Follow Us On

20

March

2023

Monday

ഏറ്റുപറയാൻ തയാറെങ്കിൽ ദൈവകൃപകളാൽ ജീവിതം സമ്പന്നമാകും!

ഏറ്റുപറയാൻ തയാറെങ്കിൽ ദൈവകൃപകളാൽ ജീവിതം സമ്പന്നമാകും!

‘ദൈവ തിരുമുമ്പിൽ നടത്തുന്ന, ഞാൻ പാപിയാണ് എന്ന ഏറ്റുപറച്ചിലാണ് ജീവിതത്തിൽ ദൈവകൃപകൾ കൊണ്ടുവരുന്നതിനുള്ള ആദ്യത്തെ മാനദണ്ഡം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 8

വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ പ്രബല രാജവംശമായിരുന്നു ഹാബ്‌സ്ബുർഗ് രാജവംശം (Habsburg dynasty). 1273നും 1918നും ഇടയിലുള്ള നിരവധി നൂറ്റാണ്ടുകൾ അധികാരം അവരുടെ കൈകളിലായിരുന്നു. ഓസ്ട്രിയയിലെ വിയന്നയായിരുന്നു പല കാലഘട്ടങ്ങളിലും ഇവരുടെ തലസ്ഥാനം. ഈ രാജകുടുംബാംഗങ്ങളുടെ മൃതസംസ്‌കാരം നടന്നിരുന്നത് തലസ്ഥാന നഗരിയായ വിയന്നയിലെ കത്തീഡ്രൽ ദൈവാലയത്തിലും!

ചക്രവർത്തിയുടെ മൃതസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പാരമ്പര്യംതന്നെ അവർക്കുണ്ടായിരുന്നു. ചക്രവർത്തിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദൈവാലയത്തിൽ എത്തുമ്പോൾ വാതിലുകൾ അടച്ചിട്ടിയിരിക്കുകയായിരിക്കും. ശമമഞ്ചവുമായി എത്തുന്നവർ ദൈവാലയത്തിൽ പ്രവേശിക്കാൻ വാതിലിൽ മുട്ടും. അപ്പോൾ അകത്തുനിന്ന് പുരോഹിതൻ ചോദിക്കും: ‘ആരാണ് ഇവിടെ പ്രവേശിക്കാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നത്?’

‘അത്യുന്നതനായ ചക്രവർത്തി!’ എന്നായിരിക്കും പുറത്തുനിൽക്കുന്ന ജനത്തിന്റെ മറുപടി. ‘എനിക്ക് അവനെ അറിയില്ല,’ എന്ന് പുരോഹിതൻ ഉത്തരം നൽകും. ഓശാന ഞായറാഴ്ചയിലെ കർമംപോലെ ജനം വീണ്ടും പുറത്തെ വാതിലിൽ മുട്ടും. അകത്തു നിൽക്കുന്ന പുരോഹിതൻ വീണ്ടും അതേ ചോദ്യം ആവർത്തിക്കും. ‘ഏറ്റവും ഉയർന്ന ചക്രവർത്തി!,’ എന്നായിരിക്കും അപ്പോൾ ജനത്തിന്റെ മറുപടി. ‘എനിക്കവനെ അറിയില്ല,’ എന്ന മറുപടി പുരോഹിതൻ ആവർത്തിക്കും.

ജനം മൂന്നാം പ്രാവശ്യവും വാതിലിൽ മുട്ടുമ്പോൾ പുരോഹിതൻ വീണ്ടും അതേ ചോദ്യം ഉയർത്തും. ഇത്തവണ ജനത്തിന്റെ മറുപടി ഇപ്രകാരമായിരിക്കും: ‘പാപിയായ നിങ്ങളുടെ ഒരു സഹോദരൻ!’ ഈ മറുപടി കേൾക്കുമ്പോൾ ദൈവാലയത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും തുടർന്നുള്ള മൃതസംസ്‌കാര ശുശ്രൂഷകൾ നടക്കുകയും ചെയ്യും.

നോമ്പുകാലത്തിന്റെ യഥാർത്ഥ ചൈതന്യമാണ് ഈ പാരമ്പര്യത്തിൽ നിഴലിക്കുന്നത്. ദൈവ തിരുമുമ്പിൽ നടത്തുന്ന, ഞാൻ പാപിയാണ് എന്ന ഏറ്റുപറച്ചിലാണ് ജീവിതത്തിൽ ദൈവകൃപകൾ കൊണ്ടുവരുന്നതിനുള്ള ആദ്യത്തെ മാനദണ്ഡം. ചക്രവർത്തിമാർക്കോ രാജാക്കന്മാർക്കോ പോലും ഈ യാഥാർത്ഥ്യത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല. ഈ സത്യം തന്റെ പ്രജകളെ അറിയിക്കുക എന്ന മഹത്തായ ദൗത്യമാണ് ഹാബ്‌സ്ബുർഗ് ചക്രവർത്തിമാർ പ്രസ്തുത പാരമ്പര്യത്തിലൂടെ നിറവേറ്റിയിരുന്നത്.

ലോകം ദർശിച്ച ഏറ്റവും വലിയ പ്രേഷിതനായ വിശുദ്ധ പൗലോസ് ‘പാപികളിൽ ഒന്നാമനാണ് ഞാൻ,’ (1 തിമോ 1:15) എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. നാം പാപികളാണന്ന ബോധ്യം ഉണ്ടായാലേ ‘ദൈവമേ, പാപിയായ എന്നിൽ കനിയണമേ,’ (ലൂക്കാ 18:13 ) എന്ന പ്രാർത്ഥന ചുങ്കക്കാരനെപ്പോലെ നമുക്കും പ്രാർത്ഥിക്കാനാവൂ. ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര സാധ്യമാകുന്നത് ഞാൻ പാപിയാണ് എന്ന സ്വയാവബോധത്തിൽ നിന്നാണ്. ഈ അവബോധത്തോടെ ജീവിക്കുമ്പോൾ ദൈവകൃപയുടെ വസന്തം നമ്മുടെ ജീവിതത്തിൽ പരിമളം സൃഷ്ടിക്കും.

നോമ്പുകാലത്തിൽ സഭയാകുന്ന അമ്മ, നമ്മുടെ ജീവിതത്തെ വികലമാക്കുന്ന പാപവും പാപ സാഹചര്യങ്ങളും ഒഴിവാക്കി അനുതാപത്തിന്റെയും മനഃപരിവർത്തനത്തിന്റെയും വഴികളിലൂടെ ദൈവസ്നേഹം അനുഭവിക്കാൻ നമ്മെ വിളിക്കുന്നു. അതിനുള്ള പ്രഥമ പടിയാണല്ലോ ‘ഞാൻ പാപിയാണ്’ എന്ന ഏറ്റുപറച്ചിൽ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?