ജയ്സ് കോഴിമണ്ണില്‍
തിരുവല്ല: ബത്തേരി രൂപതയുടെ ദ്വിതീയ മെത്രാനും പുത്തൂര്‍ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് നിത്യതിലേക്ക് യാത്രയായിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2018 ജനുവരി 16-ന് കാലം ചെയ്ത ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് രക്ഷാധികാരി എന്ന നിലയില്‍ ശാലോമിന്റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എടത്വാ ഒറ്റത്തെങ്ങില്‍ വര്‍ഗീസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1950 നവംബര്‍ ഒന്നിനായിരുന്നു മാര്‍ ദിവന്നാസിയോസിന്റെ ജനനം. വര്‍ഗീസ് എന്നായിരുന്നു പേര്. 1955-ല്‍ കുടുംബത്തോടൊപ്പം സൗത്ത് കാനറയിലേക്ക് കുടിയേറി. 1962-ലായിരുന്നു മാര്‍ത്തോമാ സഭയില്‍നിന്നും കത്തോലിക്കാ സഭയിലേക്കുള്ള ഒറ്റത്തെങ്ങില്‍ കുടുംബാംഗങ്ങളുടെ പുനരൈക്യം. വര്‍ഗീസ് തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കി, തൃശിനാപ്പള്ളി സെന്റ് പോള്‍സ് മേജര്‍ സെമിനാരിയില്‍ തുടര്‍പഠനത്തിനായി ചേര്‍ന്നു.
തൃശിനാപ്പള്ളി സെമിനാരിയില്‍ കോശി വര്‍ഗീസ് ശെമ്മാശനും (ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്) സഹപാഠിയായിരുന്നു. ജോണ്‍ കല്ലൂര്‍ ശെമ്മാശന് (ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം) അക്കാലയളവില്‍ തൃശിനാപ്പള്ളി മേജര്‍ സെമിനാരിയിലെ സീനിയര്‍ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. 1978 ഏപ്രില്‍ പത്തിന് സൗത്ത് കാനറ ഇച്ചിലംപടി മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്നിന്നും വൈദികപട്ടം സ്വീകരിച്ചു. 1979-ല്‍ തിരുവല്ല രൂപത വിഭജിച്ച് ബത്തേരി കേന്ദ്രമാക്കി രൂപത ഉടലെടുത്തപ്പോള്‍ നിലമ്പൂരിലെ അഞ്ച് ഇടവകകളുടെ സഹവികാരിയായി നിയമിതനായി. 1980-ല്‍ റോമിലെ ആഞ്ചലിക്കാ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു.
ശ്രീരാമകൃഷ്ണ പരമഹംസന്റെ ഭാരതീയ ആധ്യാത്മികതയില്‍ ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ ഫാ. വര്‍ഗീസ് ഒറ്റത്തെങ്ങിലിനെ ബത്തേരി മൈനര്‍ സെമിനാരി റെക്ടറും തുടര്‍ന്ന് കത്തീഡ്രല്‍ വികാരിയുമായി ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിയമിച്ചു. 13 വര്‍ഷം ബത്തേരി രൂപതയെ നയിച്ചു. ഇക്കാലയളവില്‍ ചെറുപുഷ്പ മിഷന്‍ലീഗിന്റെയും രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. 2007-ല്‍ മലങ്കര കത്തോലിക്കാ സഭയുടെ അഡ്മിനിസ്ട്രേറ്ററായി. 2010 ജനുവരി 25-ന് ബത്തേരി രൂപത വിഭജിച്ച് പുത്തൂര്‍ രൂപത നിലവില്‍ വന്നപ്പോള്‍ മാര്‍ ദിവന്നാസ്യോസ് പുത്തൂര്‍ രൂപതയുടെ പ്രഥമ ഇടയനായി നിയമിക്കപ്പെട്ടു.
2017 ജനുവരി 24-ന് അനാരോഗ്യംമൂലം പുത്തൂര്‍ രൂപതയുടെ ഭരണസാരഥ്യം ഒഴിഞ്ഞു. തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടറായിരിക്കെ ആയിരുന്നു ബത്തേരി രൂപതയുടെ മെത്രാനായി നിയമിതനാകുന്നത്. തിരുവല്ല കുറ്റൂര്‍ പള്ളിമലയിലെ ബിഷപ് സഖറിയാസ് മാര്‍ അത്തനാസിയോസ് സ്മാരക വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു. ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസിന്റെ ഭൗതിക ശരീരം തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *