Follow Us On

15

August

2022

Monday

ആഗോള സഭ വലിയ നോമ്പിലേക്ക്: അറിയാമോ നോമ്പാചരണം സഭയിൽ വന്ന വഴി?

ജൂഡ്‌സൻ കൊച്ചുപറമ്പൻ

ആഗോള സഭ വലിയ നോമ്പിലേക്ക്: അറിയാമോ നോമ്പാചരണം സഭയിൽ വന്ന വഴി?

ആഗോള കത്തോലിക്കാ സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോൾ, പരിശുദ്ധ നോമ്പിനെ കുറിച്ചുള്ള സഭാപാരമ്പര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ.

എല്ലാ മതവിഭാഗങ്ങളിലും വലിയ പ്രാധാന്യത്തോടെ അനുഷ്ഠിക്കുന്ന ആചരണമാണ് നോമ്പ്. ആദിമ കാലം മുതൽ നോമ്പാചരണം ദൈവവുമായി അടുക്കുനുള്ള ഒരു ഉപാധിയായി എല്ലാ മതങ്ങളും കാണുകയും ഭക്തിപൂർവം അവ അനുഷ്ഠിക്കുകയും ചെയ്തുപോന്നു. നോമ്പിന്റെ പുത്രിയാണ് ഉപവാസം. ഉപവാസം കൂടാതെ നോമ്പ് പൂർണമാവില്ല.

ഒരു പ്രത്യേക കാലഘട്ടത്തിൽ ബോധപൂർവം ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉപവാസം. യഹൂദ ഉപവാസത്തിന്റെ തുടർച്ചയായാണ് ക്രിസ്തുമതത്തിൽ ഉപവാസം ആരംഭിച്ചത്. ഉപവാസം പാപം മോചിക്കുകയും ദുഷ്ടാരൂപികളെ അകറ്റുകയും രോഗങ്ങൾക്ക് അറുതി വരുത്തുകയും ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുമെന്ന് യഹൂദർ വിശ്വസിച്ചിരുന്നു. പാപപരിഹാരദിനംപോലെ തന്നെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കടമുള്ള ഉപവാസ ദിനങ്ങളായി കരുതിയിരുന്ന തീക്ഷ്ണമതികളായ യഹൂദർ, ഉപവാസദിനങ്ങളിലെ വിലാപത്തിന് അതീവ പ്രാധാന്യം നൽകുകയും ചെയ്തു.

ഉപവാസം പഴയ നിയമത്തിൽ

ഉപവാസത്തിന്റെ ആനേകം പതിപ്പുകൾ പഴയ നിയമത്തിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കും. സീനായ് മല മുകളിൽ ദൈവകൽപ്പനകൾ സ്വീകരിക്കുന്നതിന് ഒരുക്കമായി മോശ 40 ദിനരാത്രങ്ങൾ ഉപവസിച്ചു. യുദ്ധത്തിൽ സൂര്യനെ നിശ്ചലനാക്കാൻ ജോഷ്വാ തപസനുഷ്ഠിച്ചിട്ടുണ്ട്. ദാനിയേൽ തനിക്ക് ദർശനങ്ങൾ ഉണ്ടാകുംമുമ്പ് ഉപവസിക്കുകയും തപസനുഷ്ഠിക്കുകയും ചെയ്തിരുന്നു. യോനായുടെ ആഹ്വാനപ്രകാരം നിനിവേ നിവാസികൾ ഉപവസിച്ച് ദൈവകരുണ പ്രാപിക്കുന്നതും നമുക്ക് പഴയനിയമത്തിൽ ദർശിക്കാനാകും.

ദാവീദിന്റെ ഉപവാസത്തോടുകൂടിയുള്ള പ്രാർത്ഥനയും (സങ്കീ. 69). ഏലിയാ പ്രവാചകൻ വഴി ദൈവശിക്ഷ വരുമെന്ന് അറിഞ്ഞ ആഹാബ് രാജാവ് നടത്തിയ ഉപവാസവും പഴയ നിയമത്തിലെ ഉപവസത്തിന്റെ നിമിഷങ്ങളായിരുന്നു. ദൈവഹിതം അറിയാൻവേണ്ടി ഇസ്രായേൽ ജനം ഉപവസിച്ചിരുന്നു. മിസ്പായിൽ വെച്ച് സാമുവേൽ പ്രവാചകന്റെ ഉപദേശപ്രകാരം ദൈവഹിതം ആരായാൻ ഇസ്രായേലും ഉപവാസം അനുഷ്ടിച്ചിട്ടുണ്ട്. ജോയേൽ പ്രവാചകൻ കർത്താവിന്റെ ദിനത്തെ അതിജീവിക്കാൻ ചാക്ക് ധരിക്കാനും വിലാപം നടത്താനും ഉപവാസം പ്രഖ്യാപിച്ച് ദൈവത്തോട് പ്രാർത്ഥിക്കാനും ഇസ്രായേൽ ജനത്തെ ഉപദേശിക്കുന്നുണ്ട്.

ഉപവാസത്തിന്റെ ദൈർഘ്യം പഴയ നിയമത്തിൽ വ്യത്യാസപെട്ടിരിക്കുന്നു. ദിവസം മുഴുവനുമോ (1 സാമു 14:28) രാത്രി മുഴുവനുമോ (ദാനി 6:18) മൂന്ന് ദിനരാത്രങ്ങളോ (എസ്‌തേ 4:16) ഏഴു ദിവസമോ (2സാമു 12:16) നാൽപ്പത് ദിവസമോ (പുറ 34:28) ത്രൈ്ഘ്യമുള്ള ഉപവാസങ്ങളെ കുറിച്ച് പഴയ നിയമം വ്യക്തമാകുന്നു.

ഉപവാസം പുതിയനിയമത്തിൽ

യഹൂദരും യോഹന്നാൻ മാംദാനയുടെ ശിഷ്യന്മാരും വളരെ തീക്ഷ്ണതയോടെ അനുഷ്ടിച്ചിരുന്ന ഉപവാസം മിശിഹാ തന്റെ മാത്യകകൊണ്ട് തന്റെ ശിഷ്യന്മാർക്ക് നൽകി. ഈശോയുടെ പരസ്യ ജീവിതത്തിന്റെ തുടക്കത്തക്കിൽ 40 ദിനരാത്രങ്ങൾ മരുഭൂമിയിൽ പ്രാർത്ഥനയിൽ ചെലവഴിച്ചു. തന്റെ പരസ്യജീവിത കാലഘത്തിൽ ഈശോ ഉപവസിച്ചതായി കാണുന്നില്ലെങ്കിലും യഹൂദ നിയമങ്ങൾ ലംഘിച്ചതായി നാം കാണുന്നില്ല. മാത്രമല്ല ഉപവാസത്തിന്റെ ശക്തിയെ കുറിച്ച് ഈശോ തന്റെ പ്രബോധനങ്ങളിൽ കൂടി അടിവരയിട്ട് സംസാരിക്കുന്നുമുണ്ട്. ഉപവാസത്താലെ അല്ലാതെ ഈ വർഗം പുറത്തുപോവില്ല എന്ന നമ്മുടെ കർത്താവിന്റെ വാക്കുകൾ തന്നെ അതിന് അടിവരയിടുന്നതാണ്.

മണവാളൻ കൂടെ ഉള്ളപ്പോൾ മണവറക്കാർ ഉപവസിക്കേണ്ട എന്നും മണവാളൻ അവരിൽനിന്ന് എടുക്കപ്പെടുമ്പോൾ അവർ ഉപവസിച്ചാൽ മതിയെന്നുമുള്ള നമ്മുടെ കർത്താവിന്റെ വാക്കുകൾ അന്വർഥമാക്കികൊണ്ട് ശ്ലീഹന്മാർ നമ്മുടെ കർത്താവിന്റെ ഉയിർപ്പിനുശേഷം ഉപവാസം അനുഷ്ഠിക്കുന്നതായി നടപടി പുസ്ത്കത്തിൽ നമുക്ക് കാണാം. പരിശുദ്ധാൽമാവിന്റെ വെളിപാട് ലഭിക്കാൻ അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പുതിയ നിയമം സാക്ഷ്യം നൽകുന്നുണ്ട്.

ഉപവാസം ആദിമസഭയിൽ

യഹൂദരുടെയും നമ്മുടെ കർത്താവിന്റെയും ശ്ലീഹന്മാരുടെയും ഉപവാസത്തെ പിന്തുടർന്ന്‌കൊണ്ട് ആദിമ ക്രൈസ്തവ സമൂഹം ഉപവാസം അനുഷ്ഠിച്ചിരുന്നു.യഹൂദർ ഉപവസിച്ചിരുന്ന തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങൾക്ക് പകരമായി ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ക്രൈസ്തവർ ഉപവസിച്ചിരുന്നു. വെള്ളിയാഴ്ച നമ്മുടെ കർത്താവിന്റെ കുരിശ് മരണത്തിന്റെ ദിനമാകയാലും ബുധനാഴ്ച നമ്മുടെ കർത്താവിനെ പടയാളികൾ പിടിച്ച ദിവസം ആകയായാലും അവർ ഉപവസിച്ചിരുന്നു (Didascalia apostolrum).

‘പഴയ ജനത്തിനുവേണ്ടി ആഴ്ച്ചയുടെ നാലാം ദിവസം നിങ്ങൾ ഉപവസിക്കണം. എന്തെന്നാൽ ആ ദിവസമാണ് അവർ സ്വന്തം ആത്മാക്കളെ നശിപ്പിക്കാൻ ആരംഭിച്ചതും എന്നെ പിടികൂടിയതും. മൂന്നാം ദിവസത്തിന് ശേഷമുള്ള പകൽ നാലാം ദിവസത്തിന്റെ ഭാഗമാണല്ലോ. ആഴ്ച്ചയുടെ മൂന്നാം ദിവസത്തിന് ശേഷമുള്ള രാത്രിയിൽ ഞാൻ നിങ്ങളോടൊത്ത് പെസഹാ ഭക്ഷിച്ചു. ആ രാത്രിയിൽ തന്നെ അവർ എന്നെ പിടിക്കുകയും ചെയ്തു. വെള്ളിയാഴ്ച്ചയും അവർക്കുവേണ്ടി ഉപവസിക്കുക. അന്നാണല്ലൊ പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസത്തിൽ അവർ എന്നെ കുരിശിൽ തറച്ചത്….. ഇപ്പോഴും ഈ ദിവസങ്ങളിൽ ഉപവസിക്കുന്ന കാര്യത്തിൽ നിങ്ങൾ നിഷ്ടയുള്ളവരായിരിക്കണം,’ (ഡിഡസ്‌കാലിയാ)

കർത്താവ് കല്ലറയിൽ ആയിരുന്ന സമയങ്ങളിൽ ഉപവസിക്കണമെന്ന നിയമം രണ്ടാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ ആരംഭിച്ചു തുടങ്ങി. ഇതാണ് പിന്നീട് വലിയ നോമ്പായി വികസിച്ചുവന്നത്‌.

(ഈശോ മിശിഹായെ മാലാഖമാർ മരുഭൂമിയിൽ ശുശ്രൂഷിക്കുന്ന മുഗൾ പെയിന്റിംഗാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിനുവേണ്ടി രചിക്കപ്പെട്ടതാണ് ഈ ചിത്രം)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?