Follow Us On

20

May

2022

Friday

ബുദ്ധിമാന്മാരായ ശരാശരിക്കാര്‍

ബുദ്ധിമാന്മാരായ  ശരാശരിക്കാര്‍

അഡ്വ. ചാര്‍ളി പോള്‍

”ശരാശരിക്കാരനായിരിക്കുന്നത് മോശമല്ല…” രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ് തന്റെ പൂര്‍വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെഴുതിയ കത്തിലെ വാക്കുകളാണിവ. പിന്നിലുള്ളവര്‍ക്ക് പ്രചോദനമേകാനായിരുന്നു ആ കത്ത് എഴുതിയത്. സ്‌കൂളില്‍ പഠനത്തിലും സ്‌പോര്‍ട്‌സിലും ശരാശരിക്കാരനായിരുന്നു അദ്ദേഹം.

സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരുടെ ജീവനെടുത്ത കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബാക്കിയായത് വരുണ്‍ സിങായിരുന്നു. പിന്നീട് അദ്ദേഹവും മരിച്ചു. 2021 ഓഗസ്റ്റ് 15ന് ശൗര്യചക്ര സ്വീകരിച്ച സിങ് സെപ്റ്റംബര്‍ 18 നാണ് ഹരിയാനയില്‍ താന്‍ പഠിച്ച ചണ്ഡിമന്ദിര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ കത്തയച്ചത്. ”അഭിമാനത്തോടും എളിമയോടുംകൂടിയാണ് ഞാന്‍ എഴുതുന്നത്. ഓഗസ്റ്റ് 15ന് രാഷ്ട്രപതി എനിക്ക് ശൗര്യചക്ര സമ്മാനിച്ചു.” എന്ന്പറഞ്ഞ് തുടങ്ങുന്ന കത്തില്‍, 12-ാം ക്ലാസില്‍ കഷ്ടിച്ച് ഫസ്റ്റ്ക്ലാസ്സ് വാങ്ങിച്ച ശരാശരിക്കാരനായിരുന്നു താനെന്നും അദ്ദേഹം കുറിച്ചിരുന്നു. ശരാശരിക്കാരനായിരിക്കുന്നത് മോശമല്ല. എല്ലാവര്‍ക്കും 90 ശതമാനത്തിലേറെ മാര്‍ക്ക് നേടാനും കഴിയില്ല. അതിന് കഴിയുന്നെങ്കില്‍ വലിയ നേട്ടമാണ്. സ്‌കൂളില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനായിരിക്കാം. പക്ഷെ അത് ഭാവിജീവിതത്തിന്റെ അളവുകോലല്ല. നിങ്ങളുടെ താല്പര്യം കണ്ടുപിടിച്ച് അതില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നായിരുന്നു ആ കത്തില്‍ എഴുതിയത്.

‘മന്‍ കി ബാത്തില്‍’ പ്രധാനമന്ത്രി വരുണ്‍സിങിന്റെ കത്തിലെ വരികള്‍ ഉദ്ധരിച്ചു. ജീവിതത്തില്‍ എന്ത് നേടാനാകുമെന്ന് തീരുമാനിക്കുന്നത് പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കല്ലെന്നും ഉയര്‍ന്ന മാര്‍ക്കിനെ ജീവിതത്തിന്റെ അളവുകോലായി കാണേണ്ടതില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ശരാശരിക്കാര്‍ക്ക് പ്രചോദനമേകുന്ന അനുഭവസാക്ഷ്യമാണിത്.

കുട്ടികളുടെ കഴിവിനെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. മറ്റുപല കഴിവുകളുണ്ടായാലും മാര്‍ക്ക് കുറഞ്ഞവനെ മണ്ടനെന്ന് വിളിച്ച് പരിഹസിക്കും. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളില്‍ ഏല്പിക്കുന്ന സമ്മര്‍ദവും വലുതാണ്. പരീക്ഷയിലെ വിജയപരാജയങ്ങള്‍ക്ക് അന്തിമ ജീവിത വിജയവുമായി വലിയ ബന്ധമില്ല. മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കളെന്നും ശരാശരിക്കാരനും ജീവിതത്തില്‍ വിജയിക്കാനാവുമെന്നും ബോധ്യപ്പെടാന്‍ ഇത്തരം അനുഭവങ്ങള്‍ ഏറെ സഹായകരമാണ്.

ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോമന്‍സില്‍ മികവ് കാട്ടാത്തവരായിരുന്നു. ശരാശരിക്കാര്‍ക്കും തോറ്റുപോകുന്നവര്‍ക്കും നിരവധിയായ കഴിവുകളുണ്ട്. അവരുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ അവര്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആഗ്രഹത്തെക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗികമായ താല്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി (Aptitude) എന്ന് വിളിക്കാം.

അഭിരുചിയില്ലാത്ത മേഖല തിരഞ്ഞെടുത്താല്‍ ഇടക്ക് പഠനം ഉപേക്ഷിക്കേണ്ടിവരും. ക്യാപ്റ്റന്‍ വരുണ്‍സിങ് വ്യക്തമാക്കുന്നപോലെ അദ്ദേഹത്തിന് വിമാനങ്ങളിലും വ്യോമയാനത്തിലും അഭിനിവേശമുണ്ടായിരുന്നു. ആ മേഖല തിരഞ്ഞെടുത്തതിനാലാണ് ഉന്നതജീവിത വിജയം നേടാനായത്.
അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നതുകൊണ്ടാണ് ജര്‍മനി, ഫിന്‍ലന്റ് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്. പഠിക്കുന്നതും ജോലിചെയ്യുന്നതും അഭിരുചിക്ക് അനുസൃതമാകുമ്പോഴാണ് വിജയം കടന്നുവരുക. മാതാപിതാക്കളുടെ ആഗ്രഹത്തേക്കാള്‍ കുട്ടികളുടെ അഭിരുചി ശാസ്ത്രീയമായി നിര്‍ണയിച്ചുവേണം പ്ലസ് ടൂവിനുശേഷം പഠനം തുടരേണ്ടത്. സാമാന്യബുദ്ധിയില്‍ നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും രംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അത് കണ്ടെത്തി കൃത്യമായ ദിശയില്‍ നീങ്ങിയാല്‍ ലക്ഷ്യത്തിലെത്താനാകും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?