Follow Us On

19

April

2024

Friday

‘അന്യരെ വിധിക്കുക’ എന്ന വൈറസിനെതിരെ ജാഗരൂകരാകാം!

‘അന്യരെ വിധിക്കുക’ എന്ന വൈറസിനെതിരെ ജാഗരൂകരാകാം!

‘മറ്റുള്ളവരെ വിധിക്കാതിരിക്കുക എന്നത് ഒരു ദൈവീക ഭാവമാണ്. ഹൃദയത്തിൽ ദൈവസ്‌നേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞാലേ അസാധാരണമായ ഈ പുണ്യം നമുക്ക് അഭ്യസിക്കാൻ സാധിക്കൂ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 3

ദൈവത്തിന്റെ മുഖം തേടിയുള്ള നോമ്പു യാത്രയിൽ അന്യരെ വിധിക്കരുത് എന്ന ഈശോയുടെ ഉപദേശമാണ് ഇന്ന് നമ്മുടെ വിചിന്തന വിഷയം. ജർമൻ ഇവാഞ്ചലിക്കൽ ലൂഥറൻ പാസ്റ്ററും ദൈവശാസ്ത്രജ്ഞനും നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഡീട്രിച്ച് ബോൺഹോഫറിന്റെ ( 1906- 1945) ‘ദ കോസ്റ്റ് ഓഫ് ഡിസയിപ്പിൾഷിപ്പ്’ (ശിഷ്യത്വത്തിന്റെ വില) എന്ന ഗ്രന്ഥത്തിൽ മറ്റുള്ളവരെ വിധിക്കുന്നതിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്: ‘മറ്റുള്ളവരെ വിധിക്കുന്നത് നമ്മെ അന്ധരാക്കുന്നു, അതേസമയം സ്‌നേഹം നമ്മെ പ്രകാശിപ്പിക്കുന്നു.’

ഈശോയുടെ മലയിലെ പ്രസംഗത്തിന്റെ മർമ്മ പ്രധാനമായൊരു ഭാഗമാണ് അന്യരെ വിധിക്കരുത് എന്ന പ്രബോധനം (മത്താ 7:1-7). മനുഷ്യന്റെ വിധി ചില വസ്തുതകളെയും ധാരണകളെയും അറിവുകളെയും ആധാരമാക്കിയുള്ള വിലയിരുത്തലുകളാണ്. അവ എപ്പോഴും ശരിയാകണമെന്ന് നിർബദ്ധമില്ല. നമ്മുടെതന്നെ മുൻധാരണകളും ലോകം പകർന്നു നൽകുന്ന അനുഭവങ്ങളും ഭാഗീകമായതിനാൽ സത്യത്തിന്റെ ഒരു വശം മാത്രമേ നമ്മുടെ ദൃഷ്ടിപഥത്തിൽ തെളിയൂ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും നമ്മുടെ വിധിയെ സ്വാധീനിക്കാറുണ്ട്.

മറ്റുള്ളവരെ വിധിക്കാതിരിക്കുക എന്നത് ഒരു ദൈവീക ഭാവമാണ്. ഹൃദയത്തിൽ ദൈവസ്‌നേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞാലേ അസാധാരണമായ ഈ പുണ്യം നമുക്ക് അഭ്യസിക്കാൻ സാധിക്കൂ. സമഗ്രതയുള്ള വ്യക്തിത്വത്തിന്റെ സ്വഭാവസവിശേഷതയാണത്. സാഹചര്യങ്ങൾ മുഴുവൻ മനസ്സിലാക്കാതെ അന്യരെ വിധിക്കുന്ന പ്രവണത കരുണയില്ലായ്മയാണ്, കാപട്യമാണ്. മനുഷ്യകുലത്തിന്റെ വിധിയാളനായ ദൈവത്തിന്റെ കടമ നമ്മുടെ അവകാശമോ കടമയോ അല്ല, തെറ്റുചെയ്യുന്നവർക്കുവേണ്ടി പ്രാത്ഥിക്കുകയും അവരുടെ തെറ്റുകൾ മനസ്സിലാക്കി കൊടുക്കുകയുമല്ലേ കാരുണ്യവും യഥാർത്ഥ നോമ്പു ചൈതന്യവും.

മാനുഷികമായ വിധി പറയലിന് നിരവധി പരിമിതികളുണ്ട്. ഉള്ളം കാണാൻ കഴിയാത്തവൻ, പുറംമോടി മാത്രം അടിസ്ഥാനമാക്കി വിധിച്ചാൽ, അത് അപൂർണ്ണമാകുകയും സ്വയം ശിക്ഷാവിധി ഏറ്റുവാങ്ങുകയും ആയിരിക്കും ചെയ്യുക. ഈശോ പറയുന്നു: ‘വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ തന്നെ, നിങ്ങളും വിധിക്കപ്പെടും,’ (മത്താ. 7: 1-2). അതിനാൽ, അപരനെ വിധിക്കുന്നതിൽനിന്ന് മാറിനിൽക്കാൻ നോമ്പുകാലത്തു നമുക്കു പരിശ്രമിക്കാം.

നമ്മുടെ വിധി പറച്ചിലിൽ പലപ്പോഴും കരുണയുടെ അംശം അപ്രത്യക്ഷമാകാം. അതുകൊണ്ട് കരുണാർദ്രനായ ദൈവത്തെ തന്നെ അത് ഭരമേൽപ്പിക്കുകയല്ലേ ഏറ്റവും വിവേകപൂർണ്ണമായ തീരുമാനം. ‘അന്യരെ വിധിക്കുക’ എന്ന തിന്മ ആരുടെ ഹൃദയത്തിലും മനസ്സിലും എളുപ്പം നുഴഞ്ഞു കയറാവുന്ന വൈറസാണ്. അവയെ സ്‌നേഹംകൊണ്ടും ഹൃദയനൈർമല്യംകൊണ്ടും കീഴടക്കിയില്ലങ്കിൽ കുടുംബ, സമൂഹ ജീവിതങ്ങളിൽ അസ്വസ്ഥകളുടെയും അശാന്തിയുടെയും അന്ധകാരം ആവരണം തീർക്കും. ജീവിതത്തിൽ നാം ഏറെ ശ്രദ്ധപതിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതുമായ തിന്മയാണിത്.

വിധിക്കുന്നതിനു പകരം കുറവുള്ളവരെയും പോരായ്മയുള്ളവരെയും ചേർത്തു പിടിക്കുമ്പോൾ അവരിലും നമ്മിലും രൂപാന്തരീകരണം സംഭവിക്കും. മറ്റുള്ളവരെ തങ്ങളെക്കാൾ ചെറിയവരായി കാണുമ്പോൾ ഞാനെന്ന ഭാവം നമ്മിൽ ആഴ്ന്നിറങ്ങുകയും മറ്റുള്ളവരെ വിധിക്കാനുള്ള പ്രവണത കുടുകയും ചെയ്യും. ‘ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുന്ന,’ (ഫിലിപ്പി 2:3) വിശുദ്ധ ശീലം ഈ നോമ്പു യാത്രയിൽ പരിശീലിക്കുകയും സ്‌നേഹംകൊണ്ട് ജീവിതത്തെ പ്രകാശമാനമാക്കുകയും ചെയ്യാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?