ജോസഫ് കുമ്പുക്കന്‍
ഉത്തര കര്‍ണാടയിലെ പുരാതന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി കാണണമെന്ന് സ്കൂള്‍ കാലഘട്ടം മുതല്‍ മനസില്‍ ഉദിച്ച ഒരാഗ്രഹമായിരുന്നു.
ക്രിസ്മസ് കാലഘട്ടത്തില്‍ ഒരു ട്രിപ്പ് പോവുന്നത് പതിവുള്ളതായിരുന്നു. ഇത്തവണ അത് ഹംപിയാക്കിയാലോ എന്നാലോചിച്ചപ്പോള്‍ വീട്ടില്‍ പലര്‍ക്കും അസൗകര്യം. എന്നാല്‍ എന്തുകൊണ്ട് തനിയെ ആയിക്കൂടാ എന്ന ചിന്ത ശക്തമായി.
അങ്ങനെയാണ് സോളോട്രിപ്പ് എന്ന സാഹസികത തീരുമാനത്തിലെത്തിയത്. പാലാ രൂപതയിലെ രാമപുരം മാര്‍ ആഗസ്തീനോസ് കോളജിലെ ബയോ ടെക്നോളജി പ്രഫസറായ മനീഷ് മാത്യുവാണ് ഈ ഒരു തീരമാനത്തിലെത്തിയ അഡ്വഞ്ചര്‍ ലേഡി.
മൂവാറ്റുപുഴയില്‍നിന്ന് ഉത്തര കര്‍ണാടകയിലെ ഹംപി വരെ ആരുടെയും തുണയില്ലാതെ ഹീറോ ഡിയോ സ്ക്കൂട്ടറില്‍ ടീച്ചര്‍ ഒറ്റയ്ക്ക് താണ്ടിയത് രണ്ടായിരം കിലോമീറ്ററാണ്. തികച്ചും സ്വകാര്യമായിരുന്നു യാത്ര. ഭര്‍ത്താവും മക്കളും മാതാപിതാക്കളുമല്ലാതെ മറ്റാരും ഈ വാര്‍ത്ത അറിഞ്ഞിരുന്നില്ല. മനീഷ് എഴുതിയ പതിനാലു പേജുള്ള യാത്രാവിവരണത്തില്നിന്നും ഫേസ്ബുക്കിലിട്ട ഫോട്ടോകളില്നിന്നുമാണ് സഹ അധ്യാപകര്‍ വിവരം അറിയുന്നതുതന്നെ.
ഡിസംബര്‍ 26-ന് പുലര്‍ച്ചെ അഞ്ചിനാണ് യാത്ര ആരംഭിച്ചത്. അന്ന് വൈകിട്ട് കൃഷ്ണഗിരിയില്‍ തങ്ങി. പിറ്റേന്ന് പുലര്‍ച്ചെ യാത്ര തുടര്‍ന്നു. വൈകിട്ട് ഹംപിയിലെത്തി. 28-ന് ഹംപിയിലെ വിജയനഗര സാമ്രാജ്യം മുഴുവന്‍ കണ്ടുനടന്നു. അവിടെ അന്തിയുറങ്ങി. പിറ്റേദിവസംതന്നെ മടക്കയാത്ര ആരംഭിച്ചു. 30-ന് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തി.
മാര്‍ ആഗസ്തീനോസ് കോളജിലെ സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ മേധാവികൂടിയാണ് മനീഷ്. സാഹസികത നിറഞ്ഞ യാത്രയിലെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കോളജ് മാനേജര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, സഹ അധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.
മൂവാറ്റുപുഴ രാമമംഗലം കീരംപടവില് കുടുംബാംഗമാണ് പ്രഫ. മനീഷ്. പിറവം, കോട്ടപ്പുറം സെന്റ് മേരീസ് മലങ്കര ദൈവാലയ ഇടവകാംഗമാണ്. സണ്‍ഡേ സ്കൂളില്‍ അധ്യാപികയുമായിരുന്നു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് ഭര്‍ത്താവ്. മക്കളായ പതിനൊന്നില്‍ പഠിക്കുന്ന ലിയോണും പത്താംക്ലാസില്‍ പഠിക്കുന്ന അലീനയും ആറില്‍ പഠിക്കുന്ന നോയലുമടങ്ങുന്നതാണ് കുടുംബം.
Leave a Comment
Your email address will not be published. Required fields are marked with *