Follow Us On

19

April

2024

Friday

വലിയ നോമ്പ്: കരുണകൊണ്ട് സ്വർഗം കവരാനുള്ള സുവർണ കാലഘട്ടം!

വലിയ നോമ്പ്: കരുണകൊണ്ട് സ്വർഗം കവരാനുള്ള സുവർണ കാലഘട്ടം!

‘മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തം സുഖദുഃഖങ്ങളായി കരുതാനും ഇടപെടാനും കരുണയുള്ളവർക്കേ സാധിക്കൂ. അതിനാൽ, ഈ നോമ്പുകാലത്ത് സ്വർഗപിതാവിന്റെ കാരുണ്യത്തിലേക്ക് വളരാൻ നമുക്കു പരിശ്രമിക്കാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 10

പ്രമുഖ മാധ്യമമായ ‘ന്യൂയോർക്ക് ടൈസി’ന്റെ ജനപ്രിയ എഴുത്തുകാരിൽ ഒരാളായ റെയ്മണ്ട് അറോയോ കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകമാണ് The Thief who Stole Heaven: A Legend (സ്വർഗം കവർന്ന കള്ളൻ: ഒരു ഐതീഹ്യം). ഈശോയ്‌ക്കൊപ്പം ക്രൂശിക്കപ്പെട്ട നല്ല കള്ളനായ ദിസ്മാസിന്റെ ജീവിതകഥയാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! (ലൂക്കാ 23: 42) എന്ന ഒറ്റ അഭ്യർത്ഥനയാൽ സ്വർഗം കരസ്ഥമാക്കിയ വ്യക്തിയാണ് ദിസ്മാസ്. അതിനാസ്പദമായ സംഭവം ചില ഐതിഹ്യങ്ങൾ കൂട്ടിയിണക്കിയാണ് അറോയോ അവതരിപ്പിക്കുന്നത്.

ദിസ്മാസ് ചെറുപ്പമായിരുന്നപ്പോൾ ഉണ്ണിയേശുവിനെ ഒരിക്കൽ കാണാൻ ഇടയായി. അക്കാലത്ത് അനുകമ്പയില്ലാതെ പെരുമാറിയിരുന്ന അവന്റെ വിളിപ്പേരുതന്നെ ‘മരണത്തിന്റെ രാജകുമാരൻ’ എന്നായിരുന്നു. തിരുകുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്യുന്നതിനിടയിൽ ദിസ്മാസ് ഉൾപ്പെട്ട ഒരു കൊള്ളസംഘത്തിന്റെ മുമ്പിൽ പെട്ടു.

അവരെ കൊള്ളയടിക്കാനുള്ള ചുമതല ദിസ്മാസിനെയാണ് സംഘത്തലവൻ ഏൽപ്പിച്ചിരുന്നത്. പാവപ്പെട്ട ആ കുടുംബത്തിന്റെ സഞ്ചികൾ തട്ടിപ്പറിച്ചു തുറക്കുമ്പോൾ യൗസേപ്പിതാവ് ദിസ്മാസിനോടു തങ്ങളോടു ദയയുണ്ടാകണമേ എന്ന് അപേഷിക്കുന്നു. ഉണ്ണിയേശുവിന്റെ പുഞ്ചിരിയും ദൈവീകത നിറഞ്ഞ നോട്ടവും കൂടി ആയപ്പോൾ അവന്റെ ഉള്ളലിയുകയും അവരെ വെറുതെ വിടുകയും ചെയ്യുന്നു.

തദവസരത്തിൽ ദിസ്മാസ് തിരുകുടുംബത്തോടു കരുണ യാചിക്കുന്ന സന്ദർഭവും ഗ്രന്ഥത്തിലുണ്ട്. യാത്ര പറയുമ്പോൾ ഉണ്ണിയേശു അവന്റെ കരങ്ങളിൽ പിടിച്ചു കൊഞ്ചുമ്പോൾ ദിസ്മാസ് ഒരു ആഗ്രഹംമാത്രം അവനോടു പങ്കുവെക്കുന്നു: ‘എനിക്ക് നിന്റെ കരുണ ആവശ്യമുള്ള ഒരു സമയം വരുകയാണെങ്കിൽ, അന്ന് നീ എന്നെ ഓർക്കണമേ.’

അതിന്റെ പൂർത്തീകരണമാണ് മൂന്നു പതിറ്റാണ്ടുകൾക്കുശേഷം കാൽവരി മലയിൽ നിറവേറിയത്. അൽപ്പം കാരുണ്യം പറുദീസയുടെ വാതിലുകൾ നമ്മുടെ മുമ്പിൽ തുറപ്പിക്കും എന്ന് നല്ല കള്ളന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. കാരുണ്യപ്രവൃത്തികൾ ചെയ്ത് സ്വർഗം കവർന്നെടുക്കാൻ നമുക്കു കിട്ടിയിരിക്കുന്ന സുവർണകാലഘട്ടമാണ് നോമ്പുകാലം.

പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നാൾവഴികളിൽ ‘കരുണയും വിശ്വസ്തതയും നമ്മെ പിരിയാതിരിക്കട്ടെ. അവയെ നമ്മുടെ കഴുത്തിൽ ധരിക്കുകയും; ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുക,’ (CF.സുഭാ 3:3) കാരണം ‘വരൾച്ചയുടെ നാളുകളിൽ മഴക്കാറുപോലെ കഷ്ടതയിൽ കർത്താവിന്റെ കരുണ ആശ്വാസപ്രദമാണ്,’ (പ്രഭാ 35:26)

‘പ്രയാണ’ത്തിന്റെ പത്താം നാൾ കരുണയാലും ദയയാലും നമുക്കു നിറയപ്പെടാം. ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ഉയരുന്ന കരുണ ഇന്ന് ലോകത്തിന് ധാരാളം ആവശ്യമുണ്ട്. അത്തരം കാരുണ്യം മനുഷ്യഹൃദയങ്ങളിൽ വളർന്നാൽ മാത്രമേ ലോക സമാധാനവും ശാന്തിയും കരഗതമാകൂ.

മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തം സുഖദുഃഖങ്ങളായി കരുതാനും ഇടപെടാനും കരുണയുള്ളവർക്കു മാത്രമേ സാധിക്കൂ. അതിനാൽ സ്വർഗ പിതാവിന്റെ കാരുണ്യത്തിലേക്ക് ഈ നോമ്പുകാലത്ത് വളരാൻ നമുക്കു പരിശ്രമിക്കാം. ‘നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ,’ (ലൂക്കാ 6:36).

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?