കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളെ അതിജീവിക്കാന്‍ ലോകം കഠിനപ്രയത്‌നം നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി യുദ്ധ ഭീതികൂടി ലോകത്തില്‍ എത്തിയിരിക്കുന്നത്. റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ പ്രവേശിച്ചതിന്റെ തൊട്ടുപിന്നാലെ അവിടെനിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ മനുഷ്യന്റെ കരളലിയിക്കുന്നതാണ്. നാലോ അഞ്ചോ വയസുള്ള മകളെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേക്ക് യാത്ര അയച്ച് യുദ്ധഭൂമിയിലേക്ക് യാത്രയാകുന്ന പിതാവിന്റെ ചിത്രം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകള്‍ വഴിയും വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞ് അവളുടെ തലയില്‍ തൊപ്പിവച്ചുകൊടുത്തതിനുശേഷം ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് കരയുന്ന ചെറുപ്പക്കാരനായ പിതാവിന്റെ ദയനീയ ചിത്രം ആരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നതാണ്. ആ മനുഷ്യന് ഈ ഭൂമിയില്‍വച്ച് തന്റെ പ്രിയപ്പെട്ടവരെ ഇനി കാണാന്‍ കഴിയുമോ എന്നറിയില്ല.
അതുകൊണ്ടുതന്നെ അന്ത്യയാത്ര പറയുന്നതിന് സമാനമായ മാനസികാവസ്ഥയാണ് ചിത്രം കാണുമ്പോള്‍ ഉണ്ടാകുന്നത്. ഉക്രെയ്‌നിലെ ഒരു ഭവനത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ലിത്. പൗരന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം നിലവിലുള്ള രാജ്യമാണ് ഉക്രെയ്ന്‍. അതുകൊണ്ട് പ്രായപൂര്‍ത്തിയായ വലിയൊരു ശതമാനത്തിന് യുദ്ധത്തില്‍ പങ്കെടുക്കേണ്ടിവരും. പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞുപോകുന്ന സാധാരണ പൗരന്മാരുടെ വേദനിപ്പിക്കുന്ന ചിത്രങ്ങള്‍ ധാരാളം ഉണ്ടാകുമെന്ന് സാരം.
മിസൈല്‍ വീണ് തകര്‍ന്നുപോയ സ്വന്തം ഭവനത്തിന്റെ മുമ്പില്‍ എങ്ങോട്ടു പോകണമെന്നറിയാതെ ദുഃഖിച്ചിരിക്കുന്ന ഗൃഹനാഥനും, ഭാര്യയും മക്കളുടെയും കരങ്ങള്‍ പിടിച്ച് സുരക്ഷിത സ്ഥാനങ്ങള്‍ തേടി യാത്രയാകുന്ന കുടുംബനാഥന്മാരുടെയുമൊക്കെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു യുദ്ധത്തിന്റെ ചെറിയ വേദനകളുടെ ചിത്രങ്ങളാണ് ഇത്. യുദ്ധം നീണ്ടുപോയാല്‍ വേദനകളുടെയും ദുരിതങ്ങളുടെയും ആക്കം വര്‍ധിക്കും. യുദ്ധം വഴി സൃഷ്ടിക്കപ്പെടുന്ന ദുരിതങ്ങള്‍ മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ അനന്തരഫലങ്ങളാണ്. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ലോകത്തിന് വേദനകള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിന് നീതികരണമാകുന്നില്ല. എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നതിന് മുമ്പ് നുണക്കഥകളുടെയും ആരോപണങ്ങളുടെയും പുകമറ സൃഷ്ടിക്കപ്പെടാറുണ്ട്. ഇവിടെയും അതിന് മാറ്റമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. യുക്രെയ്‌നെ കീഴടക്കുകയല്ല, നിരായുധീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പുട്ടിന്‍ പറയുന്നത്. അതു കേള്‍ക്കുമ്പോള്‍ തോന്നുക യുക്രെയ്‌നെ സഹായിക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ സൈന്യം യുക്രെയ്‌ന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് മിസൈലുകള്‍ വര്‍ഷിക്കുന്നതെന്ന്.
യുക്രെയ്ന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ തങ്ങള്‍ക്കു ഭീഷണിയാകുമെന്ന വാദം ഉയര്‍ത്തിയാണ് റഷ്യന്‍ പ്രസിഡന്റ് തന്റെ പട്ടാളത്തെ അങ്ങോട്ട് അയച്ചിരിക്കുന്നത്. ഒരുവിധത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത വാദങ്ങളാണ് നിരത്തിയിരിക്കുന്നത്. സൈനികമായി പിന്നില്‍ നില്ക്കുന്ന പഴയ സോവിറ്റ് യൂണിയനിലെ അംഗരാജ്യങ്ങളെ കീഴടക്കാനുള്ള പുട്ടിന്റെ തന്ത്രത്തിന്റെ പിന്നില്‍ പലതും ഒളിഞ്ഞിരിപ്പുണ്ട്. യുദ്ധം റഷ്യയുടെ ആഭ്യന്തകാര്യമാണെന്ന ചൈനയുടെ നിലപാട് ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
ഒരു വിമാനത്താവളം ഉയര്‍ന്നുവരണമെങ്കില്‍ എത്ര വര്‍ഷങ്ങളുടെ കഠിനാധ്വാനവും പണവും ആവശ്യമാണ്. അതെല്ലാമാണ് ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്നത്. റോഡുകള്‍, പാലങ്ങള്‍, വമ്പന്‍ ഫാക്ടറികള്‍ തുടങ്ങി ശത്രുരാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളും കേന്ദ്രങ്ങളുമായിരിക്കും തകര്‍ക്കപ്പെടുന്നത്. യുദ്ധം തീര്‍ന്നാലും എത്രയോ വര്‍ഷങ്ങള്‍ വേണ്ടിവരും അവ പുനഃനിര്‍മിക്കാന്‍. അതിനര്‍ത്ഥം ഓരോ യുദ്ധങ്ങളും അനേക വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുമെന്നാണ്. കൂടാതെ രാജ്യത്തെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും തടയപ്പെടും. ആഹാരത്തെക്കാളും ആയുധങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കപ്പെടുമ്പോള്‍ സാധാരണ മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. രണ്ടായിരത്തോളം മലയാളികളടക്കം ഏതാണ്ട് 20,000 ഇന്ത്യാക്കാര്‍ ഉക്രെയ്‌നില്‍ ഉണ്ടെന്നാണ് കണക്ക്.
അതില്‍ വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളാണ്. അപ്രതീക്ഷിതമായി ഉണ്ടായ യുദ്ധം എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകമഹായുദ്ധം എന്ന ഭീതിയില്‍നിന്ന് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം ആ വാര്‍ത്ത നല്‍കുമ്പോഴും ലോക സാമ്പത്തിക രംഗത്തിന് യുദ്ധം ഏല്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ആഗോള വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയടക്കം ഉയരും. ഇന്ധനവില ഉയര്‍ന്നാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകുമെന്ന് ആലോചിച്ചാല്‍ മതി.
മനുഷ്യന്റെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളാണ് യുദ്ധങ്ങളുടെ പിന്നില്‍. യുദ്ധം ഓരോ ജീവനുകളും കവര്‍ന്നെടുക്കുമ്പോള്‍ അവരെല്ലാം ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണെന്ന് ഓര്‍ക്കുക. അവരെ ഓര്‍ത്ത് നെഞ്ചുരുകി കരയുന്ന അനേകരുണ്ട്.
ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ ജീവനും ജീവനോപാധികളും നഷ്ടമാകുന്നവര്‍ എത്രയധികമായിരിക്കും. ഒരു യുദ്ധവും ലോകത്തില്‍ ഇന്നുവരെ സമാധാനം കൊണ്ടുവന്നിട്ടില്ല. അതിനാല്‍ മനുഷ്യ ജീവനുകളെടുക്കുന്ന, അവര്‍ക്കു ദുരിതങ്ങള്‍ സമ്മാനിക്കുന്ന യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുവാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണം. ഭരണാധികാരികള്‍ക്ക് മാനസാന്തരങ്ങള്‍ സംഭവിക്കണം. യുക്രെയ്ന്‍ ജനസംഖ്യയുടെ 85 ശതമാനത്തിലധികം ക്രൈസ്തവരാണ്. സോവിറ്റ് യൂണിയന്റെ കീഴിലായിരുന്ന ആ രാജ്യം കമ്മ്യൂണിസത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് വിശ്വാസം കാത്തുസൂക്ഷിച്ചവര്‍ കൂടിയാണ്. വ്യക്തിപരമായും സമൂഹമായും ഈ നിയോഗങ്ങള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ ദൈവത്തിന് ഒരു നിമിഷം മതി. ആയുധങ്ങളെക്കാളും ശക്തി പ്രാര്‍ത്ഥനകള്‍ക്കുണ്ടെന്ന തിരിച്ചറിവോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകളുടെ പ്രധാന നിയോഗം ഉക്രെയ്‌നില്‍ സമാധാനം സംജാതമാകുന്നതിനാകട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *