Follow Us On

20

May

2022

Friday

ലക്ഷ്യം മിഷനറീസ് ഓഫ് ചാരിറ്റി മാത്രമോ?

ലക്ഷ്യം മിഷനറീസ് ഓഫ് ചാരിറ്റി മാത്രമോ?

ബൈബിള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന മറുപടിയായിരിക്കും നമ്മള്‍ പറയുക. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഭരണഘടന നമുക്ക് അവകാശം നല്‍കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ മാസം ഗുജറാത്തിലെ വഡോദരയില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുഭവനിലെ കന്യാസ്ത്രീകള്‍ക്ക് എതിരെ മതപരിവര്‍ത്തനത്തിന് കേസ് എടുത്തതിനു കാരണം പറഞ്ഞിരിക്കുന്നത് അവിടെ ബൈബിള്‍ സൂക്ഷിച്ചെന്നും അന്തേവാസികള്‍ കുരിശു ധരിച്ചിരുന്നു എന്നുമാണ്.

എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും ബൈബിള്‍ നിശ്ചയമായും ഉണ്ടാകും. ഈ കാരണങ്ങള്‍പ്രകാരം കേസ് എടുത്താല്‍ അത് ഒരു കോടതിയിലും നിലനില്ക്കുന്ന കുറ്റമല്ലെന്ന് അറിയാത്തവരല്ല അവിടുത്തെ പോലീസ്. എന്നിട്ടും എന്തുകൊണ്ടായിരിക്കാം അവര്‍ കേസ് എടുത്തത്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് പിന്നിലെന്ന് വ്യക്തമാണ്. അന്വേഷണം മുമ്പോട്ടുപോകുമ്പോള്‍ വേറെ എന്തെങ്കിലുമൊക്കെ കുറ്റങ്ങള്‍ ചുമത്തപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.

ഏതാനും വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്ന തരത്തിലുള്ള നടപടികള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു. ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗമായ കന്യാസ്ത്രീക്ക് ഒരു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ അവസാനം മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ ഗവണ്‍മെന്റ് നിരസിച്ചു. അതു വലിയ വിവാദമായതിനെത്തുടര്‍ന്നാണ് അനുവാദം നല്‍കിയത്.

അതേസമയമാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്ത്യന്‍ ആര്‍മിയുടെ സ്ഥലത്ത് 53 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ശിശുഭവന്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതും. സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയതാണെന്നും 2019 ല്‍ കാലാവധി കഴിഞ്ഞെന്നും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിനും ഒരു കോടി വീതം പിഴ നല്‍കണമെന്നുമായിരുന്നു ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇല്ലാതെ ഇങ്ങനെയൊരു തീരുമാനത്തിന് യാതൊരു സാധ്യതയുമില്ല. നിയമനടപടികള്‍ക്കൊന്നും നില്‍ക്കാതെ മിഷനറീസ് ഓഫ് ചാരിറ്റി കെട്ടിടം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഈ അരനൂറ്റാണ്ടുകാലം അവര്‍ ശുശ്രൂഷിച്ചത് സമൂഹം ഉപേക്ഷിച്ച അശരണരും മാറാരോഗികളും മരണാസന്നരുമായവരെയും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയുമൊക്കെയാണ്. എത്ര ത്യാഗമനോഭാവത്തോടെയായിരുന്നു അവരുടെ സേവനങ്ങള്‍. അതിന്റെ പേരില്‍ എന്തെങ്കിലും നേട്ടങ്ങള്‍ ആ സമൂഹം ഉണ്ടാക്കിയെന്ന് ആരും പറയില്ലല്ലോ.

കാണ്‍പൂരിലെ ശിശുഭവന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തിരികെ നല്‍കാന്‍ നോട്ടീസ് ലഭിച്ചപ്പോള്‍ താക്കോല്‍ തിരികെ നല്‍കി അവര്‍ക്കു വേണമെങ്കില്‍ പോകാമായിരുന്നു. അന്തേവാസികളെ സംരക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ വന്നാല്‍ തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ അവസ്ഥ എന്തായിത്തീരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രണ്ടു കോടി പിഴ ചുമത്തി അത്രയും നന്ദിഹീനമായി പ്രവര്‍ത്തിച്ചിട്ടും അവര്‍ പ്രതികരിച്ചത് ക്രിസ്തീയ രീതിയിലായിരുന്നു. മറ്റു സെന്ററുകളിലേക്ക് അന്തേവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് അവര്‍ ചെയ്തത്. ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു സാമൂഹ്യപ്രവര്‍ത്തനമല്ല. മറിച്ച്, അവര്‍ ശുശ്രൂഷിക്കുന്നത് ക്രിസ്തുവിനെയാണ്.

139 രാജ്യങ്ങളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സന്യാസ സമൂഹമാണ് വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി. വഡോദരയിലെ ശിശുഭവനില്‍ 48 കുട്ടികള്‍ ഉള്ളതില്‍ 22 പേര്‍ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. ലോകത്തില്‍ മറ്റ് എവിടെയാണെങ്കിലും ഇങ്ങനെയുള്ള അസാധാരണമായ സ്‌നേഹപ്രവൃത്തികള്‍ ചെയ്യുന്നവരെ ആദരിക്കുകയാണ് ചെയ്യുന്നത്. സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലെന്നോ അവരുടെ മേല്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്നോ ഒന്നുമല്ല അര്‍ത്ഥം. പരാതി ഉണ്ടായാല്‍ അന്വേഷണം നടത്തേണ്ടത് അവരെ കുറ്റക്കാരാക്കണമെന്ന മുന്‍നിശ്ചയത്തോടെ ആകരുതെന്നുമാത്രം. അവരുടെ വിശ്വാസ്യത ഗൗരവമായി പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്.

മിഷനറീസ് ഓഫ് ചാരിറ്റിക്ക് നേരെ ഉണ്ടാകുന്ന നടപടികള്‍ വിശദമായി പരിശോധിച്ചാല്‍ അവര്‍ക്ക് എതിരെയുള്ള നീക്കങ്ങളെല്ലാം ബോധപൂര്‍വമാണെന്ന് വ്യക്തമാകും. അങ്ങനെയെങ്കില്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ഗവണ്‍മെന്റിന് പുതുക്കി നല്‍കാതിരിക്കാമായിരുന്നില്ലേ എന്ന ചോദ്യം ഉയരാം. ഗവണ്‍മെന്റിന് പുതുക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. അന്തര്‍ദ്ദേശീയ സമൂഹത്തിന്റെ മുമ്പില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടു. ഇന്ത്യയില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റിയെപ്പോലെ അന്തര്‍ദ്ദേശീയ തലത്തില്‍ ആദരിക്കപ്പെടുന്ന സമൂഹത്തിനെതിരെയുള്ള നീക്കങ്ങള്‍ വലിയ തിരിച്ചടിയാകുമെന്ന ബോധ്യത്തില്‍നിന്നാണ് തല്‍ക്കാലത്തേക്ക് എങ്കിലും ഗവണ്‍മെന്റ് പിന്മാറിയത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗോവയില്‍ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ടിട്ടുണ്ടാകാം.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്വീകാര്യത അറിയാത്തതിനാല്‍ സംഭവിക്കുന്ന അബദ്ധമാണോ ഇതൊക്കെ. തീര്‍ച്ചയായും അല്ല. വിശുദ്ധ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ ആര്‍എസ്എസിന്റെ ഉന്നത നേതാക്കന്മാര്‍ മുമ്പും പലതവണ നടത്തിയിട്ടുണ്ട്. അവര്‍ക്ക് അധികാരം ലഭിച്ചപ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം. ഇത് ക്രൈസ്തവര്‍ക്ക് എതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്. ഏറ്റവും സ്വീകാര്യത ഉള്ളവരെ സമൂഹത്തിന്റെ മുമ്പില്‍ കുറ്റക്കാരാക്കിയാല്‍ പിന്നീട് കാര്യങ്ങള്‍ വളരെ എളുപ്പമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഈ നീക്കങ്ങള്‍.

നിയമവും നീതിയും വിവേചന രഹിതമായി രാജ്യത്ത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ക്കുണ്ട്. തീവ്ര വര്‍ഗീയതയുടെ വക്താക്കള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഏതെങ്കിലും വിഭാഗങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തി ആക്രമിക്കുമ്പോള്‍ അതിന് സഹായകരമായ നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?