Follow Us On

20

March

2023

Monday

ദൈവത്തെ മോഹിപ്പിക്കുന്ന എളിമ അഭ്യസിക്കാൻ ശീലിക്കാം അഷ്ടാംഗ മാർഗങ്ങൾ!

ദൈവത്തെ മോഹിപ്പിക്കുന്ന എളിമ അഭ്യസിക്കാൻ ശീലിക്കാം അഷ്ടാംഗ മാർഗങ്ങൾ!

‘മനുഷ്യനെ സൃഷ്ടിച്ചവന് മാത്രമേ മനുഷ്യനെ സന്തുഷ്ടനാക്കാൻ സാധിക്കൂ! ഈ സത്യം ഗ്രഹിക്കണമെങ്കിൽ എളിമ ഹൃദയത്തിൽ വേരു പാകണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 17

നോമ്പ് ദിനങ്ങളെ വിശുദ്ധീകരിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന എളിമ എന്ന പുണ്യത്തെക്കുറിച്ചാവാം ‘പ്രയാണ’ത്തിലെ ഇന്നത്തെ വിചിന്തനം. പുണ്യങ്ങളുടെ പള്ളിക്കൂടമായാണ് സന്യാസ ആശ്രമങ്ങൾ അറിയപ്പെടുക. അത്തരത്തിൽ സമാനതകളില്ലാത്തവിധം പുണ്യ പ്രഭ ചൊരിയുന്ന സന്യാസ ആശ്രമങ്ങളുടെ സംഗമഭൂമിയാണ് ഗ്രീസിലെ മൗണ്ട് ആഥോസ്. പൗരസ്ത്യ ക്രിസ്തീയതയിലെ സന്യാസ ദർശനങ്ങൾക്കും ആത്മീയ പാരമ്പര്യങ്ങൾക്കും ഇന്നും സംഭാവന നൽകുന്ന ഇടമാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മൗണ്ട് ആഥോസ്.

കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 20 പുരാതന പൗരസ്ത്യ ക്രിസ്തീയ സന്യാസാശ്രമങ്ങൾ ഇവിടെയുണ്ട്. ഈ ആശ്രമങ്ങളിൽ പലതിലും താമസിച്ചിരുന്ന ഒരു സന്യാസിയായിരുന്നു മൗണ്ട് ആഥോസിലെ വിശുദ്ധ പൈസിയോസ് (1924- 1994). ആധുനിക ഓർത്തഡോക്‌സ് സന്യാസത്തിന് പുതു മാനങ്ങൾ നൽകിയ അദ്ദേഹത്തെ ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഐക്യുമെനിക്കൽ പാത്രിയാർക്കേറ്റ് സിനഡ് 2015 ജനുവരി 13ന് വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തി.

ഓർത്തഡോക്‌സ് സഭകളുടെ സമകാലിക ചരിത്രത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ വിശുദ്ധ പദവിയിൽ എത്തിയതിൽ വിശുദ്ധ പൈസിയോസിന് രണ്ടാം സ്ഥാനമാണുള്ളത്. പൈസിയോസിന്റെ ആത്മീയ ദർശനങ്ങൾ ഗ്രീസിന്റെ അതിർത്തികൾ കടന്ന് അനേകർക്ക് പ്രകാശം പരത്തുന്ന കെടാവിളാക്കായി പരിണമിച്ചു. അമിതമായ തപചര്യ, നീണ്ട ജാഗരണങ്ങൾ, ഉപവാസം, നിരന്തരമായ പ്രാർത്ഥന എന്നിവയാൽ വിശുദ്ധ പൈസിയോസിന്റെ ജീവിതം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായിരുന്നു. അഗാധമായ എളിമയിൽ പൂവിട്ട വിശുദ്ധന്റെ തപസു ജീവിതം അദ്ദേഹത്തിന്റെ ജീവിത പരിശുദ്ധിക്ക് അടിസ്ഥാനവും മുദ്രയും നൽകി.

മനുഷ്യന് ജീവിതത്തിൽ വിജയം വരിക്കാൻ വിശുദ്ധ പൈസിയോസ് നിർദേശിച്ച അഷ്ടാംഗ മാർഗങ്ങൾ ശ്രദ്ധേയമാണ്, അവ നോമ്പുകാലത്ത് കൂടുതൽ പ്രസക്തവുമത്രേ. ഹൃദയത്തിൽ എളിമയുള്ള വ്യക്തികളുടെ സ്വഭാവസവിശേഷതകളാണ് ഈ മാർഗങ്ങൾ.

1) ദൈവത്തിൽ പൂർണമായി ആശ്രയിക്കുക.

2) ഉൽക്കണ്ഠകൾ ഒഴിവാക്കാൻ ലളിത ജീവിതം നയിക്കുക.

3) എല്ലാ പരീക്ഷണങ്ങളിലും ‘എന്റെ ദൈവമേ നന്ദി,’ എന്ന് പറയുക. കാരണം ഇതെന്റെ രക്ഷയ്ക്ക് ആവശ്യമായിരുന്നു എന്നു കരുതുക.

4) എളിമ സ്വന്തമാക്കുക, അപ്പോൾ പ്രാർത്ഥന തനിയെ വന്നുകൊള്ളും.

5) പ്രാർത്ഥനയിൽ സമാധാനം അന്വേഷിക്കുക, അല്ലാതെ ആത്മീയ സന്തോഷമല്ല തേടേണ്ടത്.

6) നീ മറ്റുള്ളവർക്കു ചെയ്യുന്ന നല്ല കാര്യങ്ങൾ മറക്കുക, നിനക്കു മറ്റുള്ളവർ ചെയ്യുന്ന നന്മ ഓർക്കുക.

7 ) നിന്റെ മനസ് ദൈവത്തിന് സമീപം സൂക്ഷിക്കുക.

8 ) പിതാക്കന്മാരുടെ ഗ്രന്ഥങ്ങളിൽനിന്ന് ദിവസവും ഒന്നോ രണ്ടോ വരികൾ വായിക്കുക.

എളിമയുള്ളവർക്കേ ദൈവത്തെ പിതാവായും ലോകത്തെ സ്വഭവനമായും കാണാൻ കഴിയൂ. മനുഷ്യനെ സൃഷ്ടിച്ചവന് മാത്രമേ മനുഷ്യനെ സന്തുഷ്ടനാക്കാൻ സാധിക്കൂ! ഈ സത്യം ഗ്രഹിക്കണമെങ്കിൽ എളിമ ഹൃദയത്തിൽ വേരു പാകണം. മനുഷ്യന്റെ കണ്ണുകൾ എപ്പോഴും ബാഹ്യസൗന്ദര്യം തേടുകയും മിന്നുന്നവയിൽ മാത്രം കണ്ണുടക്കുകയും ചെയ്യുന്നു. മറിച്ച്, ദൈവം ബാഹ്യരൂപമല്ല, ഹൃദയത്തിലേക്കാണ് നോക്കുന്നത്. ദൈവം മനുഷ്യന്റെ എളിമയാൻ ആകർഷിക്കപ്പെടുന്നു.

മനുഷ്യ ഹൃദയത്തിന്റെ എളിമ ദൈവത്തെ മോഹിപ്പിക്കുന്നു. അതിനാൽ ഈ നോമ്പുകാലത്ത് ‘നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം,’ (മത്തായി 20:27) എന്ന തിരുവചനത്തിന് ജീവിതംകൊണ്ട് സാക്ഷ്യം നൽകാൻ നമുക്ക് പരിശ്രമിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?