Follow Us On

21

September

2023

Thursday

മനസ്സിലാക്കൽ ഒരു കലയാണ്, നോമ്പുകാലത്ത് കൂടുതൽ പരിശീലിക്കേണ്ട കല!

മനസ്സിലാക്കൽ ഒരു കലയാണ്, നോമ്പുകാലത്ത് കൂടുതൽ പരിശീലിക്കേണ്ട കല!

‘മനസ്സലിവുള്ള ദൈവത്തിന്റെ മുമ്പിൽ മനസ്സു തുറന്ന് വ്യാപരിക്കുമ്പോൾ അവിടുത്തെ മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും നമുക്കു കൃപ ലഭിക്കും.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 11

‘എന്നെ ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു!’ നമ്മിൽ പലരും പലപ്പോഴും കേട്ടു തഴമ്പിച്ച ഒരു വാചകമാണിത്. മനസ്സിലാക്കൽ എന്ന വിശുദ്ധ കലയെക്കുറിച്ച് നോമ്പിലെ ഈ നാൾവഴികളിൽ നമുക്കു ചിന്തിക്കാം.

മനസ്സിലാക്കൽ ഒരു കലയായതിനാൽ നല്ല പരിശീലനം ലഭിച്ചവർക്കുമാത്രമേ അതു പൂർണതയോടെ പ്രാവർത്തികമാക്കാനാകൂ. മനുഷ്യനെ മനസ്സിലാക്കിയ ദൈവത്തെ മനസ്സിലാക്കാതെ പോകുന്നിടത്താണ് പാപം ഉടലെടുക്കുന്നത്. ചരിത്രത്തിന്റെ നാൾവഴികളിൽ ഇടപെടുന്ന ദൈവപുത്രനായ ഈശോയെ മനസ്സിലാക്കാൻ സാധിക്കാത്തതാണ് നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തം.

നൂറ്റിരണ്ടാം വയസിൽ മരണമടഞ്ഞ ജർമൻ തത്വചിന്തകൻ ഹാൻസ് ജോർജ് ഗാഡാമറിന്റെ കാഴ്ചപ്പാടിൽ, മറ്റൊരാളുടെ ലോകത്തെയും ആശയങ്ങളെയും അഭിരുചികളെയും അവനവന്റെ ലോകത്തേക്ക് പരിഭാഷപ്പെടുത്തുന്നതാണ് മനസ്സിലാക്കൽ. ഈശോയേയും അവിടുത്തെ ദൈവരാജ്യത്തിന്റെ ആശയങ്ങളെയും അഭിരുചികളെയും നമ്മുടെ ജീവിതസാഹചര്യങ്ങളിലേക്ക് പരിഭാഷപ്പെടുത്തുകയാണ് സുവിശേഷവത്കരണം. അതിന്റെ ആദ്യ മാനദണ്ഡം ഈശോയെ മനസ്സിലാക്കലാണ്. ഈശോയേയും അവിടുത്തെ ആദർശങ്ങളെയും സവിശേഷമായി മനസ്സിലാക്കേണ്ട സമയമാണ് നോമ്പുകാലം.

മനസ്സിലാക്കലിലാണ് ബന്ധങ്ങളുടെ ജീവരസം അടങ്ങിയിരിക്കുന്നത്. നല്ല ബന്ധങ്ങൾ വളർത്തണമെന്നും അവയെ പരിപോഷിപ്പിക്കണമെന്നും നാം ആഗ്രഹിക്കുന്നെങ്കിൽ അപരനെ മനസ്സിലാക്കിയാണ് ബന്ധങ്ങൾക്ക് നാം അടിത്തറ പാകേണ്ടത്. ഇത്രയും നാളായിട്ടും അവന് / അവൾക്ക് എന്നെ മനസ്സിലായില്ലല്ലോ എന്ന നെടുവീർപ്പിൽ അടങ്ങിയിരിക്കുന്ന നൊമ്പരം വാക്കുകൾക്കതീതമാണ്.

അറിവും മനസ്സിലാക്കലും തമ്മിലുള്ള വിത്യാസം തിരിച്ചറിയുക വളരെ പ്രധാനപ്പെട്ടതാണ്. അറിവ് ബൗദ്ധീകതലത്തിലാണങ്കിൽ, മനസ്സിലാക്കൽ ഹൃദയത്തിൽ നടക്കുന്ന പ്രവൃത്തിയാണ്. തലയിൽനിന്ന് ഹൃദയത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നതനുസരിച്ച് മനസ്സിലാക്കൽ ഏളുപ്പമാകും.

പ്രിയപ്പെട്ടവരെ കുറിച്ചുള്ള അറിവ് നമുക്ക് അവരെപ്പറ്റിയുള്ള വിവരമാണ്, അവരെ മനസ്സിലാക്കുക എന്നാൽ അവർ പറയാതെയും ആവശ്യപ്പെടാതെയും ആ അറിവനുസരിച്ച് അവരോട് പെരുമാറുക എന്നതാണ്. ഈശോ തന്നെ ഭരമേൽപ്പിച്ചവരെ മനസ്സിലാക്കിയതിന്റെ ചരിത്രമാണ് സുവിശേഷം. ഈശോയുടെ ഈ ഭൂമിയിലെ പ്രവൃത്തികളെല്ലാം മനുഷ്യരെ മനസ്സിലാക്കി അതിനോടുള്ള ഭാവാത്മകമായ പ്രതികരണമായിരുന്നു.

ഡച്ച് തത്വചിന്തകൻ ബറൂക്ക് സ്പിനോസയുടെ അഭിപ്രായത്തിൽ, ഒരു മനുഷ്യന് നേടാനാകുന്ന ഏറ്റവും ഉയർന്ന നേട്ടം എന്നത് മനസ്സിലാക്കാൻ പഠിക്കുക എന്നതാണ്. കാരണം, മനസ്സിലാക്കുക എന്നാൽ സ്വതന്ത്രനാവുക എന്നതാണ്. തകർന്ന ജീവിതങ്ങളും ഉലഞ്ഞ ബന്ധങ്ങളും നേരെയാക്കണമെങ്കിൽ പരസ്പരം മനസ്സിലാക്കലിന്റെ കൃപ ആവശ്യമാണ്. പരസ്പര ധാരണയും മനസ്സിലാക്കലുമുള്ള നിലത്തേ കുടുംബ ജീവിതവും സമർപ്പിത ജീവിതവും ഫലം ചൂടൂ.

മനസ്സലിവുള്ള ദൈവത്തിന്റെ മുമ്പിൽ മനസ്സു തുറന്ന് വ്യാപരിക്കുമ്പോൾ അവിടുത്തെ മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും നമുക്കു കൃപ ലഭിക്കും. സങ്കീർത്തനെപ്പോലെ നമുക്കു പ്രാർത്ഥിക്കാം: ‘കർത്താവേ, അങ്ങയുടെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!’ (സങ്കീ 25:4).

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?