Follow Us On

19

April

2024

Friday

നോമ്പുകാലമാണോ അനുതപിക്കാൻ ഏറ്റവും ഉചിതമായ സമയം?

നോമ്പുകാലമാണോ അനുതപിക്കാൻ ഏറ്റവും ഉചിതമായ സമയം?

‘നമ്മുടെ പാപങ്ങളെയും പാപ സാഹചര്യങ്ങളെയും ഓർത്ത് അനുതാപത്തോടെ കണ്ണീർ തൂകി നോമ്പുകാലം നമുക്കു വിശുദ്ധമാക്കാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 9

അനുതാപത്താൽ ഹൃദയത്തെ എപ്പോഴും കഴുകി വിശുദ്ധീകരിക്കേണ്ട സമയമാണല്ലോ നോമ്പുകാലം. പാപത്തിൽനിന്ന് മനുഷ്യകുലത്തെ രക്ഷിക്കാനാണ് ഈശോ ഈ ലോകത്തിൽ മനുഷ്യനായി അവതരിച്ചത്. പാപത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും പശ്ചാത്താപവും പ്രായശ്ചിത്തവും പരിത്യാഗവും വഴി ദൈവത്തോട് അടുക്കാനും നോമ്പുകാലം നമ്മെ സഹായിക്കുന്നു.

റബ്ബി ഏലിയാസറിനോട് ഒരിക്കൽ ശിഷ്യർ ചോദിച്ചു: ‘ഗുരോ, എപ്പോഴാണ് ഞങ്ങൾ അനുതപിക്കേണ്ടത്?’ ‘നിങ്ങൾ മരിക്കുന്നതിന്റെ തലേ ദിവസം,’ എന്നായിരുന്നു റബ്ബിയുടെ മറുപടി. ‘നാം മരിക്കാൻ പോവുകയാണന്ന് എങ്ങനെ അറിയും?,’ ശിഷ്യന്മാർ റബ്ബിയോടു വീണ്ടും ചോദിച്ചു. അതിന് മറുപടിയായി ഗുരു നൽകിയ ഉത്തരം നമ്മെയും ചിന്തിപ്പിക്കണം: ‘നാം എപ്പോൾ മരിക്കും എന്നെനിക്കറിയില്ല. അതിനാൽ നമ്മുടെ പാപങ്ങളെക്കുറിച്ച് എപ്പോഴും അനുതപിക്കണം.’

ശരിയായ അനുതാപം സ്വർഗത്തിന്റെ വാതിലുകൾ നമുക്കു മുമ്പിൽ താനേ തുറക്കുന്നു. സ്വർഗത്തിന് വലിയ സന്തോഷം സമ്മാനിക്കുന്ന മനുഷ്യാത്മാവിന്റെ തുറവിയാണ് അനുതാപം. ‘അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാൻമാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും,’ (ലൂക്കാ 15:7) എന്ന് ഈശോ പഠിപ്പിക്കുന്നു.

ഈശോ ഈ ഭൂമിയിൽ ആയിരുന്ന സമയത്ത് അനുതപിക്കുന്ന പാപികളോട് എന്നും കരുണയുള്ളവനായിരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും (യോഹ 8:11) കണ്ണീരുകൊണ്ട് ഈശോയുടെ പാദങ്ങൾ കഴുകിയ പാപിനിയായ സ്ത്രീയോടും (ലൂക്കാ 7:38) അവിടുന്ന് ക്ഷമിച്ചു. മരക്കുരിശിൽ മരിക്കാൻ കിടക്കുമ്പോഴും തന്റെ വലതുവശത്തു കിടന്ന അനുതപിച്ച നല്ല കള്ളനെ പറുദീസാ നൽകി അനുഗ്രഹിച്ചു. നമ്മുടെ അനുതാപത്തെ മരണത്തിനൊരുക്കമെന്ന നിലയിൽ മാത്രമായി ചുരുക്കരുത്, വിശുദ്ധിയുടെ ജീവിതം നയിക്കാനും അതു നമുക്കു പ്രചോദനം ആകണം.

ആത്യന്ത്യകമായി പാപത്തിൽനിന്ന് അകന്നുനിൽക്കാനും വിശുദ്ധിയിൽ വളരാനുമുള്ള വിളിയാണ് അനുതാപം ലക്ഷ്യം വെക്കുന്നത്. കർത്താവിന്റെ മേശയിൽ ബലിയർപ്പിക്കാനുള്ള വിലയേറിയ നിബന്ധനയാണ് അനുതാപം. ‘നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന്അവിടെവച്ച് ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക,’ (മത്തായി 5: 23-24).

‘അൾത്താരയിൽ അനുതാപമോടെ അണിചേർന്നിടാം…’ എന്ന് തുടങ്ങുന്ന മനോഹരമായ ഭക്തിഗാനവും നമുക്കു തരുന്ന സന്ദേശവും മറ്റൊന്നല്ല. നമ്മുടെ പാപങ്ങളെയും പാപ സാഹചര്യങ്ങളെയും ഓർത്ത് അനുതാപത്തോടെ കണ്ണീർ തൂകി നോമ്പുകാലം നമുക്കു വിശുദ്ധമാക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?