Follow Us On

29

March

2024

Friday

ക്രൂശിതനെ പിന്തുടരാം, ക്രൂശിതനിലുള്ള വിശ്വാസം സധൈര്യം ഏറ്റുപറയാം

ക്രൂശിതനെ പിന്തുടരാം, ക്രൂശിതനിലുള്ള വിശ്വാസം സധൈര്യം ഏറ്റുപറയാം

‘ക്രൂശിതനിലുള്ള വിശ്വാസം ഏറ്റുപറയുമ്പോഴാണ് നോമ്പുകാലം കൃപയുടെ ദിനങ്ങളാകുന്നത്. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 15

കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പയായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നലെ, മാർച്ച് 13ന് ഒൻപത് വർഷം പൂർത്തിയായി (13/03/2013). പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് സിസ്റ്റൈൻ ചാപ്പലിൽ കർദിനാൾമാരുമൊത്ത് അർപ്പിച്ച പ്രഥമ ദിവ്യബലിമധ്യേ (Missa Pro Ecclesia) പാപ്പ നടത്തിയ വചനസന്ദേശത്തിലെ ഒരു പ്രമേയമാണ് ഇന്ന് നാം ധ്യാനിക്കുന്നത്. ക്രൈസ്തവ ജീവിതത്തിൽ ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നതിന്റെ പ്രാധാന്യമാണ് നമ്മുടെ പരിചിന്തന വിഷയം.

നമുക്ക് എത്ര വേണമെങ്കിലും യാത്ര ചെയ്യാനും പലതും പണിതുയർത്താനും കഴിയും. എന്നാൽ, യേശുക്രിസ്തുവിനെ നാം ഏറ്റുപറയുന്നില്ലെങ്കിൽ കാര്യങ്ങളെല്ലാം തകിടം മറിയുകയും സഭ ഒരു ജീവകാരുണ്യ സംരംഭമായി (NGO) മാറിപ്പോവുകയും ചെയ്‌തേക്കാം എന്ന് ഫ്രാൻസിസ് പാപ്പ തറപ്പിച്ചു പറഞ്ഞു.

നാം യേശുക്രിസ്തുവിനെ ഏറ്റുപറയണ്ടേ ആവശ്യകത ചൂണ്ടിക്കാട്ടാൻ ഫ്രാൻസിസ് പാപ്പ ഫ്രഞ്ച് നോവലിസ്റ്റ് ലിയോൺ ബ്ലോയുടെ (Leon Bloy) ‘കർത്താവിനോട് പ്രാർത്ഥിക്കാത്തവൻ പിശാചിനോട് പ്രാർത്ഥിക്കുന്നു,’ എന്ന ഉദ്ധരണി പരാമർശിക്കുകയും ചെയ്തു. നാം യേശുക്രിസ്തുവിനെ ഏറ്റുപറയാത്തപ്പോൾ, പിശാചിന്റെ ലൗകികതയും സാത്താനിക പ്രാപഞ്ചികത്വം ഏറ്റുപറയുന്നു എന്നത്രേ പാപ്പയുടെ ബോധ്യം.

‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്,’ എന്ന് ഏറ്റുപറഞ്ഞ വിശുദ്ധ പത്രോസ് പോലും കുരിശിനെക്കുറിച്ച് പറയുമ്പോൾ അസ്വസ്ഥനാകുന്നു. ‘ഞാൻ നിന്നെ അനുഗമിക്കാം, പക്ഷേ കുരിശിനെക്കുറിച്ച് സംസാരിക്കേണ്ട. കുരിശിന് അതുമായി ഒരു ബന്ധവുമില്ലല്ലോ. കുരിശില്ലാതെ ഏതു നിബന്ധനകളയാലും ഞാൻ നിന്നെ പിന്തുടരാം,’ എന്നിങ്ങനെയുള്ള മാനുഷികമായ ചിന്താരീതികളാണ് പത്രോസിന്റേതേന്ന് സൂചിപ്പിക്കുന്ന പാപ്പ, കുരിശില്ലാതെ യാത്ര ചെയ്യുന്നതിന്റെ അപകടം വെളിപ്പെടുത്തുകയും ചെയ്തു.

‘കുരിശില്ലാതെ സഭയെ പടുത്തുയർത്താൻ നോക്കുമ്പോൾ, കുരിശില്ലാതെ ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, നാം കർത്താവിന്റെ ശിഷ്യന്മാരല്ല, ലൗകികരാണ്,’ പാപ്പ അടിവരയിട്ട് വ്യക്തമാക്കി. ക്രൂശിതനെ ഏറ്റുപറയാനുള്ള ധൈര്യം എല്ലാ കർദിനാൾമാർക്കും ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ വചന സന്ദേശം അവസാനിപ്പിച്ചത്: ‘കൃപയുടെ ഈ നാളുകൾക്കുശേഷം നമുക്കെല്ലാവർക്കും കർത്താവിന്റെ സന്നിധിയിൽ നടക്കാനുള്ള ധൈര്യം, കർത്താവിന്റെ കുരിശുമായി നടക്കാനുള്ള, കുരിശിൽ ചൊരിയപ്പെട്ട കർത്താവിന്റെ രക്തത്തിൽ സഭയെ പടുത്തുയർത്താനുള്ള, ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഏകമഹത്വം ഏറ്റുപറയാനുള്ള ധൈര്യം ലഭിക്കും എന്നാണ് എന്റെ ആഗ്രഹം.’

കുരിശിന്റെ വഴിയിൽ വിശ്വസ്തയോടെ നീങ്ങുന്നതും ക്രൂശിതനെ നോക്കി നിൽക്കുന്നതും ശക്തമായ വിശ്വാസ പ്രഘോഷണമാണ്. ക്രൂശിതനിലുള്ള വിശ്വാസം ഏറ്റുപറയുമ്പോഴാണ് നോമ്പുകാലം കൃപയുടെ ദിനങ്ങളാകുന്നത്. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?