Follow Us On

18

April

2024

Thursday

മുസ്തഫ ഇനി ഫാ. മോസസ്! ക്രിസ്തീയ വിശ്വാസം സ്വീകരിച്ച മുസ്ലീം യുവാവ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ!

മുസ്തഫ ഇനി ഫാ. മോസസ്! ക്രിസ്തീയ വിശ്വാസം സ്വീകരിച്ച മുസ്ലീം യുവാവ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ!

അബൂജ: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ സ്‌നേഹം കൗമാരപ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച നൈജീരിയൻ മുസ്ലീം കുടുംബാംഗം ഇദ്രിസ് മോസസ് ഗ്വാനൂബെ ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. ഫെബ്രുവരി 25ന് ജലിംഗോയിലെ ഔവർ ലേഡി ക്വീൻ ഓഫ് പീസ് കത്തീഡ്രലിൽവെച്ച് ജലിംഗോ ബിഷപ്പ് ചാൾസ് മൈക്കൽ ഹമ്മാവയുടെ കാർമികത്വത്തിലായിരുന്നു 32 വയസുകാരനായ മോസസിന്റെ തിരുപ്പട്ട സ്വീകരണം.

യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ 11 മക്കളിൽ ഏറ്റവും ഇളയവനായി 1990ലാണ് മോസസ് ജനിച്ചത്. മുസ്തഫ എന്നായിരുന്നു വീട്ടുകാർ നൽകിയ പേര്. പഠനത്തിൽ മിടുക്കനായ മോസസ് 2004- 2005 കാലഘട്ടത്തിൽ ആൽഫ അക്കാദമി സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കേയാണ് ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകൃഷ്ടനായത്. ഒഴിവു സമയങ്ങളിൽ തന്റെ കുടുംബത്തെ സഹായിക്കാനായി, വീട്ടിലുണ്ടാക്കുന്ന ബ്രഡ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കുന്നത് പതിവായിരുന്നു.

ഒരിക്കൽ, ഒരു സൺഡേ സ്‌കൂളിന്റെ മുന്നിലായിരുന്നു കച്ചവടം. അവിടെ നിന്നുള്ള കുട്ടികളെല്ലാം ബ്രഡ് വാങ്ങിയതോടെ, ദൈവാലയ പരിസരം മോസസിന്റെ സ്ഥിരം കച്ചവടകേന്ദ്രമായി മാറി. ദൈവാലയത്തിലെ ആരാധനക്രമ ഗീതങ്ങളിൽ ആകൃഷ്ടനായ മോസസ് ദൈവാലയം സന്ദർശിക്കുന്നത് പതിവായി. ക്രിസ്തീയ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും കുറിച്ച് കൂടുതൽ പഠിക്കണമെന്ന ആഗ്രഹം ശക്തമായത് അക്കാലത്താണ്.

കത്തോലിക്കാ ദൈവാലയത്തിൽ വിശ്വാസപരിശീലനം നടത്തിയ മോസസ് താമസിയാതെ സഭാ വിശ്വാസം സ്വീകരിച്ചു. അതിഭീകരമായ വെല്ലുവിളികളാണ് കുടുംബത്തിൽനിന്ന് നേരിടേണ്ടി വന്നത്. കുടുംബത്തിൽനിന്ന് പുറത്താക്കപ്പെട്ട അവന് വധഭീഷണിയും നേരിടേണ്ടി വന്നു. ഇടവക വികാരിയുടെ സഹായത്താൽ അവൻ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറുകയായിരുന്നു.

ജപമാല പ്രാർത്ഥനാ കൂട്ടായ്മയായ ബ്ലോക്ക് റോസറി ക്രുസേഡ്‌സ്, ഓൾട്ടർ ബോയ്‌സ് അസോസിയേഷൻ, ലീജിയൻ ഓഫ് മേരി, ഗായകസംഘം എന്നിവയിലും നൈജീരിയയിലെ കാത്തലിക് യൂത്ത് ഓർഗനൈസേഷൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി അദ്ദേഹം മാറി. അക്കാലത്താണ് പൗരോഹിത്യ ദൈവവിളിയെ കുറിച്ചുള്ള ചിന്ത പ്രബലമായത്. തന്നെക്കുറിച്ചുള്ള ദൈവഹിതം അതുതന്നെയാണെന്ന ചിന്തയാൽ ജലിംഗോയിലെ സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ പ്രവേശിതനായി.

മോസസിനെ സംബന്ധിച്ചിടത്തോളെ അവിടെ ചെലവഴിച്ച ആറ് വർഷങ്ങൾ വിശ്വാസത്തിന്റെ ആഴപ്പെടാനുള്ള ഏറ്റവും വലിയ അവസരമായിരുന്നു. 2012ൽ ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം പൗരോഹിത്യ വിളി വിവേചിച്ചറിയാൻ ഒരു വർഷംകൂടി കാത്തിരൂന്നു. സ്ഥിരീകരണം ലഭിച്ചതിനെ തുടർന്ന് തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം 2021 ജൂലൈ 18നാണ് ഡീക്കൻ പട്ടം സ്വീകരിച്ചത്.

‘ഞാൻ പൂർണമായും സഭയുടേതാണ്. സുവിശേഷ ദൗത്യവുമായി ബന്ധപ്പെട്ട് സഭ ഭരമേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സർവധാ ഞാൻ തയാറാണ്,’ ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ ‘SW NEWS’ നോട്‌ ഫാ. മോസസ് പറഞ്ഞു. ഏതാണ്ട് 10 ഭാഷകളിൽ പ്രാവീണ്യമുള്ള ഫാ. മോസസ് സംഗീതജ്ഞൻ കൂടിയാണ്. ക്രൈസ്തവ വിശ്വാസികൾക്കുനേരായ പീഡനങ്ങൾ നാൾക്കുനാൾ വർദ്ധിക്കുമ്പോഴും നൈജീരിയയിൽ കത്തോലിക്കാ വിശ്വാസം പടർന്നുപന്തലിക്കുന്നു എന്നതാണ് വാസ്തവം. ഇസ്ലാം മതത്തിൽനിന്ന് ഉൾപ്പെടെയുള്ളവർ ക്രിസ്തീയ വിശ്വാസം പുൽകുന്നുമുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?