Follow Us On

21

September

2023

Thursday

നല്ല കേൾവിക്കാരാകൂ! ദൈവീക അനുഗ്രഹങ്ങൾക്ക് അവകാശികളാകാം!

നല്ല കേൾവിക്കാരാകൂ! ദൈവീക അനുഗ്രഹങ്ങൾക്ക് അവകാശികളാകാം!

‘അപരനെ കേൾക്കാനായി ദൈവത്തെ ശ്രദ്ധയോടെ കേൾക്കുന്നവരാവുക എന്നതാണ് നോമ്പിലെ നമ്മുടെ വെല്ലുവിളി.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 5

എല്ലാ വർഷവും മാർച്ച് മൂന്നിന് ലോകാരോഗ്യ സംഘടന ലോക കേൾവി ദിനമായി (World Hearing Day) ആചരിക്കുന്നു. ‘എന്നെന്നും കേൾക്കാനായ് കരുതലോടെ കേൾക്കാം’ (To hear for life, Listen with care) എന്നതാണ് ഈ വർഷത്തെ ലോക കേൾവി ദിനത്തിന്റെ ആപ്തവാക്യം. ഈ നോമ്പുകാലവും കേൾവിയുടേതാവണം. ദൈവത്തെയും അപരനെയും കരുതലോടെ കേൾക്കാൻ കഴിയുന്ന നല്ല ദിനങ്ങളാവണം.

ഈ ഭൂമിയിൽ സന്തോഷത്തോടും സമാധാനത്തോടുംകൂടി ജീവിക്കാൻ ദൈവത്തെയും സഹോദരങ്ങളെയും ശ്രദ്ധയോടെ കേൾക്കുന്നവരാവുക. ഒരു നാണയത്തിന്റെ ഇരുവശങ്ങൾപോലെ പൂരകങ്ങളാണ് ഈ രണ്ടു കേൾവികളും. ദൈവം പറയുന്നത് കേൾക്കാൻ സന്മനസ് കാണിക്കുന്നവന് അപരന്റെ ദീനരോദനങ്ങൾക്കുനേരെ ചെവിയടക്കാനാവില്ല.

ദൈവസ്വരം കേൾക്കുന്നവർ അനുഗ്രഹം അവകാശമാക്കും. ഈ അനുഗ്രഹം അവകാശമാക്കാൻ സഭ ക്ഷണിക്കുന്ന കാലമാണ് നോമ്പുകാലം. ദൈവവചനത്തിലൂടെയും വിശുദ്ധ കൂദാശകളിലൂടെയും സന്നിഹിതമാകുന്ന ദൈവസ്വരത്തിനു ശ്രദ്ധയോടെ കാതു നൽകുക, അപ്പോൾ ജീവിതത്തിൽ പരിവർത്തനം സംഭവിക്കും.

ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമായാണ് ദൈവവചനത്തെ (ഹെബ്രാ. 1:1-2) ഹെബ്രായ ലേഖന കർത്താവ് അവതരിപ്പിക്കുന്നത്. സംഭാഷണം ഫലദായകമാകണമെങ്കിൽ ഇരുകൂട്ടരും ശ്രദ്ധാപൂർവം കേൾക്കുന്നവരാവണം. പരസ്പരമുള്ള കേൾവിയിൽ പല പ്രശ്‌നങ്ങളും തെറ്റിധാരണകളും അപ്രത്യക്ഷമാകും. കേൾക്കുക എന്നതിനർത്ഥം കാര്യങ്ങൾ ഗൗരവമായി എടുക്കുന്നു എന്നാണ്. എല്ലാം ശ്രദ്ധയോടെ കേൾക്കാൻ കഴിയുന്ന ഒരു വ്യക്തി ജീവിതത്തിൽ ഉണ്ടാവുക എന്നത് ഒരു സുകൃതമാണ്.

ചില കേൾവികളൊക്കെ പുതുജീവൻ നൽകുന്നതാണ്. ഈശോ സമരിയാക്കാരിയെ ശ്രവിച്ചപ്പോൾ അത് അവൾക്കൊരു പുതുജീവിതം സമ്മാനിച്ചു. (യോഹ. അഞ്ചാം അധ്യായം). ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന (മർക്കോസ് 10:47) അന്ധയാചകൻ ബർതിമേയൂസിന്റെ യാചന ഈശോ കേട്ടപ്പോൾ അവനു കാഴ്ച കിട്ടി. നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! (ലൂക്കാ 23 :42) എന്ന നല്ല കള്ളന്റെ പ്രാർത്ഥന ഈശോ ശ്രവിച്ചപ്പോൾ അവൻ പറുദീസ്യ്ക്ക് അവകാശിയായി.

നല്ല കേൾവിക്കാർ ദൈവീക സുകൃതം ഹൃദയത്തിൽ വഹിക്കുന്നവരാണ്. ദൈവത്തെ യഥാർത്ഥത്തിൽ കേൾക്കുന്ന അവന് അപരന്റെ രോദനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. അപരനെ കേൾക്കാനായി ദൈവത്തെ ശ്രദ്ധയോടെ കേൾക്കുന്നവരാവുക എന്നതാണ് നോമ്പിലെ നമ്മുടെ വെല്ലുവിളി.

തിരുവചനത്തിലൂടെയും സഭയിലൂടെയും നിരന്തരം മുഴങ്ങുന്ന ദൈവീക സ്വരമനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തിയാൽ നമ്മുടെ ജീവിതത്തിനു സ്ഥിരത ലഭിക്കും.

ദൈവവചനം കേൾക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവനെ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനോടാണ് ഈശോ ഉപമിക്കുന്നത് (മത്താ.7:24). നല്ല കേൾവിക്കാരൻ നൽകുന്ന സുരക്ഷിതത്വവും ഈശോയുടെ ഈ ഉപമയിൽ നിഴലിക്കുന്നുണ്ട്. ദൈവവചനം ശ്രദ്ധയോടെ കേൾക്കുന്ന ശിഷ്യനും മറ്റുള്ളവർക്ക് ഈ സുരക്ഷിതത്വത്തിന്റെ കവചം സമ്മാനിക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?