്കിലും ചില മനുഷ്യര്‍ക്ക് അങ്ങനെയേ ജീവിക്കാന്‍ കഴിയൂ എന്നത് ലോകത്തോടുള്ള ദൈവത്തിന്റെ കരുതല്‍ക്കൂടിയാണ്. ചുരളിയും കേശു ഈ വീടിന്റെ നാഥനുമൊക്കെ മലയാള സിനിമയ്ക്ക് ഏല്പിച്ച പരുക്ക് കഴുകിക്കളയാന്‍ മധുരത്തിനു കഴിയുമെന്ന് തീര്‍ച്ച. സങ്കടങ്ങളുടെ നടുവില്‍ എങ്ങനെ സംതൃപ്തിയോടെ ജീവിക്കാമെന്നുകൂടി സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. ഒരു ഗവണ്‍മെന്റ് ആശുപത്രിയും അവിടെ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെയും കേന്ദ്രീകരിച്ചാണ് സിനിമ മുമ്പോട്ടുപോകുന്നത്.

സങ്കടങ്ങളുടെ നടുവില്‍നിന്നും സ്‌നേഹിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകളാണ് മധുരം, മധുരത്തില്‍പ്പൊതിഞ്ഞ് മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. അവരൊന്നും അമാനുഷരല്ല, സാധാരണക്കാര്‍ത്തന്നെ. ആശുപത്രികള്‍ എപ്പോഴും വേദനകളും അസ്വസ്ഥതകളുമൊക്കെ സമ്മാനിക്കുന്ന ഇടങ്ങളാണ്. ഈ ആശുപത്രിയും അങ്ങനെയെന്ന് വിചാരിച്ചാല്‍ തെറ്റി. എങ്ങനെ ഒരു ആതുരാലയത്തെ വീടുപോലെ സുരക്ഷിതത്വവും ആനന്ദവും പകരുന്ന ഇടങ്ങളാക്കാമെന്ന് മധുരത്തിലെ ആശുപത്രി ജീവനക്കാര്‍ കാണിച്ചുതരുന്നു. വേദനകളുടെ നടുവില്‍ അറിയാതെ വൈകാരികമായി പ്രതികരിക്കുന്നവരെ എങ്ങനെ നേരിടണമെന്നു കൂടി ഈ സിനിമ പറഞ്ഞുതരുന്നു. അങ്ങനെ കഴിയാത്ത ആരോഗ്യപ്രവര്‍ത്തരുണ്ടെങ്കില്‍ ഈ സിനിമയൊന്ന് കാണണമെന്നൊരു അപേക്ഷയുണ്ട്.

മധുരത്തിന്റെ കഥയും കഥാപാത്രങ്ങളുമൊക്കെ നമ്മള്‍ കണ്ടു പരിചയിച്ചവര്‍ തന്നെയാണ്. ചില മുഖങ്ങളെങ്കിലും നമുക്ക് പരിചിതങ്ങളായിരിക്കും. ഒരു ആശുപത്രിയുടെ ക്യാന്‍വാസില്‍ കേരളത്തിലെ അനേകം കുടുംബങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വിവാഹം കഴിഞ്ഞ് വെറും മൂന്നു ദിവസം മാത്രം ഒന്നിച്ചുജീവിച്ച ഭാര്യ ചിത്ര അടുക്കളപ്പടിയില്‍ തെന്നിവീണ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് ആശുപത്രിയില്‍ ഒരു വര്‍ഷത്തോളമായി കിടക്കുമ്പോഴും തന്റെ പ്രിയപ്പെട്ട ഭാര്യയെ ആശുപത്രിയില്‍നിന്നും നടത്തിക്കൊണ്ടുപോകുമെന്നുള്ള ഉറച്ച പ്രതീക്ഷയില്‍ കഴിയുന്ന സാബു എന്ന ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്.

വിവാഹം കഴിഞ്ഞ് 40 വര്‍ഷം കഴിഞ്ഞിട്ടും വിവാഹത്തിന്റെ ആദ്യനാളുകളിലെപ്പോലെ ഭാര്യയോടുള്ള സ്‌നേഹം മനസില്‍ സൂക്ഷിക്കുകയും അത് മറ്റുള്ളവരുടെ മുമ്പില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രവി എന്നൊരു ഒരു മാതൃകാ ഭര്‍ത്താവിനെ സിനിമ അവതരിപ്പിക്കുന്നുണ്ട്. രവിയുടെ ഭാര്യയെ ഓപ്പറേഷന് ആ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രവിയുടെ മുഖഛായയുള്ള ചിലരെയങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടാകാം. അമ്മയുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തുന്ന കെവിന്‍, ഹൃദയസംബന്ധമായ രോഗത്തെതുടര്‍ന്ന് ആശുപത്രിയിലായിരിക്കുന്ന പിതാവിന് കൂട്ടിരിപ്പുകാരായി എത്തുന്ന താജ്ജുദീന്‍, ഹോട്ടലുടമ കുഞ്ഞിക്ക എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. ഒരു വീട്ടില്‍ ജീവിക്കുമ്പോഴും ഭാര്യ ചെറിയോട് സംസാരിക്കുകപോലും ചെയ്യാത്ത കെവിന് അമ്മയുടെ രോഗം വലിയ ടെന്‍ഷന്‍ നല്‍കുന്നുണ്ട്. ഭാര്യയുടെയും അമ്മയുടെയും സ്വരച്ചേര്‍ച്ചക്കുറവ് പരിഹരിക്കാനുള്ള എളുപ്പമാര്‍ഗമായി വിവാഹമോചനത്തെക്കുറിച്ചുള്ള ചിന്ത അയാളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്.

വിവാഹത്തിന്റെ പുതുമോടി മാറുന്നതിന് മുമ്പ് കിടപ്പിലായ ഭാര്യയെ സ്വന്തം ജീവനെക്കാളുപരി സ്‌നേഹിക്കുന്ന സാബുവിന്റെ ജീവിതം കണ്ട് കെവിന്‍ തന്റെ ഭാര്യയെ വീണ്ടും സ്‌നേഹിച്ചു തുടങ്ങുമ്പോള്‍ അയാളുടെ ലോകം മനോഹരമായി മാറുന്നു. ഒപ്പം, ആ കുടുംബത്തിന്റെയും. സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്ന വരുമാനമുള്ള ബാങ്ക് ജീവനക്കാരിയായ ചെറി ഭര്‍ത്താവ് തന്നെ പൂര്‍ണമായി അവഗണിക്കുമ്പോഴും ഒരിക്കല്‍പ്പോലും പൊട്ടിത്തെറിക്കുന്നില്ല. അവള്‍ അപ്പോഴും തന്റെ ഇഷ്ടങ്ങള്‍ മാറ്റിവച്ച് അയാളെ സ്‌നേഹിച്ചുകൊണ്ടിരുന്നു. സ്‌നേഹത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ പകുതി പ്രശ്‌നങ്ങള്‍ തീരുമെന്നുമുള്ള തിരിച്ചറിവുകൂടിയാണ് സിനിമ സമ്മാനിക്കുന്നത്. നന്മയുള്ള മനുഷ്യര്‍ വലിയ വേദനകളുടെ മുമ്പിലും ചുറ്റുപാടുകളെ അവരുടെ ഇടപെടലുകള്‍ക്കൊണ്ട് കീഴടക്കുമ്പോള്‍ അതു സമൂഹത്തില്‍ ഉണ്ടാക്കുന്ന പുണ്യം എത്ര വലുതാണെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സിനിമയുടെ ക്ലൈമാക്‌സ് ഇതൊന്നുമല്ല. അതവിടെ നില്ക്കട്ടെ. ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതില്‍ അല്പം സ്‌നേഹംകൂടി ചേര്‍ത്തുവച്ചാല്‍ അതു സാന്ത്വനമായി ചുറ്റുപാടുകളില്‍ പടരുമെന്ന് ആശുപത്രിയില്‍ ബില്ലടിക്കുന്ന പേരറിയില്ലാത്ത പെണ്‍കുട്ടിയും സമീപത്തുള്ള ഹോട്ടല്‍ ഉടമയുമൊക്കെ പറയാതെ പറയുന്നുണ്ട്. നന്മയുള്ള ഇതിലെ കഥാപാത്രങ്ങളില്‍ ഒരാളെയെങ്കിലും നമ്മള്‍ എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടാകുമെന്ന് തീര്‍ച്ച. നന്മയുള്ള ഒരു ചായക്കടക്കാരന്‍, ഏതു സമയത്തും മറ്റുള്ളവരെ സഹായിക്കാന്‍ മടിയില്ലാത്ത മനുഷ്യര്‍, മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം ദുഃഖങ്ങളായി മാറ്റുന്നവര്‍, കരുതലുകള്‍കൊണ്ട് നമ്മെ കരയിക്കുന്നവര്‍, സഹിക്കാനും ക്ഷമിക്കാനും മനസുകാണിക്കുന്നവര്‍ തുടങ്ങി… ഇവയെ ആരെയും കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍, ചുറ്റുപാടുകളിലേക്ക് നിങ്ങള്‍ ദൃഷ്ടി പതിപ്പിച്ചിട്ടില്ലെന്നു സാരം. ഈ കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകരോടുള്ള മതിപ്പ് ഈ സിനിമ ഉയര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും അവരത് അര്‍ഹിക്കുന്നുണ്ടുതാനും.

സിനിമ കഴിയുമ്പോഴും സാബു എന്ന നായകന്‍ ഒരു വേദനയായി മനസില്‍ നിറയുന്നുണ്ട്. വീണുപോയ ഭാര്യയെ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ജീവന്റെ ജീവനായി കരുതുന്ന ചിലരെ കണ്ടിട്ടുള്ളതുകൊണ്ടുകൂടിയാകാം ആ കഥാപത്രം ഒരു നൊമ്പരമാകുന്നതെന്നു തോന്നുന്നു. അസാധാരണമെന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയാത്ത കഥയും കണ്ടുമറന്ന കഥാപാത്രങ്ങളുമൊക്കെ നമുക്ക് ഒരു ഫ്രഷ്‌നെസ് സമ്മാനിക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകന്‍ അഹമ്മദ് കബീറിനുമാണ്. ജോജു ജോര്‍ജ് (സാബു), ശ്രുതി രാമചന്ദ്രന്‍ (ചിത്ര), അര്‍ജുന്‍ അശോകന്‍ (കെവിന്‍), നിഖില വിമല്‍ (ചെറി), ഇന്ദ്രന്‍സ് (രവി), ഫാഹിം സഫര്‍ (താജ്ജുദീന്‍), ജാഫര്‍ ഇടുക്കി (കുഞ്ഞിക്ക) തുടങ്ങി ചെറുതും വലുതുമായ റോളുകള്‍ കൈകാര്യം ചെയ്ത താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച അഭിനയംകൊണ്ട് വിസ്മയം സൃഷ്ടിച്ചിരിക്കുന്നു.

തിന്മയും വിപരീത ചിന്തകളുമുള്ള സിനിമകള്‍ എടുത്താലെ ആളുകള്‍ക്ക് ഇഷ്ടപ്പെടൂ എന്ന ചിന്താഗതി വ്യാപകമാകുന്ന കാലത്ത് നന്മയുടെ ഒരു തൂവല്‍ സ്പര്‍ശം സമ്മാനിച്ച സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ സാബു ഗുജറാത്തി ജിലേബി (അതിന്റെ രഹസ്യം പറയുന്നില്ല) ഉണ്ടാക്കി ആശുപത്രി ജീവനക്കാര്‍ക്കും അവിടെവച്ചുണ്ടായ സുഹൃത്തുക്കളായവര്‍ക്കും നല്‍കുന്ന ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ആ ജിലേബിയുടെ മധുരം സിനിമ കഴിഞ്ഞാലും പ്രേക്ഷകന്റെ നാവില്‍ തങ്ങിനില്ക്കുമെന്നതാണ് മധുരത്തിന്റെ ആകര്‍ഷണീയത.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?