വാഷിംഗ്ടൺ ഡി.സി: ലോകപ്രശസ്ത ഫിലിം ഫെസ്റ്റിവലായ ‘ക്യാൻസി’ലേക്ക് ‘ദ ഫൈവ് പ്രീസ്റ്റ്സ്’ എന്ന ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലുണ്ടായ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ വീരോചിതമായി രോഗികളെ പരിചരിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച അഞ്ച് ഫ്രഞ്ച് വൈദികരുടെ ജീവിതമാണ് ക്രിസ് ചാൾസ് സ്കോട്ട് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി വിവരിക്കുന്നത്.
വൈദികരായ ജീൻ പിയറി, ഇസിദോർ എ ക്വിമറിയസ്, ജീൻ മേരി ബിലർ, ലൂയിസ് ഗെർഗ്വഡ്, ഫ്രാങ്കോയിസ് ലെ വെസ്വോ എന്നിവരാണ് 1873ൽ ലൂസിയാനായിലെ ഷ്രീവ്പോർട്ടിൽ ‘യെല്ലോ ഫിവർ’ ബാധിച്ചവരെ സ്വജീവൻ പരിത്യജിച്ചുകൊണ്ട് ശുശ്രൂഷിച്ചത്. 2020 ഡിസംബറിൽ ഈ അഞ്ച് വൈദികരെയും ദൈവദാസരായി പ്രഖ്യാപിച്ചുകൊണ്ട് ഇവരുടെ നാമകരണനടപടികൾ ആരംഭിച്ചിരുന്നു.
ലൂസിയാന സ്റ്റേറ്റ് സർവകലാശാലയിലെ ഹിസ്റ്ററി പ്രൊഫസർ ചെറിൽ വൈറ്റ്, ഷ്രീവ്പോർട്ടിലെ സെന്റ് ജോൺ ബെർക്ക്മാൻസ് കത്തീഡ്രൽ റെക്ടർ ഫാ. പീറ്റർ മാൻഗ്, ചരിത്രകാരൻ റയാൻ സ്മിത്ത് എന്നിവർ ചേർന്ന് നടത്തിയ വിശദമായ പഠനത്തിന്റെ വെളിച്ചത്തിലാണ് ഈ ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഷ്രീവ്പോർട്ട് രൂപതയ്ക്ക് തുടക്കം കുറിക്കാൻ നേതൃത്വം നൽകിയ ബിഷപ്പ് അഗസ്റ്റെ മേരി മാർട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് ഫ്രാൻസിലെ ബ്രിറ്റനിയിൽ നിന്നുള്ള ഈ അഞ്ച് വൈദികരും യുഎസിലെത്തിയത്.
നേരത്തെ യൂറോപ്പ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ‘ദ ഫൈവ് പ്രീസ്റ്റ്സ്’ ടെക്സസ് ഫിലിം ഫെസ്റ്റിവലിൽ അവസാന റൗണ്ടിലെത്തിയിരുന്നു. ഫ്രാൻസിലെ ക്യാൻസിൽവച്ച് മെയ് 10 മുതൽ 21 വരെയാണ് ഫിലിം ഫെസ്റ്റിവൽ.
Leave a Comment
Your email address will not be published. Required fields are marked with *