Follow Us On

21

September

2023

Thursday

രക്തം ചിന്താതെയും രക്തസാക്ഷിത്വം വരിക്കാം, അതിനുള്ള ക്ഷണമത്രേ നോമ്പുകാലം!

രക്തം ചിന്താതെയും രക്തസാക്ഷിത്വം വരിക്കാം, അതിനുള്ള ക്ഷണമത്രേ നോമ്പുകാലം!

‘ക്രൈസ്തവരുടെ ശക്തിയും സൗന്ദര്യവും അവരുടെ എണ്ണത്തിലല്ല. മറിച്ച്, സത്യവിശ്വാസത്തിന് സാക്ഷികളായി ജീവിതം സമർപ്പിക്കുന്ന സഭാംഗങ്ങളിലാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 4

ആദ്യ നൂറ്റാണ്ടുകളിലെ മത പീഡനങ്ങളുടെ കാലം കഴിഞ്ഞപ്പോൾ വിവിധ തരത്തിലുള്ള രക്തസാക്ഷിത്വങ്ങൾ സഭാപാരമ്പര്യത്തിൽ ഉടലെടുത്തു. എഴാം നൂറ്റാണ്ടിന്റെ അവസാനം അയർലൻഡിൽ എഴുതപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഒരു സുവിശേഷ പ്രഘോഷണ കുറിപ്പിൽ മൂന്ന് രീതിയിലുള്ള രക്തസാക്ഷിത്വത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്:

1) വെള്ള രക്തസാക്ഷിത്വം (White Martyrdom):

രക്തം ചിന്തപ്പെടാതെ വിശ്വാസത്തിനു വേണ്ടി പീഡനമേൽക്കുന്നതാണ് വെള്ള രക്തസാക്ഷിത്വം.

2) പച്ച രക്തസാക്ഷിത്വം (Green Martyrdom):

ദൈവസ്‌നേഹത്തെപ്രതി കഠിനമായ പ്രായശ്ചിത്വങ്ങളും ഉപവാസവും അനുഷ്~ിക്കുന്നതിനെയാണ് പച്ച രക്തസാക്ഷിത്വം കൊണ്ടു വിവക്ഷിക്കുക. ഈജിപ്തിലെ ആദ്യകാല താപസവര്യന്മാരുമായി ബന്ധപ്പെട്ടാണ് ഈ രീതിയിലുള്ള രക്തസാക്ഷിത്വം ഉദയം ചെയ്തത്.

3) ചുവന്ന രക്തസാക്ഷിത്വം (Red Martyrdom):

സത്യവിശ്വാസ സംരക്ഷണത്തിനു വേണ്ടി രക്തം ചിന്തി സാക്ഷ്യം നൽകുന്നതിനെയാണ് ചുവന്ന രക്തസാക്ഷിത്വംകൊണ്ട് അർത്ഥമാക്കുക.

ദൈവസ്‌നേഹത്താൽ ജ്വലിക്കുന്ന ഹൃദയമാണ് ഈ മൂന്നു രക്തസാക്ഷിത്വങ്ങളിലും പൊതുവായിട്ടുള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവസ്‌നേഹം പ്രകടിപ്പിക്കാനുള്ള മൂന്നു വഴികളാണ് ഈ രക്തസാക്ഷിത്വങ്ങൾ. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥമനുസരിച്ച് ‘വിശ്വാസസത്യത്തിനു സാക്ഷ്യം നൽകുന്ന ഏറ്റവും ഉന്നതമായ മാർഗമാണ് രക്തസാക്ഷിത്വം,’ (CCC 2473).

നോമ്പുകാലം ദൈവത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാർഗമായതിനാൽ രക്തസാക്ഷിത്വത്തിന്റെ ദിനങ്ങളുമാണ്. നമ്മുടെ ജീവതസാഹചര്യങ്ങളിൽ ഒരു പക്ഷേ രക്തം ചിന്തി ഈശോയോടുള്ള സ്‌നേഹം പ്രകടപ്പിക്കാനുള്ള അവസരങ്ങൾ ഇല്ലായിരിക്കാം, എങ്കിലും രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വത്തിന ധാരാളം അവസരങ്ങളുണ്ട്. അതു ത്രീവ്രമായും തീഷ്ണമായും നിറവേറ്റാനുള്ള ദിനങ്ങാളാണല്ലോ നോമ്പുകാലം.

ഈശോയോടുള്ള സ്‌നേഹത്തെപ്രതി നാം ഉപവസിക്കുകയും പരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുമ്പോൾ നാമും രക്തസാക്ഷിത്വത്തിന്റെ അരൂപിയിലാണ്. ഈശോയ്ക്കുവേണ്ടി ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്ന ഇത്തരം ക്രിസ്തുശിഷ്യരിലൂടെയാണ് സഭാതരു ഇന്ന് തഴച്ചുവളരുന്നത്. പച്ച രക്തസാക്ഷിത്വത്തിനു സഭ നമുക്കു നൽകിയിരിക്കുന്ന മൂന്നു വിശുദ്ധീകരണ മാർഗങ്ങളാണ് ഉപവാസവും പ്രാർത്ഥനയും ദാനധർമവും. അതുവഴി നാം സത്യവിശ്വാസത്തിന് സാക്ഷ്യം നൽകുകയും നമ്മുടെ ആത്മീയ ജീവിതം ആഴപ്പെടുത്തുകയും ചെയ്യുന്നു.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പൺ ഡോഴ്‌സ്’ ജനുവരിയിൽ പുറത്തുവിട്ട 2022ലെ ‘വേൾഡ് വാച്ച് ലിസ്റ്റ്’ റിപ്പോർട്ട് പ്രകാരം 2020 ഒക്ടോബർ ഒന്നു മുതൽ 2021 സെപ്റ്റംബർ 30വരെയുള്ള കാലയളവിൽ, ലോകത്ത് 5,898 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു, അതായത് പ്രതിദിനം 16പേർ. ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തത് 5,110 ദൈവാലയങ്ങളാണ്. 6,175 ക്രിസ്ത്യാനികൾ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടു; 3,829 ക്രിസ്ത്യാനികൾ തട്ടിക്കൊണ്ടുപോകപ്പെട്ടു. അതായത് പതിദിനം 10 പേർ!

അതെ, ഈശോയിലും അവിടുത്തെ സഭയിലും വിശ്വാസം അർപ്പിക്കുന്നിടത്തോളം, പീഡനവും ക്രൂശനുഭവവും ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണ്. ക്രൈസ്തവരുടെ ശക്തിയും സൗന്ദര്യവും അവരുടെ എണ്ണത്തിലല്ല, മറിച്ച്, സത്യവിശ്വാസത്തിന് സാക്ഷികളായി ജീവിതം സമർപ്പിക്കുന്ന സഭാംഗങ്ങളിലാണ്. അതിനാൽ നോമ്പിലെ ഈ പ്രയാണത്തിൽ ഈശോയേയും സഭയേയും കൂടുതൽ സ്‌നേഹിക്കുന്നവരായി നമുക്ക് മുന്നേറാം. നോമ്പ് ദിനങ്ങളിൽ ത്യാഗങ്ങൾ അനുഷ്ഠിക്കുന്നതിനൊപ്പം പീഡിത ക്രൈസ്തവർക്കും സഭകൾക്കുംവേണ്ടി പ്രാർത്ഥിക്കാനും സാധിക്കുന്ന സഹായങ്ങൾ അവർക്കുവേണ്ടി ചെയ്യാനും നമുക്ക് കടമയുണ്ടെന്ന കാര്യവും നാം വിസ്മരിക്കരുത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?