Follow Us On

20

May

2022

Friday

നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന മാധ്യമ ഇടപെടലുകള്‍ പ്രതിഷേധാര്‍ഹം

നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന മാധ്യമ   ഇടപെടലുകള്‍ പ്രതിഷേധാര്‍ഹം

എറണാകുളം: നീതിന്യായവ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമ  സാംസ്‌കാരിക ഇടപെടലുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.  ഈ അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തില്‍, പരാതി നല്‍കിയവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ എന്ന വ്യാജേന കത്തോലിക്കാ സഭയെക്കുറിച്ചും സന്യാസ ജീവിതത്തെകുറിച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയില്‍ സംഘടിതമായ പ്രചാരണങ്ങളും കാമ്പയ്‌നിങ്ങുകളും നടക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യക്കാരുടെ ആസൂത്രിതമായ ശ്രമങ്ങള്‍ ഉണ്ടെന്നത് വ്യക്തമാണ്. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് അടുത്തകാലങ്ങളിലായി ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ ഇടപെടലുകള്‍ സംശയിക്കാവുന്നതാണ്.

മുഖ്യധാരാ മാധ്യമങ്ങളെയും  ചില സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരെയും സ്വാധീനിച്ചും, സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗിച്ചും കത്തോലിക്കാ സഭാവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ രാജ്യത്തെ നീതിന്യായ കോടതികളെ പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമസാംസ്‌കാരിക ഇടപെടലുകള്‍ തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്.

രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെ വഴിയില്‍നിന്ന് വ്യതിചലിച്ച് ആള്‍കൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിധിതീര്‍പ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലി അരാജകത്വത്തിന്റെ ലക്ഷണങ്ങളാണെന്ന് ഐക്യജാഗ്രതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായ സന്യാസ ജീവിതത്തെയും  ജനാധിപത്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയും തെറ്റിദ്ധാരണകള്‍ പടര്‍ത്തുകയും ചെയ്യുന്ന ഗൂഢശക്തികളെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഐക്യജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?