Follow Us On

18

April

2024

Thursday

ആന്തരിക ആലസ്യത്തിൽനിന്ന് നമ്മെ ഉണർത്താൻ ദൈവം ആഗ്രഹിക്കുന്ന സമയമാണ് നോമ്പുകാലം: പാപ്പ

ആന്തരിക ആലസ്യത്തിൽനിന്ന് നമ്മെ ഉണർത്താൻ ദൈവം ആഗ്രഹിക്കുന്ന സമയമാണ് നോമ്പുകാലം: പാപ്പ

വത്തിക്കാൻ സിറ്റി: ഹൃദയത്തെ ഉണർവുള്ളതാക്കി നിലനിറുത്തുക എന്നത് ദൈവത്തിൽനിന്ന് ആർജിക്കേണ്ട കൃപയാണെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നോമ്പുകാലം ആന്തരിക ആലസ്യത്തിൽനിന്ന് നമ്മെ ഉണർത്താൻ ദൈവം ആഗ്രഹിക്കുന്ന സമയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനയിൽ, യേശു രൂപാന്തരപ്പെടുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു പാപ്പ. നോമ്പുദിനങ്ങളിൽ പ്രാർത്ഥനയ്ക്കായി സമയം നീക്കിവെക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പാപ്പ പങ്കുവെച്ചു.

പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരുമായി യേശു താബോർ മലയിലേക്ക് പോകുന്നതും അവിടെവച്ച് അവിടത്തേക്ക് രൂപാന്തരീകരണം സംഭവിക്കുന്നതും വിവരിക്കുന്ന സുവിശേഷഭാഗമായിരുന്നു വിചിന്തന വിഷയം. ഈശോയുടെ രൂപാന്തരീകരണത്തിന് സാക്ഷികളായെങ്കിലും താബോർ മലയിൽവെച്ച് ശിഷ്യന്മാർ ഉറങ്ങിപ്പോയ കാര്യം പരാമർശിച്ചുകൊണ്ടാണ്, ആന്തരീക ആലസ്യത്തിൽനിന്ന് ഉണരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തത്.

അപ്പസ്‌തോലന്മാരുടെ അസ്ഥാനത്തുള്ള ഉറക്കം, പ്രധാനപ്പെട്ട ചിലനിമിഷങ്ങളിൽ നമുക്കും ഉണ്ടാകുന്ന നിദ്രകളോട് സാമ്യമുണ്ട്. ശ്രമകരമായ ജോലികൾക്കുശേഷം സായാഹ്നത്തിൽ പ്രാർത്ഥിക്കാനോ കുടുംബവുമായി അൽപ്പം സംസാരിക്കാനോ ആഗ്രഹിക്കുമ്പോഴും നാമും ഇതുപോലെ അശക്തരായിപ്പോയിട്ടില്ലേ? ഹൃദയത്തെ ഉണർവുള്ളതാക്കി നിറുത്തുക എന്നത് നമ്മെ മാത്രം ആശ്രയിച്ചിരിക്കുന്നതല്ല മറിച്ച്, നാം യാചിക്കേണ്ട ഒരു കൃപയാണത്. സുവിശേഷത്തിലെ മൂന്ന് ശിഷ്യന്മാർ ഇത് കാട്ടിത്തരുന്നുണ്ട്.

അവർ നല്ലവരായിരുന്നു, അവർ മലയിലേക്കു പോയ യേശുവിനെ അനുഗമിച്ചു, എന്നാൽ അവരുടെ ശക്തികൊണ്ട് മാത്രം അവർക്ക് ഉണർന്നിരിക്കാൻ കഴിഞ്ഞില്ല. എന്നാൽ രൂപാന്തരീകരണ സമയത്ത് അവർ ഉണരുന്നു. യേശുവിന്റെ വെളിച്ചമാണ് അവരെ ഉണർത്തിയത്. അവരെപ്പോലെ, നമുക്കും ദൈവത്തിന്റെ വെളിച്ചം ആവശ്യമാണ്. അത് നമ്മെ വ്യത്യസ്തമായ രീതിയിൽ കാര്യങ്ങളെ കാണാൻ സഹായിക്കുന്നു. അത് നമ്മെ ആകർഷിക്കും, നമ്മെ ഉണർത്തും, പ്രാർത്ഥിക്കാനും നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാനും മറ്റുള്ളവർക്കായി സമയം ചെലവഴിക്കാനുമുള്ള ആഗ്രഹവും ശക്തിയും പുനരുജ്ജീവിപ്പിക്കും.

ദൈവാത്മാവിന്റെ ശക്തിയാൽ നമുക്ക് ശാരീരിക ക്ഷീണത്തെ അതിജീവിക്കാൻ സാധിക്കും. അതിനായി നാം പരിശുദ്ധാത്മാവിന്റെ സഹായം തേടണം. ഈ നോമ്പുകാലത്ത്, ദൈനംദിന അധ്വാനങ്ങൾക്കുശേഷം നാം ദൈവത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കപ്പെടാൻ ഉറങ്ങുംമുമ്പ് അൽപ്പ സമയമെങ്കിലും പ്രാർത്ഥിക്കണം. സുവിശേഷം വായിച്ച് ദൈവവചനത്താൽ വിസ്മയഭരിതരാകാൻ നമ്മെത്തന്നെ അനുവദിച്ചുകൊണ്ട് നമുക്ക് അത് ചെയ്യാനാകും. അല്ലെങ്കിൽ ക്രൂശിത രൂപത്തിലേക്ക് നോക്കി, നമ്മുടെ ദിനങ്ങളെ രൂപാന്തരപ്പെടുത്താൻ ശക്തിയുള്ള ദൈവസ്‌നേഹത്തിന് മുന്നിൽ വിസ്മയഭരിതരാകാമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?