Follow Us On

20

May

2022

Friday

അത്ഭുതങ്ങളും ആത്മീയ രഹസ്യങ്ങളും

അത്ഭുതങ്ങളും  ആത്മീയ രഹസ്യങ്ങളും

ഫാ. തോമസ് കക്കുഴിയില്‍ ഒഎഫ്എം ക്യാപ്

ഏതൊരു കാലഘട്ടത്തിലും ദൈവത്തില്‍ വിശ്വാസം ഉണ്ടാകാന്‍ കാരണം, ദൈവത്തിന്റെ അത്ഭുത പ്രവൃത്തികള്‍ ആണ്. മനുഷ്യന്റെ ബുദ്ധിക്കും ശക്തിക്കും അധീതമായ ഏതൊരു പ്രവൃത്തിയെയും അത്ഭുതം എന്ന് വിളിക്കുന്നു. എന്നാല്‍ ദൈവം, ജനങ്ങളെ വിശ്വസിപ്പിക്കുവാനായി എപ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഫരിസേയര്‍ യേശുവിന്റെ പിന്നാലെ നടന്നു അത്ഭുതങ്ങളും അടയാളങ്ങളും ആവശ്യപ്പെട്ടപ്പോള്‍ യേശു അവര്‍ക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല (മത്തായി 16/1 4). അതുപോലെ, പീലാത്തോസ് യേശുവിനെ ഹേറോദേസിന്റെ പക്കലേക്കു അയച്ചപ്പോള്‍, ഹേറോദേസും യേശുവിന്റെ പക്കല്‍ നിന്നും അത്ഭുതം പ്രതീക്ഷിച്ചിരുന്നു.

ഒരുപക്ഷേ, യേശു അവിടെ അത്ഭുതം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഹേറോദേസ് യേശുവിനെ വെറുതെ വിടുമായിരുന്നു. എങ്കിലും യേശു അവിടെ അത്ഭുതം പ്രവര്‍ത്തിച്ചില്ല (ലൂക്ക 23/8). പിന്നീട് നമ്മള്‍ കാണുന്നു, യേശു കുരിശില്‍ കിടക്കുമ്പോള്‍, പ്രധാന പുരോഹിതന്മാരും പ്രമാണിമാരും യേശുവിനോട്, അത്ഭുതം കാണിച്ച് കുരിശില്‍നിന്നും താഴെയിറങ്ങാന്‍ പറയുന്നത് (മത്തായി 27/42). ആ നിമിഷം യേശു അത്ഭുതം കാണിച്ചിരുന്നെങ്കില്‍ അവര്‍ എല്ലാവരും യേശുവില്‍ വിശ്വസിക്കുമായിരുന്നു. അവിടെ യേശു പ്രവര്‍ത്തിച്ച അത്ഭുതം, കുരിശില്‍ കിടന്നുകൊണ്ട്, തന്റെ ശത്രുക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ആയിരുന്നു.
ഇപ്പോഴത്തെ തലമുറയും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പുറകെ പോകുന്നു. ഇന്ന്, യേശുവിലൂടെ രോഗസൗഖ്യം ലഭിച്ചവരെങ്കിലും വിശുദ്ധരായി ജീവിച്ചിരുന്നെങ്കില്‍ ഈ സമൂഹത്തില്‍ എത്രയോ വിശുദ്ധര്‍ ഉണ്ടാകുമായിരുന്നു? അത്ഭുതങ്ങള്‍ കണ്ടിട്ടല്ല ആത്മീയത വര്‍ധിക്കേണ്ടത്, മറിച്ച്, ആത്മീയ അനുഭവത്തിലൂടെ ആണ്.

ആത്മീയ രഹസ്യത്തിന്റെ സവിശേഷതകള്‍
ദൈവം, മനുഷ്യനിലും പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളിലും പ്രവര്‍ത്തിക്കുന്ന ആത്മീയ നിയമങ്ങള്‍ ആണ് ആത്മീയ രഹസ്യങ്ങള്‍ എന്നറിയപ്പെടുന്നത്. ഇന്ന് ഈ ലോകത്തിന്റെ എല്ലാ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ പ്രവൃത്തികള്‍ക്കും അതിന്റേതായ നിയമങ്ങള്‍ ഉണ്ട്.
അതായത്, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ അനേക ശാസ്ത്രങ്ങള്‍ ഉണ്ട്. ഇവയെല്ലാം അതിന്റേതായ നിയമങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതേരീതിയില്‍ തന്നെ, ദൈവത്തിന്റെ പ്രവൃത്തികളും പദ്ധതികളും തിരിച്ചറിയുകയും വിശകലനം നടത്തുകയും ചെയ്യുന്ന ശാസ്ത്രമാണ് ദൈവശാസ്ത്രം. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളാണ് (ദൈവത്തിന്റെ പദ്ധതികള്‍) ആത്മീയ രഹസ്യങ്ങള്‍. ഇവ ലോകത്തില്‍ പ്രകടമാകുന്നത് ആത്മീയ നിയമങ്ങള്‍ വഴിയാണ്.

ആത്മീയ നിയമങ്ങളുടെപ്രത്യേകതകള്‍
1. സൃഷ്ടിയുടെ ആരംഭം മുതല്‍ക്കേ എല്ലാ പ്രപഞ്ച വസ്തുക്കളിലും മനുഷ്യരിലും സംഭവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നത് സ്രഷ്ടാവിന്റെ ഇഷ്ടട പ്രകാരം, അതാതു മേഖലയുടെ നിയമത്തിനു വിധേയമായാണ്. നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് മനുഷ്യന്‍ ഇവയെ ഓരോന്നിനെയും വേര്‍തിരിക്കുകയും പല വിഭാഗങ്ങളായി തിരിക്കുകയും ചെയ്തത്.
2. ആത്മീയ നിയമങ്ങളും മറ്റെല്ലാ ശാസ്ത്രീയ നിയമങ്ങളും പരസ്പര പൂരകങ്ങള്‍ ആണ്. അതായത്, ഇവ തമ്മില്‍ പരസ്പര വിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ല, മറിച്ച്, ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉദാഹരണത്തിന് മാനിസിക രോഗം ശരീരത്തെ ബാധിക്കുന്നു. എന്നാല്‍, ആത്മീയ കൃപയാല്‍ ശാരീരികവും മാനിസികവും ആയി സുഖം പ്രാപിക്കുന്നു (ഇവിടെ, മനഃശാസ്ത്രം, ആരോഗ്യശാസ്ത്രം, ആത്മീയ നിയമങ്ങളും അടങ്ങിയിരിക്കുന്നു).
3. ആത്മീയ നിയമങ്ങള്‍ പ്രധാനമായും സൃഷ്ടികളുടെയും സൃഷ്ട്ട വസ്തുക്കളുടെയും ലക്ഷ്യത്തെ ആസ്പദമാക്കിയുള്ളതാണ് പ്രതിപാദിക്കുന്നത്, എന്നാല്‍ മറ്റു ശാസ്ത്രീയ നിയമങ്ങള്‍ സൃഷ്ടവസ്തുക്കളുടെ പ്രവര്‍ത്തനത്തെ സംബ ന്ധിച്ചുള്ള കാര്യങ്ങള്‍ ആണ് പ്രതിപാദിക്കുന്നത്. ഇവയെല്ലാം കൂടിച്ചേര്‍ന്നുള്ളതാണ്, പ്രകൃതി നിയമം. അതുകൊണ്ടാണ് പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളിലും ദൈവത്തിന്റെ കരങ്ങ ളുണ്ട് എന്ന് പറയപ്പെടുന്നത്. ഇക്കാരണത്താല്‍, പ്രകൃതിനിയമത്തിനു വിരുദ്ധമായി ആത്മീയ നിയമങ്ങള്‍ പ്രവര്‍ത്തിക്കാറില്ല. മാത്രമല്ല, ആത്മീയ നിയമങ്ങളാണ് മറ്റെല്ലാ ശാസ്ത്രീയ നിയമങ്ങളെയും നിയന്ത്രിക്കുന്നത്.
4. ചില അവസരങ്ങളില്‍, മറ്റു ശാസ്ത്രീയ ഇടപെടലുകള്‍ കൂടാതെ ആത്മീയ ശക്തിയുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. ഇത് മൂലം ഉണ്ടാകുന്ന സംഭവങ്ങള്‍ ശാസ്ത്രീയ നിയമങ്ങള്‍ക്ക് അതീതമായതിനാല്‍ ഇത്തരത്തിലുള്ള സംഭവങ്ങളെ ആണ് അത്ഭുതം എന്ന് വിളിക്കുന്നത്. ഇത് ശാസ്ത്രീയ നിയമങ്ങള്‍ക്കു വിരുദ്ധമായിട്ടല്ല സംഭവിക്കുന്നത്, മറിച്ച്, ശാസ്ത്രീയ നിയമങ്ങള്‍ ആത്മീയ നിയമങ്ങളുടെ പ്രവര്‍ത്തനത്തെ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടാണ്.

കര്‍മഫലവും ആത്മീയ നിയമങ്ങളും 
ആത്മീയ നിയമങ്ങള്‍ക്കനുസരിച്ചാണ് നന്മതിന്‍മകളുടെ ഫലങ്ങള്‍ നിര്‍ണയിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കര്‍മഫലം നിര്‍ണയിക്കുന്നത്. ഏതൊരു ചെറിയ പ്രവൃത്തിക്കു പോലും അതിന്റേതായ പരിണിതഫലം ഉണ്ടാകുന്നു. അതിനാല്‍, ഏതൊരു ചെറിയ നന്മ പ്രവൃത്തിക്കും തിന്‍മ പ്രവൃത്തിക്കും അതിന്റേതായ ഫലം ലഭിക്കുന്നു.

ഒരു വ്യക്തിയുടെ നന്മ പ്രവൃത്തികളിലൂടെയും നല്ല ചിന്തകളിലൂടെയും ആത്മീയ ലോകത്തുണ്ടാക്കുന്ന ഉണര്‍വിലൂടെ ആണ് ആത്മീയ കൃപ ലഭിക്കുന്നത്. കാരണം, ഇതുവഴി ഒരു വ്യക്തിയുടെ മനസും ആത്മാവും ആത്മീയ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുകയും തനിക്കും മറ്റുള്ളവര്‍ക്കും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ദൈവത്തിന്റെ പദ്ധതിയില്‍ പങ്കുചേരുകയും ചെയ്യുന്നു.

ആത്മീയ നിയമത്തിന്റെ പ്രത്യേകത
ഒരു വ്യക്തി ചെയ്ത നന്‍മയുടെ ഫലങ്ങള്‍, മറ്റൊരു വ്യക്തിയുടെ തിന്‍മ മൂലം, തടസപ്പെടുന്നില്ല. മറിച്ച്, ഒരു വ്യക്തിയുടെ നന്‍മയുടെയും ത്യാഗത്തിന്റെയും ഫലം മൂലം മറ്റൊരു വ്യക്തി ചെയ്ത തിന്മയുടെ ഫലം തുടച്ചു നീക്കാം. അതുകൊണ്ടാണ് യേശുവിന്റെ ത്യാഗത്തിലൂടെ ലോകത്തിന്റെ പാപത്തിന്റെ ഫലം നീക്കപ്പെട്ടത്. അതിനാല്‍, മറ്റുള്ളവര്‍ നിങ്ങള്‍ക്കെതിരായി തിന്മ പ്രവര്‍ത്തിച്ചാല്‍ അത് നിങ്ങളുടെ നന്മ പ്രവൃത്തിയുടെ ഫലത്തെ തടയുകയില്ല.

ആത്മീയ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് തിന്‍മ. ഇതുമൂലം ദൈവകൃപ ലഭിക്കാതെ വരുന്ന അവസ്ഥയില്‍ നിന്നും ആണ് ശിക്ഷ അഥവാ നാശം ഉണ്ടാകുന്നത്. ഈ അവസ്ഥ വ്യക്തിപരവും സാമൂഹ്യപരവും ആകാം. ദൈവം ശിക്ഷിക്കുന്നതുകൊണ്ടല്ല, മറിച്ച്, ദൈവകൃപ ലഭിക്കാത്തത്് കൊണ്ടാണ്, തകര്‍ച്ചകളും ദുരിതങ്ങളും ഉണ്ടാകുന്നത്.

”ഈ ചെറിയവരില്‍ ഒരുവന് ശിഷ്യന്‍ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ. 10:42). ജീവിതത്തിലും സമൂഹത്തിലും ദൈവത്തിന്റെ ഇടപെടല്‍ ആഗ്രഹിക്കുന്നവര്‍ കഴിയുന്നത്ര നന്മപ്രവൃത്തികള്‍ ചെയ്യണ മെന്ന് ഈ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു.

‘ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക. അത് അവന്റെ തലയില്‍ പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും; കര്‍ത്താവ് നിനക്ക് പ്രതിഫലം നല്‍കുകയും ചെയ്യും” (സുഭാഷിതങ്ങള്‍ 25:21-22). നന്മ പ്രവൃത്തിക്കുന്നതിലൂടെ ശത്രുവിനെപ്പോലും മാനസാന്തരത്തിലേക്ക് നയിക്കാമെന്ന് ഈ തിരുവചനം ഓര്‍മിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?