Follow Us On

21

September

2023

Thursday

നോമ്പ്: ക്രൂശിതനോടുള്ള പ്രണയം തുറന്നുപറയാൻ ശ്രമിക്കേണ്ട കാലം

നോമ്പ്: ക്രൂശിതനോടുള്ള പ്രണയം തുറന്നുപറയാൻ ശ്രമിക്കേണ്ട കാലം

‘സ്നേഹത്താൽ കുരിശിനെ ആലിംഗനം ചെയ്യുന്ന മനുഷ്യനാവുക, ആത്മദാനത്തിലേക്കും പരസ്‌നേഹത്തിലേക്കും ആകർഷിക്കപ്പെടുക. സംശയമില്ല, ക്രിസ്തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ ഏറെയുള്ള പ്രണയകാലമാണ് നോമ്പ് ദിനങ്ങൾ.’ – ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 1

ദൈവത്തിന്റെ മുഖം നോക്കിയുള്ള മനുഷ്യന്റെ യാത്രയാണ് നോമ്പുകാലം. കൃപകൾ പൂത്തുലയുന്ന ഈ നാളുകളെ ഒറ്റവാക്കിൽ സംഗ്രഹിക്കാം: സ്‌നേഹം! ദൈവത്തിന് മനുഷ്യ മക്കളോടുള്ള സ്‌നേഹം അക്ഷരാർത്ഥത്തിൽ പ്രകടമാക്കിയ ദിനങ്ങളിലേക്കുള്ള പ്രയാണമല്ലേ നോമ്പു ദിനങ്ങൾ. ഈശോമിശിഹായുടെ പീഡാസഹനത്തിനും മരണത്തിനും ഒറ്റ കാരണമേയുള്ളു, മനുഷ്യ മക്കളോടുള്ളസ്‌നഹം. സ്‌നേഹം നിമിത്തം അവിടുന്ന് പീഡനങ്ങൾ ഏറ്റുവാങ്ങി.

പുരോഹിതന്മാരുടെ ഗൂഢാലോചനയോ, യൂദാസിന്റെ ഒറ്റു നൽകലോ, ജനക്കൂട്ടത്തിന്റെ ശകാരമോ, പീലാത്തോസിന്റെ വിധി വാചകമോ, പടയാളികളുടെ ചമ്മട്ടിയടിയോ വഴിയാത്രക്കാരുടെ പരിഹാസമോ, ഒരു കള്ളന്റെ ശാപവാക്കുകളോ ക്രൂശുമരണമോ ആ സ്‌നേഹത്തിൽനിന്ന് അവിടുത്തെ പിന്തിരിപ്പിച്ചില്ല. ഈശോയുടെ സഹനത്തിന്റെ അർത്ഥം അവിടുന്ന് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാത്രമാണ് മനസ്സിലാക്കേണ്ടത്. അവിടുന്ന് മറ്റെന്തിനേക്കാളും ഉപരിയായി മനുഷ്യനെ സ്‌നേഹിച്ചു.

ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക് തിരികെ പോകാനുള്ള തന്റെ നാഴിക വന്നിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ, ഈശോ സ്‌നേഹത്തിന്റെ ശാശ്വത ഉടമ്പടി സ്ഥാപിച്ചു. ആ ഉടമ്പടിയിൽ സ്‌നേഹത്തിന്റെ അതിർത്തി സ്വർഗംവരെ നീളുന്നതാണെന്ന് അവിടുന്ന് പഠിപ്പിച്ചു. നിങ്ങളോടും എന്നോടുമുള്ള സ്‌നേഹം കൊണ്ടാണ് ഈശോ കുരിശിൽ മരിച്ചത്. അതിനു മറ്റൊരു കാരണവുമില്ല.

ദൈവം നമ്മെ സ്‌നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ നൽകുകയും ചെയ്തു. കുരിശിൽ മനുഷ്യനോടുള്ള സ്‌നേഹം നിമിത്തം മനുഷ്യന്റെ മനുഷ്യത്വമില്ലായ്മയ്ക്കു വിധേയനാകുമ്പോഴും സ്‌നേഹം മാത്രമായിരുന്നു അവിടുത്തെ ഭാഷ. സ്നേഹത്താൽ കുരിശിനെ ആലിംഗനം ചെയ്യുന്ന ഒരു മനുഷ്യനാവുക, അവിടുന്ന് സ്‌നേഹം കൊണ്ട് മുദ്ര ചാർത്തിയ മരക്കുരിശിൽനിന്ന് വിശ്വാസത്തിലേക്കും ആത്മദാനത്തിലേക്കും പരസ്‌നേഹത്തിലേക്കും ആകർഷിക്കപ്പെടുക ഇതാണ് നോമ്പുകാലത്തിന്റെ വെല്ലുവിളി.

ക്രൂശിതനോടുള്ള പ്രണയം തുറന്നു പറയാൻ ശ്രമിക്കേണ്ട പ്രണയകാലമാണിത്. ഓരോ വിശുദ്ധ കുർബാനയിലും സഭയാകുന്ന മണവാട്ടിയെ അവിടുന്ന് വരണമാല്യം അണിയിക്കുമ്പോൾ അവിടുത്തെ സ്വന്തമാവുകയാണ് ദൈവജനം. ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരം,(ലൂക്കാ 22:19); ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടി, (ലൂക്കാ 22: 20) ഈ മൊഴികളിൽ അവിടുന്ന് സ്‌നേഹത്തിന്റെ പ്രമാണം വിശ്വസ്തയോടെ മുദ്ര ചെയ്യുന്നു. അതിനാൽ, സ്‌നേഹം മാത്രമാണ് ക്രൈസ്തവരെ വിശ്വസ്തരാക്കുന്നത്. ദൈവസ്‌നേഹംകൊണ്ടും പരസ്‌നേഹം കൊണ്ടും നമ്മെത്തന്നെ വിശ്വാസയോഗ്യമാക്കിയാലേ നോമ്പുനാളുകൾ വിശ്വസനീയമാകൂ.

കഴിഞ്ഞ വർഷത്തെ നോമ്പുകാല സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ, മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുന്ന നോമ്പുകാലം സ്‌നേഹത്തോടെ അനുഭവിക്കാൻ വിശ്വാസികളെ ഓർമപ്പെടുത്തിയിരുന്നു. നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്ന ഒരു സമ്മാനമാണ് സ്‌നേഹം. സഹായം ആവശ്യമുള്ളവരെ നമ്മുടെ സ്വന്തം കുടുംബത്തിലെ അംഗമോ സുഹൃത്തോ സഹോദരനോ സഹോദരിയോ ആയി കാണാൻ ഇതു നമ്മെ പ്രാപ്തരാക്കുന്നു. ഒരു ചെറിയ തുക സ്‌നേഹത്തോടെ ആവശ്യക്കാർക്കു നൽകിയാൽ ഒരിക്കലും അത് തീർന്നുപോവുകയല്ല മറിച്ച്, ജീവന്റെയും സന്തോഷത്തിന്റെയും ഉറവിടമായി അത് പരിണമിക്കും എന്നത് വിസ്മരിക്കാതെ നമുക്ക് നോമ്പു ദിനങ്ങളിലേക്ക് പ്രവേശിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?