Follow Us On

24

October

2020

Saturday

മദറിനെ മാറ്റിയ മദർ

മദറിനെ മാറ്റിയ മദർ

അന്ന് സിസ്റ്റർ തെരേസ ഒരു സ്‌കൂൾ അധ്യാപികയാണ്. കൊൽക്കത്തയിലെ ലൊറേറ്റോ സ്‌കൂളിലെ പ്രധാനാധ്യാപിക. ഏറെ സ്ഥാപനബന്ധിതമായ ശുശ്രൂഷകളിൽ മുഴുകി നീങ്ങുമ്പോഴും ഒരു ഉൾവിളി അവളെ പിന്തുടരുന്നുണ്ടായിരുന്നു. വ്യക്തതയില്ലാതിരുന്നതുകൊണ്ടും തിരക്കിനിടെ കൃത്യമായ ധ്യാനത്തിന് അവസരം കൊടുക്കാത്തതുകൊണ്ടും ആ വിളിയുടെ ശബ്ദം കേൾക്കാതെയായി. പുറത്തെ പോർവിളികൾക്കിടയിൽ അകത്തെ ഉൾവിളി കേൾക്കാതെ പോകാറില്ലേ പലപ്പോഴും. അതുതന്നെ അവൾക്കും സംഭവിച്ചു.
അങ്ങനെയിരിക്കെ ജന്മനാട്ടിൽനിന്ന് അമ്മയുടെ കത്ത്. അൽബേനിയായിൽനിന്ന് കത്ത് കിട്ടുന്നത് വിരളമാണ്. അന്ന് അത് അപ്രതീക്ഷിതമായിരുന്നു. ‘പ്രിയ കുഞ്ഞേ, സുഖംതന്നെ ആയിരിക്കുമല്ലോ. പിന്നെ, പാവങ്ങൾക്കുവേണ്ടിയാണ് നീ ഇന്ത്യയിലേക്ക് പോയത്. അതു നീ മറക്കരുത്. നാം പണ്ട് പരിചരിച്ചിരുന്ന ഫീലിയെന്ന സാധു സ്ത്രീയെ ഓർക്കുന്നുണ്ടോ. അവരുടെ ദേഹം മുഴുവൻ വൃണമാണ്. എന്നാൽ അവളെ ഏറ്റവും വേദനിപ്പിക്കുന്നത് ആ വൃണങ്ങളല്ല, എല്ലാവരും തന്നെ ഉപേക്ഷിച്ചല്ലോ എന്ന വേദനയാണ്….’ ഈ വരികൾ വായിച്ച തെരേസ നിശ്ചലയായിപ്പോയി.
നെഞ്ചിൽ കോരിയിട്ട തീക്കനലായി അത്. പ്രാർത്ഥനയിലും ക്ലാസ്മുറിയിലും അവിടെയും അവളുടെ സ്വസ്ഥത കെട്ടു. അങ്ങനെയിരിക്കെ, വാർഷികധ്യാനം വന്നു. ധ്യാനം ഒട്ടുമവളെ സ്വസ്ഥയാക്കിയില്ല. അല്ലെങ്കിലും യഥാർത്ഥ ധ്യാനം സ്വസ്ഥതയല്ല, തീയാണല്ലോ ഉള്ളിൽ തരുന്നത്. ട്രെയിനിൽ മടക്കയാത്ര നടത്തുമ്പോൾ ചേരികളിലെല്ലാം അവളുടെ കണ്ണ് പതിഞ്ഞു. ഇതിനുമുമ്പും അവളാവഴി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും ഇത്രമേൽ വേദന തോന്നിയിട്ടില്ല, ചിന്തിച്ചിട്ടില്ല. ചിരപരിചിതംകൊണ്ട് നാം അവഗണിക്കുന്ന പലതും ധ്യാനത്തിന്റെ വെളിച്ചത്തിൽ തെളിഞ്ഞുവരുന്നു. മദറിന്റെ കത്ത് മദറിൽ തീയിട്ട ദിനങ്ങൾ.
ലൊറേറ്റോ കോൺവെന്റിന്റെ പടിയിറങ്ങാൻ അവൾ തീരുമാനിച്ചു. 1949 ഓഗസ്റ്റ് 18-ന്. തീർച്ചയായും അന്നുവരെ അവൾ ജീവിച്ച സമൂഹം മോശമായതുകൊണ്ടല്ല. അവരുടെ ശുശ്രൂഷകൾ ഇന്ത്യയിലും പുറത്തും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. പക്ഷേ, തന്റെ നടവഴി കുറെക്കൂടി പരുക്കനായിരിക്കും എന്നവൾ അറിഞ്ഞു. എല്ലാം ഉപേക്ഷിച്ചു, അന്നവൾ. ഉപേക്ഷ ആത്മാവിന് ധൈര്യം തരും. നാട്ടിൽ അമ്മയെ വിവരമറിയിച്ചു. അൽബേനിയായിലെ മദർ കൊൽക്കത്തയിലെ മദറിനെ ഏറെ ആദരിച്ചു, അന്ന്.
വിലകുറഞ്ഞ നീല ബോർഡറുള്ള സാരിയുടെ തുമ്പത്ത് ബംഗാളി പെണ്ണുങ്ങൾ വീടിന്റെ താക്കോൽ കെട്ടി സൂക്ഷിക്കും. മദർ ഈ വസ്ത്രമാണ് തെരഞ്ഞെടുത്തത്. രക്ഷയുടെ താക്കോലായ കുരിശ് ആ സാരിത്തുമ്പിൽ കെട്ടിവച്ചു. ആ യാത്ര അവളെ പാവങ്ങളുടെ അമ്മയാക്കി. ക്രിസ്തുവിന്റെ അടിയാട്ടിയാക്കി. ജന്മംകൊണ്ടല്ല അവൾ അമ്മയായത്, കർമംകൊണ്ട്. ആർക്കും എവിടെയും കർമംകൊണ്ട് അമ്മയാകാം. കാളിയുടെ അവതാരമെന്നാണ് ചിലർ അമ്മയെ വിളിക്കുന്നത്. സ്‌നേഹിക്കാൻ മാത്രമറിയുന്ന കാളി!
കോൺവെന്റിൽ ചേർന്നതിനുശേഷം സ്വന്തം അമ്മയെ കണ്ടിട്ടില്ല. 1972-ൽ അമ്മ മരിച്ചു. തെരേസയ്ക്ക് അമ്മയെ ഒരുനോക്കു കാണാൻ കഴിഞ്ഞില്ല. അൽബേനിയായിലെ കമ്യൂണിസ്റ്റ് ഭരണകൂടം അവൾക്ക് വിലക്ക് കൽപിച്ചിരുന്നു, ഇവിടെ കാലുകുത്തിയാൽ തിരിച്ചുപോകില്ല. ഒരുനോക്കു കാണാൻ തെരേസ ആഗ്രഹിച്ചു. തന്റെ സ്വസ്ഥതയിൽ തീക്കനൽ വാരിയിട്ട ആ അമ്മയെ കാണാൻ. തന്റെ വിളിയെന്തെന്ന് പറഞ്ഞുതരാൻ ധൈര്യവും സ്‌നേഹവും കാണിച്ച ആ മഹതിയെ ചുംബിക്കാൻ. അതിനവസരം കിട്ടിയില്ല. മദർ തെരേസയിലൂടെ ആ മദറും ജീവിക്കുന്നു.
ശരിയാണ് അവൾ പറഞ്ഞത്, വിശുദ്ധരാകേണ്ടത് മരണശേഷമല്ല, ജീവിച്ചിരിക്കുമ്പോഴാണ്. മരണശേഷം സഭ അത് അംഗീകരിക്കുന്നു എന്നേയുള്ളൂ. ജീവിക്കുന്ന വിശുദ്ധയെന്ന് മാലോകരെല്ലാം ഏറ്റുപറഞ്ഞ മദറിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യം.
രണ്ടു കാര്യങ്ങൾ അവൾ പറയുന്നുണ്ട്: ഉപേക്ഷയിൽ സ്വാതന്ത്ര്യമുണ്ട്. മാധുര്യമുണ്ട്. ഇത് ഭീരുവിനാകില്ല. ആത്മക്കരുത്ത് ഉള്ളവർക്കേ കഴിയൂ. എത്ര ഉണ്ടായിട്ടും മതിവരാത്തവർ നാം. അവൾക്കാകട്ടെ, ഉള്ളതുപോലും അധികപറ്റായി തോന്നി. രണ്ടാമത്, ഉൾവിളിയെ തിരിച്ചറിയുക. നിരന്തരം അവൻ പറയുന്നത് ശ്രദ്ധിക്കുന്നവർക്കേ ഇതിന് കഴിയൂ. ക്രിസ്തു ഹൃദയത്തിൽ മന്ത്രിക്കുന്നത് കേൾക്കാതെ ലോകം കാതിൽ പറയുന്നത് നാം കേട്ടുപോകുന്നു. അതുകൊണ്ട്, നമുക്ക് തെരേസയെപ്പോലെ ആകാൻ കഴിയുന്നില്ല. ഇനിയുള്ള ധ്യാനം അതിനാകാം. നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന ധ്യാനം. മദറിന്റേതുപോലെ.
റവ. ഡോ.റോയ് പാലാട്ടി സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?