Follow Us On

21

September

2023

Thursday

നോമ്പുകാലം പ്രാർത്ഥനയുടെ വസന്തകാലം

നോമ്പുകാലം പ്രാർത്ഥനയുടെ വസന്തകാലം

”ദൈവവുമായുള്ള സംഭാഷണത്തിന് സമയം കണ്ടെത്തുമെന്ന തീരുമാനം കൈക്കൊണ്ടശേഷം അതിൽ നിലനിൽക്കാൻ സാധിച്ചില്ലെങ്കിൽ ദൈവത്തെ  സ്‌നേഹിക്കുന്നുവെന്ന് നമുക്ക് എങ്ങിനെ പറയാനാകും?’ – ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 2

ജീവിതത്തെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമത്തിലൂടെയും ആഴപ്പെടുത്താൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പുകാലം. ആത്മീയ ജീവിതത്തിന്റെ വസന്തകാലമാണത്. ആത്മാവിന്റെ ഉള്ളറകളിലേക്കു യാത്ര ചെയ്യുമ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളിൽ ദൈവത്തെ നാം കണ്ടുമുട്ടുന്നു. ഈ കൂടിക്കാഴ്ചയിയാണ് യഥാർത്ഥ പ്രാർത്ഥന രൂപപ്പെടുന്നത്.

ആവിലായിലെ അമ്മത്രേസ്യ ആത്മാവിനെ ദൈവം വസിക്കുന്ന ഹർമ്യമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ദൈവത്തെ കണ്ടുമുട്ടുന്നതിനും അവിടുത്തോട് പ്രാർത്ഥിക്കുന്നതിനും അവടുത്തോട് സ്‌നേഹഭാഷണം നടത്തുന്നതിനും നമ്മുടെ ആത്മാവിന്റെ കോട്ടയ്ക്കുള്ളിലെ ഏറ്റവും ആന്തരികമായ ഉള്ളറയിലേക്കു നമുക്കു യാത്രയാരംഭിക്കാം. അവിടെയാണ് ദൈവത്തിന്റെ മഹത്വവും സൗന്ദര്യവും നാം കണ്ടെത്തേണ്ടത്.

അമ്മത്രേസ്യയുടെ അഭിപ്രായത്തിൽ, പ്രാർത്ഥന എന്നത് സുഹൃത്തുക്കൾ തമ്മിലുള്ള ആത്മാർത്ഥമായ പങ്കുവയ്ക്കലല്ലാതെ മറ്റൊന്നുമല്ല. നമ്മെ സ്‌നേഹിക്കുന്നുണ്ടെന്നു നാം അറിയുന്ന വ്യക്തിയോട് കൂടെയായിരിക്കാൻ ഇടക്കിടയ്ക്കു സമയം കണ്ടെത്തുക എന്നതാണതിന്റെ അർത്ഥം. ഈ നോമ്പുകാലത്ത് ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നതും അതുതന്നെയാണ്- ഉള്ളിലേക്കു തിരിഞ്ഞു നടക്കുക അവിടെ ദൈവത്തെ കണ്ടെത്തുക. ഈ തിരിഞ്ഞു നടത്തം ഒരു സ്‌നേഹയാത്രയാണ്, ദൈവസ്‌നേഹത്തിലേക്കുള്ള പ്രയാണമാണ്.

ജീവിത സാഹചര്യങ്ങൾ കഠിനമാകുമ്പോൾ മാത്രം തിരയേണ്ട സങ്കേതമല്ല ദൈവം. നമ്മുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യങ്ങൾപോലും നമ്മിൽനിന്ന് അറിയാൻ അവിടുന്നു ആഗ്രഹിക്കുന്നു. ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു ഇപ്രകാരം ചോദിക്കുന്നു: ‘എന്റെ മകളേ… നീയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും, ഏറ്റവും നിസ്സാരമായ കാര്യങ്ങൾപോലും വിശദമായി എന്തുകൊണ്ടാണ് എന്നോടു പറയാത്തത്? നിന്റെ എല്ലാ കാര്യങ്ങളെക്കുറിച്ചും എന്നോടു പറയുക, അതു എനിക്കു ഒരുപാടു സന്തോഷം നൽകുമെന്നറിയുക.’

വിശുദ്ധമായ നോമ്പുകാലത്ത് നമ്മുടെ പ്രാർത്ഥനാ രീതിയെപ്പറ്റി നമുക്കു ചിന്തിക്കാം. പ്രാർത്ഥനയിൽ ദൈവത്തെ കണ്ടെത്താനും അവിടുത്തോട് സ്‌നേഹഭാഷണം നടത്താനും നമുക്കു സ്വയം സമർപ്പിക്കാം. പ്രാർത്ഥനയിലൂടെ ദൈവത്തെ സമീപിക്കാൻ തടസ്സമായി നിൽക്കുന്ന അതിർവരമ്പുകൾ നമുക്കു പൊട്ടിച്ചെറിയാം. യഥാർത്ഥമായ പ്രാർത്ഥന ഒരിക്കലും വിരസമല്ല. അതിൽ ദൈവത്തിന്റെ അനന്തരഹസ്യം നാം കണ്ടെത്തുമ്പോൾ ആ അനുഭവം പറഞ്ഞറിയിക്കാൻ കഴിയാത്തവിധം മനോഹരമായിരിക്കും.

‘Time for God’ എന്ന ഗ്രന്ഥത്തിൽ ഫാ. ജാക്വസ് ഫിലിപ്പി ചോദിക്കുന്ന ചോദ്യത്തോടെ ഇന്നത്തെ വിചിന്തനം അവസാനിപ്പിക്കാം: ‘ദൈവവുമായുള്ള സംഭാഷണത്തിന് സമയം കണ്ടെത്തുമെന്നു നാം തീരുമാനിച്ചിട്ട് അതിൽ നിലനിൽക്കാൻ സാധിച്ചില്ലെങ്കിൽ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന അവകാശവാദം നമുക്ക് എങ്ങനെ ഉന്നയിക്കാനാവും?’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?