Follow Us On

20

May

2022

Friday

തിരുവചനാഭിമുഖ്യം വളർത്താൻ തിരുസഭയിൽ ബൈബിൾ ഞായർ; ഇത്തവണത്തെ ആഘോഷ പരിപാടികൾ ജനു.23ന്

തിരുവചനാഭിമുഖ്യം വളർത്താൻ തിരുസഭയിൽ ബൈബിൾ ഞായർ; ഇത്തവണത്തെ ആഘോഷ പരിപാടികൾ ജനു.23ന്

വത്തിക്കാൻ സിറ്റി: തിരുവചനാഭിമുഖ്യം പരിപോഷിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ബൈബിൾ ഞായർ ആചരണം ഇത്തവണ ജനുവരി 23ന്. ലത്തീൻ ആരാധനക്രമ വത്‌സരത്തിലെ സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് 2019ലാണ് പാപ്പ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള മൂന്നാമത്തെ ‘ബൈബിൾ ഞായർ’ ആചരണമാണിത്. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും വത്തിക്കാനിലും പ്രാദേശിക സഭാതലങ്ങളിലും വിശേഷാൽ തിരുക്കർമങ്ങളും ആഘോഷങ്ങളും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനം ആഘോഷിച്ച 2019 സെപ്തംബർ 30ന് ‘അപെർത്തൂയിത്ത് ഈല്ലിസ്’ എന്ന തിരുവെഴുത്തിലൂടെയാണ് പാപ്പ ബൈബിൾ ഞായർ പ്രഖ്യാപിച്ചത്. എപ്പിഫെനി തിരുനാളിന് (ജനുവരി ആറ്) ശേഷമുള്ള ആദ്യ ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ പിറ്റേന്നാണ് ലത്തീൻ സഭയിൽ സാധാരണ ആരാധനക്രമകാലം തുടങ്ങുന്നത്. അതുപ്രകാരം ഈ വർഷത്തെ സാധാരണ കാലത്തിലെ മൂന്നാം ഞായർ ജനുവരി 23നാണ്.

വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ പാപ്പ മുഖ്യകാർമികത്വം വഹിക്കും. തിരുവചന ധ്യാനവും പഠനവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലും അഞ്ചും അധ്യായങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിചിന്തനങ്ങൾ ഉൾപ്പെടുത്തിയ ഒരു പുസ്തകം അന്നേദിനം ദിവ്യബലിയിൽ പങ്കെടുക്കുന്നവർക്ക് പാപ്പ സമ്മാനിക്കും. ദിവ്യബലിമധ്യേ, തിരഞ്ഞെടുക്കപ്പെട്ട അൽമായരായ സ്ത്രീപുരുഷന്മാർക്ക് വിശുദ്ധഗ്രന്ഥ വായനകൾക്കുമുള്ള (ലെക്തോർ) പദവി നൽകും.

2021 ജനുവരിയിൽ പാപ്പ പുറത്തിറക്കിയ ‘സ്പിരിത്തൂസ് ദോമിനി’ എന്ന തിരുവെഴുത്തിന്റെയും വിശ്വാസതിരു സംഘം അധ്യക്ഷന് പാപ്പ എഴുതിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അതോടൊപ്പം, മതാധ്യാപന ശുശ്രൂഷയെ സഭയിൽ അൽമായരുടെ ഔദ്യോഗിക ശുശ്രൂഷാദൗത്യമായി ഉയർത്തുന്നതിന്റെ ഭാഗമായി കുറച്ചുപേരെ ‘കാറ്റകിസ്റ്റ്’ പദവിയിലേക്ക് ഉയർത്തും.’ആന്റിക്കും മിനിസ്തേരിയും’ എന്ന തിരുവെഴുത്തിലൂടെയാണ് അൽമായർക്ക് വിശ്വാസം പകർന്നു നൽകുന്ന’കാറ്റകിസ്റ്റ്’ (മതബോധനം) ശുശ്രൂഷയെ ഔദ്യോഗിക ദൗത്യമായി അംഗീകരിച്ചത്.

ദൈവാരാധനയ്ക്കും കൂദാശയുടെ പരികർമത്തിനുമായുള്ള കോൺഗ്രിഗേഷൻ പ്രത്യേകം തയാറാക്കിയ ക്രമമനുസരിച്ചാകും ഈ രണ്ട് ശുശ്രൂഷാ ദൗത്യങ്ങളും നൽകുക. തെക്കൻ കൊറിയ, പാകിസ്ഥാൻ, ഘാന, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള കുറച്ചുപേർക്കാണ് ‘ലെക്തോർ’ പദവി നൽകുക. മതാധ്യാപനത്തിനായുള്ള ‘കാറ്റകിസ്റ്റ്’പദവി നൽകുന്നത് പെറു, ബ്രസീൽ, പോളണ്ട്, സ്‌പെയിൻ, ഘാന, റോം എന്നിവിടങ്ങളിനിന്നുള്ള എട്ടു പേർക്കാണ്. ഇനി മുതൽ പ്രാദേശിക രൂപതകളിലും അൽമായർക്ക് ലെക്തോർ, കാറ്റകിസ്റ്റ് പദവികളും നൽകപ്പെടും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?