Follow Us On

29

March

2024

Friday

പഠിക്കാം, ധ്യാനിക്കാം വിശുദ്ധ എഫ്രേം പിതാവ് നൽകിയ ചെക്ക് ലിസ്റ്റ്!

പഠിക്കാം, ധ്യാനിക്കാം വിശുദ്ധ എഫ്രേം പിതാവ് നൽകിയ ചെക്ക് ലിസ്റ്റ്!

‘നമ്മുടെ തെറ്റുകൾ കാണുകയും സഹോദരന്റ തെറ്റുകൾ വിധിക്കാതിരിക്കുകയും ചെയ്യാൻ കഴിയുന്ന ഹൃദയ വിശാലതയും കൺ തുറവിയുമല്ലേ നോമ്പിനെ വിശുദ്ധീകരിക്കുന്നതും ശ്രേഷ്ഠമാക്കുന്നതും. അതിലേക്ക് നമ്മെ നയിക്കാൻ സഹായിക്കും എഫ്രേം പിതാവ് പഠിപ്പിച്ച ഈ നോമ്പുകാല പ്രാർത്ഥന.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’ 7

പ്രയാണത്തിന്റെ ഏഴാം നാൾ ‘പരിശുദ്ധാരൂപിയുടെ വീണ’ (Harp of the Holy Spirit) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുറിയാനി സഭാപിതാവ് വിശുദ്ധ എഫ്രേമിന്റെ ഒരു പ്രാർത്ഥനയാണ് വിചിന്തന വിഷയം. ബൈസന്റൈൻ കത്തോലിക്കാ സഭാ പാരമ്പര്യത്തിലും ഓർത്തഡോക്‌സ് സഭാ പാരമ്പര്യത്തിലും വളരെ പ്രാധാന്യമർഹിക്കുന്ന ഹ്രസ്വവും എന്നാൽ, അർത്ഥപൂർണവുമായ പ്രാർത്ഥനയാണിത്.

‘കർത്താവേ, എന്റെ ജീവിതത്തിന്റെ യജമാനനേ, അലസത, നിരാശ, അധികാരമോഹം, അലസമായ സംസാരം എന്നിവ എന്നിൽനിന്ന് എടുത്തുമാറ്റണമേ.

നിന്റെ ശുശ്രൂഷകനായ/ ശുശ്രൂഷകയായ എനിക്ക് പരിശുദ്ധി, എളിമ, ക്ഷമ, സ്‌നേഹം എന്നിവയുടെ ചൈതന്യം നൽകണമേ.

എന്റെ കർത്താവും രാജാവുമേ, എന്റെ സ്വന്തം പാപങ്ങൾ കാണാനും എന്റെ സഹോദരനെ വിധിക്കാതിരിക്കാനും എന്നെ അനുവദിക്കുക. എന്തെന്നാൽ നീ എന്നേക്കും അനുഗ്രഹിക്കപ്പെട്ടവനാണ്. ആമ്മേൻ.’

എഫ്രേം പിതാവിന്റെ ഈ നോമ്പുകാല പ്രാർത്ഥന വലിയ നോമ്പിന്റെ ചൈതന്യം ഏറ്റവും സംക്ഷിപ്തമായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. പൗരസ്ത്യ പാരമ്പര്യത്തിൽ നൂറുകണക്കിന് നോമ്പുകാല പ്രാർത്ഥനകൾ ഉണ്ടെങ്കിലും പ്രശസ്ത ഓർത്തഡോക്‌സ് ദൈവശാസ്ത്രജ്ഞൻ അലക്‌സാണ്ടർ ഷ്‌മെമാൻ ഈ പ്രാർത്ഥനയെ ‘നോമ്പുകാലത്തിലെ യഥാർത്ഥ പ്രാർത്ഥന,’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ലളിതമായ ഈ പ്രാർത്ഥന നോമ്പുകാല ആരാധനാക്രമ കർമങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്നത് എന്തുകൊണ്ടാണ്? അനുതാപത്തിന്റെയും ജീവിത നവീകരണത്തിന്റും നിഷേധാത്മകവും ഭാവാത്മകവുമായ എല്ലാ ഘടകങ്ങളും അക്കമിട്ടുനിരത്തി വ്യക്തിപരമായ ജീവിത വിശുദ്ധിയിലേക്ക് നയിക്കുന്ന ഒരു ചെക്ക് ലിസ്റ്റാണ് ഈ പ്രാർത്ഥന. ദൈവത്തിങ്കലേക്ക് തിരിയുന്നതിന് തടസം നിൽക്കുന്ന അടിസ്ഥാന ആത്മീയ രോഗങ്ങളിൽ നിന്നുള്ള മോചനമാണ് പ്രാർത്ഥനയുടെ ആദ്യഭാഗം.

അലസത, നിരാശ, അധികാരമോഹം, അലസമായ സംസാരം ഇവ നാലും മാനസാന്തരത്തിന്റെ നിഷേധാത്മ ഘടകങ്ങളാണ്. അവ ഉന്മൂലനം ചെയ്യപ്പേടേണ്ട തടസ്സങ്ങളാണ്. ദൈവകൃപയ്ക്ക് മാത്രമേ അവ വേരോടെ പിഴുതെറിയാൻ കഴിയൂ. അതിനാൽ മനുഷ്യന്റെ നിസഹായതയുടെ അടിത്തട്ടിൽ നിന്നാണ് ഈ പ്രാർത്ഥനയുടെ ആദ്യഭാഗത്തെ നിലവിളി. രണ്ടാം ഭാഗത്ത് മാനസാന്തരത്തിന്റെ നല്ല ഫലങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പരിശുദ്ധി, എളിമ, ക്ഷമ, സ്‌നേഹം ഇവ നാലും ഒരു വ്യക്തി മാനസാന്തരത്തിന്റെ പാതയിലാണ് എന്നതിന്റെ തെളിവുകളാണ്. എന്റെ സ്വന്തം തെറ്റുകൾ കാണാനും സഹോദരനെ വിധിക്കാതിരിക്കാനും എന്നെ സഹായിക്കണമേ എന്ന മൂന്നാം ഭാഗത്തിൽ നോമ്പിന്റെ യഥാർത്ഥ ചൈതന്യം സംഗ്രഹിക്കുയാണ് എഫ്രേം പിതാവ്. നമ്മുടെ തെറ്റുകൾ കാണുകയും സഹോദരന്റ തെറ്റുകൾ വിധിക്കാതിരിക്കുകയും ചെയ്യാൻ കഴിയുന്ന ഹൃദയ വിശാലതയും കൺ
തുറവിയുമല്ലേ നോമ്പിനെ വിശുദ്ധീകരിക്കുന്നതും ശ്രേഷ്ഠമാക്കുന്നതും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?