Follow Us On

29

March

2024

Friday

കുരിശിന്റെ വഴി: ക്രിസ്തുശിഷ്യരുടെ പ്രത്യാശാമാർഗം!

കുരിശിന്റെ വഴി: ക്രിസ്തുശിഷ്യരുടെ പ്രത്യാശാമാർഗം!

‘ഭൗതീകമായ നേട്ടങ്ങൾ മനുഷ്യന്റെ തിന്മകൾക്കു മുമ്പിൽ തകരുമ്പോൾ കുരിശിലേക്ക് നോക്കിയാൽ പ്രത്യാശയുടെ പുലരി ഉദിക്കും, കുരിശിൽനിന്ന് പിറവിയെടുക്കുന്ന പ്രത്യാശയെ തകർക്കാൻ ലോകത്തിന്റെ ഒരു ശക്തിക്കും സാധിക്കില്ല.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’ 14

1989 സിസംബർ 22വരെ പടിഞ്ഞാറൻ ജർമനിയിയെയും കിഴക്കൻ ജർമനയിയെയും തമ്മിൽ വേർതിരിച്ചിരുന്ന സ്ഥലം ഇന്ന് അറിയപ്പെടുന്നത് ‘പോയിന്റ് ആൽഫാ’ (Point Alpha) എന്ന പേരിലാണ്. ഹെസ്സെ, തുരിംഗിയ എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിലാണ് പോയിന്റ് ആൽഫാ. അവിടെ 1400 മീറ്റർ ദൂരത്തിൽ 14 സ്ഥലങ്ങളിലായി കുരിശിന്റെ വഴി സ്ഥാപിച്ചിട്ടുണ്ട്. ഈ കുരിശിന്റെ വഴിക്കു നൽകിയിരിക്കുന്ന പേര് ‘പ്രത്യാശയുടെ വഴി’ (Path of Hope – Weg der Hoffnung) എന്നാണ്. കിഴക്കൻ, പടിഞ്ഞാറൻ ജർമനികളെ തമ്മിൽ വേർതിരിച്ചുകൊണ്ട് 1400 കിലോമീറ്റർ നീളമുള്ള അതിർത്തി 1989നുമുമ്പ് നിലനിന്നിരുന്നു. അതിന്റെ പ്രതീകമാണ് 1400 മീറ്റർ ദൈർഘ്യമുള്ള ഈ കുരിശിന്റെ വഴി!

കിഴക്കൻ, പടിഞ്ഞാറൻ ജർമനികളെ തമ്മിൽ വേർതിരിച്ചിരുന്ന ആൽഫാ പോയിന്റിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിന്റെ വഴിയിൽനിന്ന്.

മധ്യകിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ കാലഘട്ടത്തിൽ നടന്നിരുന്ന ക്രൂരതകളുടെ പ്രതീകാത്മകമായ അവതരണമാണ് ഈ കുരിശിന്റെ വഴിയിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പഴയ യുദ്ധോപകരണങ്ങൾ കൊണ്ടുള്ള കുരിശിന്റെ വഴിയിലെ ശിൽപ്പങ്ങൾ മെനഞ്ഞെടുത്തിരിക്കുന്നത് ഡോ. ഉൾറിച്ച് ബാർണിക്കെൽ എന്ന കലാകാരനാണ്. ദുരിത സമയങ്ങളിലെ സ്വന്തം വിധി ഓർക്കാനും അവയെ ക്രിസ്തുവിന്റെ കുരിശിന്റെ വഴിയുമായി ബന്ധപ്പെടുത്തി പ്രത്യാശയുടെ പുതിയ ലോകത്തേക്ക് യാത്ര ചെയ്യാനുമാണ് പ്രതീക്ഷയുടെ ഈ പാതയുടെ ലക്ഷ്യം.

കുരിശിന്റെ വഴി പ്രത്യാശയുടെ വാതിലിലേക്കു നയിക്കുമെന്ന സന്ദേശമാണ് അവിടെ എത്തുന്ന ഏതു വിശ്വാസിക്കും സമ്മാനിക്കുക. കുരിശിന്റെ വഴിയുടെ അവസാനം തുറന്നിട്ടിരിക്കുന്ന മൂന്ന് കവാടങ്ങൾ (വാതിലുകൾ ) നമുക്കു കാണാൻ കഴിയും. ഉത്ഥിതൻ സമ്മാനിക്കുന്ന പുതിയ പ്രതീക്ഷയാണ് അത് സൂചിപ്പിക്കുക. കുരിശിന്റെ ഇടുങ്ങിയ വഴികളിലൂടെ വിശ്വസ്തയോടെ യാത്ര ചെയ്താൽ ദൈവപുത്രൻ സമ്മാനിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് നമുക്കു പ്രവേശിക്കാൻ കഴിയും.

കുരിശിലാണ് നമ്മുടെ പ്രത്യാശ പുനർജനിക്കുന്നത്. ഭൗതീകമായ നേട്ടങ്ങൾ മനുഷ്യന്റെ തിന്മകൾക്കു മുമ്പിൽ തകരുമ്പോൾ കുരിശിലേക്ക് നോക്കിയാൽ പ്രത്യാശയുടെ പുലരി ഉദിക്കും, കുരിശിൽനിന്ന് പിറവിയെടുക്കുന്ന പ്രത്യാശയെ തകർക്കാൻ ലോകത്തിന്റെ ഒരു ശക്തിക്കും സാധിക്കില്ല.

കിഴക്കൻ, പടിഞ്ഞാറൻ ജർമനികളെ തമ്മിൽ വേർതിരിച്ചിരുന്ന ആൽഫാ പോയിന്റിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിന്റെ വഴിയിൽനിന്ന്.

2021മാർച്ച് 31ന് ഫ്രാൻസിസ് പാപ്പ പങ്കുവെച്ച ട്വിറ്റർ സന്ദേശം, ക്രിസ്തുവിന്റെ കുരിശു നൽകുന്ന പ്രത്യാശയെക്കുറിച്ചായിരുന്നു: ‘പ്രക്ഷുബ്ധമായ കടലിൽ ഉഴറുന്ന കപ്പലുകളെ തുറമുഖത്തേയ്ക്ക് നയിക്കുന്ന ദീപസ്തംഭം പോലെയാണ് ക്രിസ്തുവിന്റെ കുരിശ്. ആശവെടിയാത്ത പ്രത്യാശയുടെ അടയാളമാണത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ ഒരു കണ്ണീർക്കണമോ ഒരു നെടുവീർപ്പോ പോലും നഷ്ടമാവില്ലെന്ന് കുരിശ് നമ്മോടു പറയുന്നു.’

നോമ്പുയാത്ര മുന്നോട്ടു നീങ്ങുമ്പോൾ കുരിശിന്റെ വഴിയിൽനിന്ന് വ്യതി ചലിക്കാനുള്ള പ്രലോഭനങ്ങൾ ധാരാളം ഉണ്ടാകും. അവയെ അതിജീവിച്ചു അവസാനംവരെ പിടിച്ചുനിന്നാൽ നാം രക്ഷപ്പെടും. അതിനു നമ്മെ സഹായിക്കുന്ന ദൈവീക സുകൃതമാണ് പ്രത്യശ. കർത്താവിൽ പ്രത്യാശയർപ്പിച്ച് , ദുർബലരാകാതെ ധൈര്യമവലംബിച്ച് (Cf. സങ്കീ 27:14) നമുക്കു മുന്നോട്ടുപോകാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?