Follow Us On

05

December

2023

Tuesday

റഷ്യൻ പാത്രിയാർക്കീസിനോട് ഫ്രാൻസിസ് പാപ്പ: സഭ രാഷ്ട്രീയത്തിന്റെ ഭാഷയല്ല, ഈശോയുടെ ഭാഷ ഉപയോഗിക്കണം

റഷ്യൻ പാത്രിയാർക്കീസിനോട് ഫ്രാൻസിസ് പാപ്പ: സഭ രാഷ്ട്രീയത്തിന്റെ ഭാഷയല്ല, ഈശോയുടെ ഭാഷ ഉപയോഗിക്കണം

വത്തിക്കാൻ സിറ്റി: സഭാ നേതാക്കൾ രാഷ്ട്രീയത്തിന്റെ ഭാഷയല്ല, ഈശോയുടെ ഭാഷ ഉപയോഗിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഓർത്തഡോക്‌സ് തലവൻ പാത്രിയർക്കീസ് കിറിലുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പാപ്പ ഇപ്രകാരം വ്യക്തമാക്കിയത്. സഭകൾ വിളിക്കപ്പെട്ടിരിക്കുന്നത് സമാധാനവും നീതിയും ശക്തിപ്പെടുത്താൻ വേണ്ടിയാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ വിശ്വാസത്താൽ നമ്മെ ഒന്നിപ്പിക്കുന്ന ആത്മാവ് ഇടയന്മാരായ നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ, റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തെ പിന്തുണച്ചുകൊണ്ട് പാത്രിയർക്കീസ് കിറിൽ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പാത്രിയർക്കീസിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കിയ ആ പ്രസ്താവന പിൻവലിക്കപ്പെടാത്ത സാഹചര്യത്തിൽ, ഫ്രാൻസിസ് പാപ്പ മുൻകൈയെടുത്ത് നടത്തിയ വീഡിയോ കോൺഫറൻസിന് വളരെ പ്രസക്തിയുണ്ടെന്നാണ് നിരീക്ഷണങ്ങൾ. സമാധാനം സംജാതമാക്കാക്കാൻ മധ്യസ്ഥം വഹിക്കാനുള്ള സന്നദ്ധത വത്തിക്കാൻ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

വീഡിയോ കോൺഫറൻസിൽ സഭൈക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർട്ട് കോച്ച്, മോസ്‌കോ പാത്രിയാർക്കേറ്റിന്റെ വിദേശകാര്യ വിഭാഗം മേധാവി മെട്രോപൊളിറ്റൻ ഹിലേരിയോൺ എന്നിവരും സന്നിഹിതരായിരുന്നു. ‘ദൈവത്തിൽ, പരിശുദ്ധ ത്രിത്വത്തിൽ, പരിശുദ്ധ ദൈവമാതാവിൽ വിശ്വസിക്കുന്ന വിശുദ്ധ ജനതയുടെ ഇടയന്മാരാണ് നാം. അതിനാൽ സമാധാനം സംജാതമാക്കാനും അതിനായുള്ള വഴികൾ തേടാനും തീ അണയ്ക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും നാം ഒരുമിച്ച് പരിശ്രമിക്കണം,’ ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

യുക്രൈനിലെ യുദ്ധത്തെക്കുറിച്ചും സമാധാനം ഉറപ്പാക്കുന്നതിൽ ക്രൈസ്തവരുടെയും അജപാലകരുടെയും പങ്കിനെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. സമാധാനം സംജാതമാക്കാൻ നടക്കുന്ന ചർച്ചയുടെ സവിശേഷമായ പ്രാധാന്യത്തെ പാപ്പയും പാത്രീയർക്കീസും ഊന്നിപ്പറഞ്ഞെന്നും ബ്രൂണി വ്യക്തമാക്കി.

സമാധാനത്തിനും വെടിനിർത്തലിനും വേണ്ടി പ്രാർത്ഥിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതമായ യോഗത്തെപ്രതി പാത്രീയർക്കീസിന് പാപ്പ നന്ദി അർപ്പിച്ചു. ‘യുദ്ധങ്ങൾ എല്ലായ്പ്പോഴും അന്യായമാണ്, കാരണം, ദൈവജനമാണ് അതിന്റെ കഷ്ടതകൾ അനുഭവിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സകലരുടെയും മുന്നിൽ ഞങ്ങളുടെ ഹൃദയങ്ങൾക്ക് കരയാതിരിക്കാനാവില്ല. യുദ്ധം ഒരിക്കലും ഒരു വഴിയല്ല. നമ്മെ ഒന്നിപ്പിക്കുന്ന ആത്മാവ്, യുദ്ധത്തിൽ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ ഇടയന്മാരായ നമ്മോട് ആവശ്യപ്പെടുന്നു,’ പാപ്പ ആവർത്തിച്ച് ഓർമിപ്പിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?