എറണാകുളം: ബൈബിള്‍ പണ്ഡിതനും തലശേരി അതിരൂപതാംഗവുമായ ഫാ. മൈക്കിള്‍ കാരിമറ്റത്തിന് സഭയുടെ മല്പാന് പദവി. സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. താമരശേരി രൂപതയിലെ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഫൊറോന ഇടവകയില്‍ 1942 ല്‍ ജനിച്ച ഫാ. കാരിമറ്റം, 1968 ജൂണ്‍ 29 ന് റോമില്‍ വച്ചാണ് വൈദിക പട്ടം സ്വീകരിച്ചത്. പിന്നീട് റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി. സമ്പൂര്‍ണ്ണ ബൈബിളിന്റെ മലയാളം വിവര്‍ത്തനത്തില്‍ മൂന്ന് ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു ഫാ. കാരിമറ്റം.
കുട്ടികള്‍ക്ക് ബൈബിള്‍ പഠനം കൂടുതല്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ബൈബിള്‍ ചിത്രകഥാപുസ്തകത്തിന് രൂപം നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആര്‍ട്ടിസ്റ്റ് ദേവസിയുമായി ചേര്‍ന്ന് 1983 നവംബര്‍ ഒന്നിന് ‘ഏലിയാ പ്രവാചകന്’ എന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. പിന്നീട്, ബൈബിളിലെ ഒട്ടുമിക്ക സംഭവങ്ങളും ചിത്രകഥകളായി പുറത്തിറക്കി. മലയാളത്തിനു പുറമേ, 13 ഭാഷകളില്‍ ഈ ചിത്രകഥകള്‍ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം കുട്ടികള്‍ക്കുവേണ്ടി ‘കുട്ടികള്‍ക്കായി ഒരു ബൈബിള്‍’ തയാറാക്കി. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട് സാധാരണയായി ഉയര്‍ന്നുവരുന്ന യേശുവിന്റെ ദൈവത്വം, പരിശുദ്ധ ത്രിത്വം, കൂദാശകള്‍, വിശുദ്ധരുടെ മാധ്യസ്ഥം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി പ്രസിദ്ധീകരിച്ച ‘വിശ്വാസത്തിന്റെ വേരുകള്‍’ എന്ന പുസ്തകത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
വിശുദ്ധ ഗ്രന്ഥത്തിലെ വെളിപാട് പുസ്തകത്തിന് മൈക്കിള്‍ അച്ചന് എഴുതിയ വ്യാഖ്യാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബൈബിളിലെ എല്ലാ പുസ്തകങ്ങളുടെയും വ്യാഖ്യാനം ഉള്‍പ്പെടുന്ന ‘ബൈബിള്‍ തീര്‍ത്ഥാടനം’ എന്ന വ്യാഖ്യാന പരമ്പരയ്ക്ക് തുടക്കം കുറിച്ചതും മൈക്കിളച്ചനാണ്.
15 വര്‍ഷം തലശേരി രൂപത വചനപ്രഘോഷണ സമിതിയുടെ ഡയറക്ടറായും നാലുവര്‍ഷം മുരിങ്ങൂര്‍ ഡിവൈന്‍ ബൈബിള്‍ കോളജിന്റെ പ്രിന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *