Follow Us On

04

June

2023

Sunday

കാൽവരിയിലെ മരക്കുരിശ്: ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ അടയാളം!

കാൽവരിയിലെ മരക്കുരിശ്: ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ അടയാളം!

‘നമ്മോടുള്ള തന്റെ സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്താൻ, ഏറ്റവും ഭയാനകമായ കുരിശുമരണത്തെ ഈശോ കരുണ വറ്റാത്ത നീരുറവയാക്കി മാറ്റി.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 12

നോമ്പിലെ രണ്ടാം വെള്ളിയാഴ്ചയിൽ ഈശോയുടെ മരക്കുരിശിനെക്കുറിച്ച് നമുക്കു ധ്യാനിക്കാം. പാപമില്ലാതിരുന്നിട്ടും പരസ്യ വിചാരണയിൽ കുറ്റക്കാരനാണന്ന് കണ്ടെത്തി പീലാത്തോസ് ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു. മുൾക്കിരീടവും ചുവന്ന മേലങ്കിയും ധരിച്ച് കുരിശുമായി അവിടുന്ന് കാൽവരിമലയുടെ മുകളിലേക്ക് പോകുന്നു. അവിടെ നഗ്‌നനായി രണ്ടു കള്ളന്മാരുടെ നടുവിൽ കുരിശിൽ തൂങ്ങി ദൈവപുത്രൻ മനുഷ്യരക്ഷയ്ക്കായി ജീവൻ വെടിയുന്നു.

ഭയാനകമായ മരണം, മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്ത വിധം കഠോരമായ പീഡകൾ. എന്തുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം നിന്ദ്യമായ മരണത്തിനു വിധേയനായത്? മരണം വരിക്കാനായി സജീവനായ ദൈവപുത്രൻ ഭൂമിയിൽ എന്തിനാണ് പിറവിയെടുത്തത്? ഉത്തരം യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 16-ാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു:

‘എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു,’ (യോഹന്നാൻ 3:16). അതെ, അവിടുന്ന് നമുക്കുവേണ്ടി ജീവൻ നൽകി. അവിടുന്ന് നമുക്കായി ചോര ചിന്തി. അവിടുന്ന് അപ്രകാരം ചെയ്തത് അവിടുന്ന് നമ്മെ അത്രമേൽ സ്‌നേഹിക്കുന്നതിനാലാണ്.

ദൈവരാജ്യം സ്ഥാപിക്കാൻ യേശു ഉപയോഗിച്ച അൾത്താരയായിരുന്നു കാൽവരിയിലെ മരക്കുരിശ്. ദൈവത്തിന്റെ കാരുണ്യത്തിന്റെ സമ്പത്ത് ഒഴുകുന്ന ഉറവയായി അത് മാറി. ആ മരക്കുരിശിൽ, ദൈവം എല്ലാ മനുഷ്യരോടുമുള്ള സ്‌നേഹം വെളിപ്പെടുത്തുന്നു. നമ്മോടുള്ള തന്റെ സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്താനായി, ഈശോ ഏറ്റവും ഭയാനകമായ കുരിശുമരണത്തെ കരുണ വറ്റാത്ത നീരുറവയാക്കി മാറ്റി.

വിശുദ്ധ കുരിശ് ക്രൈസ്തവന്റെ അത്ഭുതകരമായ പ്രതീകമാണ്. ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ പ്രേമ കാവ്യമാണ് ഈശോമിശിഹായുടെ മരക്കുരിശ്. ഈശോ എന്തിന് മരക്കുരിശിൽ മരിച്ചു എന്നതിനുള്ള ഏഴു കാരണങ്ങൾ തനിക്കു മുമ്പു ജീവിച്ച സഭാപിതാക്കന്മാരുടെ പ~നങ്ങളെ ആസ്പദമാക്കി വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നത് ശ്രദ്ധേയമാണ്.

ഒന്നാമതായി, കുരിശുമരണം വേദനാജനകമായ മരണം മാത്രമായിരുന്നില്ല, അത് പരസ്യവുമായ മരണമായിരുന്നു എന്ന വിശുദ്ധ ആഗസ്തീനോസിന്റെ നിരീക്ഷണം അക്വീനാസ് കടമെടുക്കുന്നു: ഈശോയുടെ പരസ്യമായ കുരിശുമരണം മരണത്തെ വിരോചിതമായി അഭിമുഖീകരിക്കാൻ നമുക്കു പ്രചോദനം നൽകുന്നു.

രണ്ടാമത്തെ കാരണവും അക്വീനാസ് വിശുദ്ധ അഗസ്തീനോസിൽ നിന്നാണ് സ്വീകരിക്കുന്നത്. അത് ഇപ്രകാരമാണ്, ആദം മരത്തിലൂടെ മരണത്തെ കൊണ്ടുവന്നതിനാൽ പുതിയ ആദമായ ഈശോ ജീവന്റെ വൃക്ഷമായ കുരിശിലൂടെ മരണത്തെ പരാജയപ്പെടുത്തി ജീവൻ നൽകുന്നു.

മൂന്നാമത്തെ കാരണം, ക്രൂശിൽ ഉയർത്തപ്പെട്ടതിലുടെ ഈശോ അന്തരീക്ഷത്തെ വിശുദ്ധീകരിച്ചു എന്നതാണ്. വിശുദ്ധ ജോൺ ക്രിസോസ്റ്റോമിന്റെയും നിഗമനവും ഇതു തന്നെയാണ്. നാലാമതായി, കുരിശിൽ ഉയർത്തപ്പെട്ടതിലൂടെ സ്വർഗത്തിലേക്കു കയറാനുള്ള ഗോവണിയായി ഈശോ മരക്കുരിശിനെ മാറ്റി എന്ന വിശുദ്ധ അത്തനേഷ്യസിന്റെ പഠനം അക്വീനാസ് അധാരമാക്കുന്നു.

നിസ്സയിലെ വിശുദ്ധ ഗ്രിഗറിയും അത്തനേഷ്യസും പങ്കുവച്ചതാണ് അഞ്ചാമത്തെ കാരണം. കുരിശിന്റെ ആകൃതി നാലു വശങ്ങളിലേക്കും വ്യാപിക്കുന്നതിനാൽ അത് സാർവത്രികമാണന്ന് ഗ്രിഗറിയും കുരിശിൽ വലിച്ചുനീട്ടിയ ഒരു കരം കഴിഞ്ഞ കാലത്തെ വിശുദ്ധീകരിച്ചപ്പോൾ മറു കരം ഭാവിയെ പവിത്രീകരിക്കുന്നുവെന്ന് അത്തനേഷ്യസും പഠിപ്പിക്കുന്നു. ഈശോയുടെ കുരിശുമരണത്തിൽ വിശാലവും കാലികവുമായ സർവത്രികത നമുക്കു ലഭിക്കുന്നു.

കുരിശിന്റെ ഭാഗങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ആറാമത്തെ കാരണം അക്വീനാസ് വിവരിക്കുന്നത്. ഇതും അഗസ്‌തോനീസിന്റെ നിരീക്ഷണങ്ങളിൽ നിന്നാണ്. കുരിശിന്റെ വീതി: അത് ഈശോയുടെ കരങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ അവിടുത്തെ സൽപ്രവൃത്തികളിലേക്ക് വിരൽ ചൂണ്ടുന്നു. കുരിശിന്റെ നീളം: ഒരു വൃക്ഷത്തിന്റെ നേരായ സ്വഭാവത്തെയും ക്രൂശിതൻ നൽകുന്ന ദീർഘായുസ്സിലേക്കും വിരൽ ചൂണ്ടുന്നു.

കുരിശിന്റെ മേൽഭാഗം: ഈശോയുടെ ശിരസ്സിനെയും അവിടുന്ന് നൽകുന്ന പ്രത്യാശയേയും സൂചിപ്പിക്കുന്നു. കുരിശിന്റെ കീഴ്ഭാഗം: കുരിശിന്റെ കീഴ്ഭാഗം ഭൂമിയിൽ മറഞ്ഞിരിക്കുന്നു, ക്രൂശിതൻ നൽകുന്ന കൃപയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.

ഏഴാമതായി, വിശുദ്ധ ആഗസ്തീനോസ് പഴയ നിയമ ഉടമ്പടിയിൽ മരം കൊണ്ടുവന്ന പ്രയോജനങ്ങളെപ്പറ്റി പറയുന്നു. മരം നോഹയെ പ്രളയത്തിൽനിന്ന് രക്ഷിക്കുന്നു. മോശ ഒരു തടിക്കഷണം കൊണ്ട് കടലിനെ വിഭജിക്കുന്നു, വെള്ളം ശുദ്ധീകരിക്കുന്നു, ജീവജലം പുറപ്പെടുവിക്കുന്നു. അതുപോലെ തന്നെ, വാഗ്ദാന പേടകം നിർമിച്ചിരിക്കുന്നതും മരം കൊണ്ടാണ്. പുതിയ നിയമത്തിലെ മരം- ഈശോയുടെ മരക്കുരിശ് മനുഷ്യ രക്ഷയ്ക്കു നിദാനമാകുന്നു.

മരക്കുരിശ് ജീവന്റെ വൃക്ഷമാണ്. ദൈവപുത്രന്റെ കുരിശിനെ സ്‌നേഹിച്ച വിശുദ്ധ ലിയോ ഇപ്രകാരം എഴുതി: ‘കർത്താവേ, അങ്ങയുടെ കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയാണ്. എല്ലാ വരങ്ങളുടെയും കാരണമാണ്. അതുവഴി വിശ്വാസികൾ ബലഹീനതയിൽ ശക്തിയും ലജ്ജയിൽ മഹത്വവും മരണത്തിൽനിന്ന് ജീവനും കണ്ടെത്തുന്നു.’ ഈശോയുടെ കുരിശിനെ നമുക്കു സ്‌നേഹിക്കാം, വാരിപ്പുണരാം അവിടെ അനുഗ്രഹങ്ങളുടെ നിറവുണ്ട്, ജീവന്റെ സമൃദ്ധിയുമുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?