Follow Us On

28

March

2024

Thursday

അക്രമത്തിന് വഴിമാറുന്ന കലാലയ രാഷ്ട്രീയം

അക്രമത്തിന് വഴിമാറുന്ന കലാലയ രാഷ്ട്രീയം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ്‌തോമസ്കോളേജിലെ അസി. പ്രഫസറാണ്).

അക്രമത്തിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം കേരളക്കരയെ വിട്ടു പിരിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ്, ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ധീരജിന്റെ കൊലപാതകം. എറണാകുളം മഹാരാജാസിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ അറുംകൊലയോടെ നിയന്ത്രണ വിധേയമായെന്ന് അവകാശപ്പെട്ടിരുന്ന അക്രമ രാഷ്ട്രീയത്തിന്റെ അനുരണനങ്ങളുടെ തുടര്‍ച്ചക്ക് സാക്ഷര കേരളം ഇപ്പോള്‍ മൂക സാക്ഷ്യം വഹിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ തമ്മിലും വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുവേണ്ടി പാര്‍ട്ടികളുടെ പോഷക സംഘടനകളും, വാടക ഗുണ്ടകളും വരെ നടത്തുന്ന അക്രമങ്ങള്‍ പതിവ് കാഴ്ചകളായി മാറുന്നു.

ജനാധിപത്യത്തിന്റെയും സാമൂഹ്യ നന്മകളുടെയും അടിസ്ഥാന പരിശീലന കളരിയാകേണ്ട കാമ്പസുകള്‍ അക്രമരാഷ്ട്രീയത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പുകളായി മാറുന്നത് ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും നീതിക രിക്കാനാകില്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത്തരം അക്രമവാസനകളെ തള്ളിക്കളഞ്ഞില്ലെങ്കില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുപോലും ജനമനസുകളില്‍ ഇടമില്ലാതെ പോകും.

സമൂഹത്തിന്റെ ആശങ്കകള്‍
കാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി ഇനി ഒരാളുടെയും ജീവന്‍ പൊലിയുന്നത് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശവും ഇത്തരുണത്തില്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. അഭിമന്യുവിന്റെ ചേതനയറ്റ ശരീരം, മറയൂരിലെ വീട്ടിലെത്തിയപ്പോള്‍ അഭിമന്യുവിന്റെ അമ്മ മാറത്തലച്ചു പറഞ്ഞ, ‘നാന്‍ പെറ്റ മകനേ’ എന്ന വാക്കുകള്‍ ഇന്നും കേരളക്കരയെ നൊമ്പരപ്പെടുത്തുന്നുണ്ട്.

സാക്ഷരകേരളം, ഇതിനെയൊക്കെ സഗൗരവം വീക്ഷിക്കുന്നുണ്ട്. പൊതുസമൂഹം എന്നും അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിട്ടേയുള്ളൂ. പക്ഷേ രാഷ്ട്രീയ കക്ഷികള്‍ അത് കേള്‍ക്കാന്‍ മെനക്കെടുന്നില്ലെന്നു മാത്രം. അറിവുകള്‍ക്കപ്പുറം അതിന്റെ പ്രായോഗികതയും കലയും സാഹിത്യവും തുല്യപരിഗണനയോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഇടങ്ങളാണ് കലാലയങ്ങളെന്ന് സമൂഹത്തിന് ഉത്തമ ബോധ്യവുമുണ്ട്.

അവിടെ അക്രമ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ മുളക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം സമൂഹവും ആശങ്കയിലാണ്. വിദ്യ അഭ്യസിച്ച് കുടുംബത്തിന്റെ അത്താണിയാവേണ്ട, സമൂഹത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട പുതുതലമുറ, കലാലയ രാഷ്ട്രീയത്തിന്റെ അക്രമ സാഹചര്യങ്ങളില്‍പ്പെട്ടുഴഞ്ഞതിന് പൂര്‍വ്വകാല ചരിത്രം സാക്ഷിയാണ്. ഏറ്റവുമൊടുവില്‍ ധീരജിലിമെത്തി നില്‍ക്കുന്ന ആ രക്തസാക്ഷി നിര, ഇനിയും തുടരണോ…? എന്നു കൂടി ചിന്തിക്കണം

സ്‌കൂള്‍ കാലഘട്ടത്തിന്റെ പ്രാഥമിക തലത്തിനപ്പുറത്ത്, വാര്‍ധക്യം വരെ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന സുദൃ ഢബന്ധത്തിന്റെ ഇടനാഴികള്‍ കൂടിയാണ് കലാലയങ്ങള്‍. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ക്രിയാത്മകതയുടെയും വലയങ്ങള്‍ക്കിടയിലാണ്, കലാപാഹ്വാനങ്ങളുമായി അക്രമ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റമുണ്ടാകുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷമൊഴികെയുള്ള വലിയ പക്ഷം, കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കാനുള്ള ഇടപെടലുകളെ ആശങ്കയോടെ കാണുന്നത്.

യൗവനത്തിലെ വിപ്ലവ ചിന്തകള്‍
എന്തുകൊണ്ടാണ് കോടതി കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കാനവസരം നല്‍കിയതെന്ന് പ്രബുദ്ധ കേരളം ആലോചിക്കണം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു പരിധി വരെ ആശയപരമായി മാത്രം ഉടലെടുത്തിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, സര്‍വ്വസീമകളും ലംഘിച്ച് തമ്മിലുള്ള നിതാന്തവൈരമായി വളര്‍ന്നതും, പരസ്പരം പോര്‍വിളിച്ച് യുദ്ധസമാനമായ അന്തരീക്ഷം കലാലയളില്‍ ഉണ്ടായതും തന്നെയാണതിന്റെ കാരണം. അതിന്റെ അനുരണനമെന്നോണം കലാലയങ്ങള്‍ കലാപഭൂമികളായി രൂപാന്തരപ്പെടുകയായിരുന്നു. ഓര്‍ക്കുക, യൗവനത്തിന്റെ ആത്യന്തിക ഭാവം വിപ്ലവം തന്നെയാണ്. ആ വിപ്ലവ ചിന്തയില്‍ നിന്നാണ്, തങ്ങള്‍ ചെയ്യുന്നതു മാത്രമാണ് ശരിയെന്ന ചിന്ത ഉണ്ടാകുന്നത്.

അവിടെ അവരെ നയിക്കുന്ന ചിന്തകള്‍ക്ക് ഗുരുക്കന്‍മാരുടേയോ മാതാപിതാക്കളുടേയോ നിര്‍ദ്ദേശങ്ങള്‍ക്കോ ഉപദേശങ്ങള്‍ക്കോ പ്രസക്തിയില്ലതാനും. ഈ അവസ്ഥയെയാണ്, രാഷ്ട്രീയ കക്ഷികള്‍ ചൂഷണം ചെയ്യുന്നതും. അതില്‍നിന്നാണ് ലക്ഷ്യങ്ങള്‍ക്കായി എന്തും ചെയ്യാമെന്ന ബോധം ഉരുത്തിരിയുന്നതും. സ്വത്വബോധമുള്ള രാഷ്ട്രീയ ചിന്തകള്‍ക്കു പകരം സ്വാഭാവികമായും ആരാലോ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയച്ചട്ടുകമായി അവര്‍ മാറുകയും ചെയ്യുന്നു. ഒന്നിനെയും ചോദ്യം ചെയ്യാനാകാതെ, ബാഹ്യശക്തികളാല്‍ നിയന്ത്രിക്കപ്പെപെടുന്ന പാവകളെയല്ല ജനാധിപത്യത്തിന്റെ ഈ നാടിനാവശ്യം. മറിച്ച് ധൈഷണികമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന സാമൂഹ്യ നന്മ കാംക്ഷിക്കുന്ന യുവതയെയാണ്.

രാഷ്ട്രബോധവും രാഷ്ട്രീയവും
യുവത്വം തുളുമ്പുന്ന ഒരു വിദ്യാര്‍ത്ഥിക്ക് രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും വേണമെന്ന കാര്യത്തില്‍ മറുവാദമില്ല. എന്നാല്‍ പഠനം മറന്ന്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മറപിടിച്ച്, സഹോദരതുല്യനായ തന്റെ സഹപാഠിയെപ്പോലും ദയാദാക്ഷണ്യമില്ലാതെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാനാകില്ല. വായനയിലൂടെയും മനനത്തിലൂടെയും താത്വികവും ബൗദ്ധികവുമായ അറിവും അതിന്റെ വ്യാപ്തിയും നേടേണ്ട പ്രസരിപ്പിന്റെ കാലത്ത് തെരുവിലും അക്ഷരമുറ്റത്തും അക്രമം വിളയാടുമ്പോള്‍, നഷ്ടപ്പെടുന്നത് പൊതുമുതലുകള്‍ മാത്രമല്ല; അവരുടെ സ്വത്വബോധവും നാളെയുടെ പ്രതീക്ഷകളുമാണ്.

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാടുമായി കേരളത്തിലെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കലാലയ രാഷ്ട്രീയം അധ്യയന അന്തരീക്ഷത്തെ തകര്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി അതിനാല്‍ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സമാധാനപരമായ അധ്യയനന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അനിവാര്യമായ മാറ്റം
വര്‍ഗീയതയും വംശീയതയും മദിക്കാത്ത കര്‍മ്മപഥത്തിന്റെ പരിശീലനകളരിയാണ് നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും. അവിടെ മൊട്ടിടേണ്ടത്, തലമുറകളുടെ സൗഹൃദമാണ്. അവിടെ കൈവരിക്കേണ്ടത്, ബൗദ്ധികാടിത്തറയാണ്. അവിടെ രൂപപ്പെടേണ്ടത്, അവനവന്റെ സ്വത്വബോധവും സാമൂഹ്യ ബോധവുമാണ്. അവിടെ പ്രഖ്യാപിക്കപ്പെടേണ്ടത് അവരുടെ രാഷ്ട്രബോധമാണ്. ആ രാഷ്ട്രബോധത്തില്‍ നിന്നാണ് രാഷ്ട്രീയവും പൊതുബോധവും ഉടലെടുക്കേണ്ടത്. നാളെയുടെ സ്വപ്‌നങ്ങള്‍ ശിരസില്‍ ഏറ്റിയവരാണ് വിദ്യാര്‍ത്ഥികള്‍.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?