Follow Us On

01

December

2022

Thursday

രണ്ടാമൂഴം

രണ്ടാമൂഴം

ജീവിതത്തെ ‘വെട്ടിയൊരുക്കു’വാനും കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാനും ഒരവസരം കൂടി നല്‍കുന്ന വലിയനോമ്പിന്റെ പുണ്യദിനങ്ങളിലേക്ക് നാം പ്രവേശിക്കുകയാണ്. യഥാര്‍ത്ഥ തൃപ്തിയും സന്തോഷവും നല്‍കാന്‍ കഴിയാത്തതും എന്നാല്‍ സംതൃപ്തിയുടെ പ്രതീതി ജനിപ്പിക്കുന്നതുമായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും 50 ദിവസത്തേക്ക് വേണ്ടെന്ന് വയ്ക്കുവാന്‍ ബോധപൂര്‍വ്വം തീരുമാനമെടുക്കുന്ന ദിവസങ്ങളാണിത്. ദൈവവുമായുള്ള ബന്ധത്തെ തടയുന്ന കാര്യങ്ങളെ നീക്കികളയുവാനും ജീവിതെത്ത ആഴത്തില്‍ നവീകരിക്കാനും സഹായിക്കുന്ന ഈ ദിനങ്ങളെ തിരുസഭയിലൂടെ ദൈവം നല്‍കുന്ന ഒരു രണ്ടാമൂഴമായി കാണാം. വീണുകിടക്കുന്നവര്‍ക്ക് എഴുന്നേല്‍ക്കാനും ഫലം പുറപ്പെടുവിക്കാത്തവര്‍ക്ക് ഫലം പുറപ്പെടുവിക്കുവാനുമുള്ള ഒരു രണ്ടാമൂഴം. ഇനി ഒരിക്കല്‍കൂടി ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത അവസരം.

ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ഇടയില്‍ മുങ്ങിപ്പോകുന്ന തിരുനാളുകളെക്കാള്‍ ജീവിതനവീകരണത്തിനും ദൈവത്തെ അറിയുന്നതിനും കൂടുതല്‍ ഉപകാരപ്രദമായി തീര്‍ന്നത് പരിത്യാഗത്തിന്റെയും ഉപേക്ഷകളുടെയും നോമ്പുകാലങ്ങളാണെന്ന തിരിച്ചറിവ് നമ്മെ അത്ഭുതപ്പെടുത്താനിടയില്ല. ഇഷ്ടമുള്ളവ വേണ്ടന്നുവയ്ക്കുവാനും ത്യജിക്കുവാനും നമുക്ക് പ്രോത്സാഹനം ലഭിക്കുന്ന പരിത്യാഗത്തിന്റെ ഈ കാലഘട്ടം പോലെ ആത്മനിയന്ത്രണം അഭ്യസിക്കുന്നതിനും ആത്മീയവളര്‍ച്ചയ്ക്ക് സഹായിക്കുന്നതുമായ മറ്റൊരു കാലഘട്ടമില്ല. ജീവിതത്തെ ചിട്ടപ്പെടുത്തുവാനും കൂടുതല്‍ ആരോഗ്യകരമായ ശീലങ്ങള്‍ – ശരീരത്തിലും ആത്മാവിലും – പരിശീലിക്കുവാനും നോമ്പുകാലം നമ്മെ സഹായിക്കുന്നു. എന്നാല്‍ ദൈവവുമായുള്ള ബന്ധത്തിലെ വളര്‍ച്ചയാണ് ക്രൈസ്തവ നോമ്പിന്റെ ഫലദായകത്വം നിര്‍ണയിക്കുന്നതെന്ന കാര്യം മറന്നുപോകരുത്.

നമ്മുടെ ബലഹീനതകളും പാപപ്രകൃതിയും തിരിച്ചറിഞ്ഞുകൊണ്ട് രക്ഷകന്റെ ആവശ്യം മനസിലാക്കുവാനും ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രമായ ഉയിര്‍പ്പ്തിരുനാളിന് ഒരുങ്ങുവാനുമുള്ള സമയമാണ് വലിയനോമ്പ്. മഹാമാരിക്കാലം ബാക്കിവച്ച ഒരുപിടി അനുഭവങ്ങളുടെയും വെല്ലുവിളികളുടെയും മധ്യേയാണ് ഈ നോമ്പിലേക്ക് നാം പ്രവേശിക്കുന്നത്. ചുറ്റും കേള്‍ക്കുന്നതില്‍ കൂടുതലും അശാന്തിയുടെയും നിരാശയുടെയും വാര്‍ത്തകളാണ്. ഉക്രെയിന്‍-റഷ്യ യുദ്ധം മുതല്‍ നമ്മുടെ രാജ്യത്തിലെയും കേരളത്തിലെയും സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം വരെ കലുഷിതമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് അനവധി കുടുംബങ്ങള്‍.

ഈ കൊടുങ്കാറ്റുകളുടെ മധ്യേ സഞ്ചരിക്കുന്ന നമ്മുടെ ജീവിതതോണിയില്‍ ഈശോ ഉണ്ട് എന്ന് ഉറപ്പാക്കാനുള്ള അവസരമാണ് ഈ നോമ്പുകാലം. ഈശോ കൂടെയുണ്ടെങ്കിലും അവന്‍ ഉറങ്ങുന്ന അനുഭവത്തിലൂടെ കടന്നുപോകുന്നവരുമുണ്ടാകാം. ഇതില്‍ ഏതായാലും പ്രതിസന്ധികളുടെ നടുവില്‍ നമുക്ക് വേണ്ടത് മറ്റൊന്നുമല്ല ഈശോയെ തന്നെയാണെന്ന് തിരിച്ചറിവ് പ്രധാനമാണ്. മാനുഷികമായ ആശ്വാസങ്ങള്‍ ഇല്ലാതാകുമ്പോഴും പ്രത്യാശകള്‍ അസ്തമിക്കുമ്പോഴും കടലിന് മുകളിലൂടെ നടക്കുകയും കൊടുങ്കാറ്റിനെ ശാസിക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസം അപകടം കൂടാതെ മറുകരയെത്താന്‍ നമ്മെ സഹായിക്കും. ദൈവത്തോടും ദൈവികപദ്ധതിയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അന്ത്യത്തോളം തുഴയാനുള്ള കരുത്താര്‍ജിക്കേണ്ട സമയമാണിത്.

മഹാമാരി തുടങ്ങിശേഷമുള്ള മൂന്നാമത്തെ നോമ്പുകാലത്തിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. കുരിശും ജീവിതക്ലേശങ്ങളും വെല്ലുവിളികളും അവസാന വാക്കല്ല എന്ന് ഒരിക്കല്‍ കൂടെ ഈ നോമ്പ് കാലം നമ്മോട് വിളിച്ചുപറയുന്നു. ഈശോയുടെ കുരിശ് നിരാശയുടെയും ദുഃഖത്തിന്റെയും അടയാളമല്ല മറിച്ച് രക്ഷയുടെ പ്രതീകമാണ്. ഉയിര്‍പ്പിന്റെ സന്തോഷത്തിലാണ് അത് എപ്പോഴും അവസാനിക്കുന്നത്. നമ്മുടെയും ലോകത്തിന്റെയും വേദനകള്‍ രക്ഷാകരമാക്കാനുള്ള അവസരമായി ഈ നോമ്പുകാലം മാറട്ടെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?