Follow Us On

29

February

2024

Thursday

നിഴലില്‍ ജീവിച്ച പിതാവ്

നിഴലില്‍ ജീവിച്ച പിതാവ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയന്‍പതാം വാര്‍ഷികം ആഘോഷിച്ചത് 2020 ലാണ്. ഇതിന്റെ ഭാഗമായി ‘പിതാവിന്റെ ഹൃദയം’ (പത്രിസ് കൊദ്രെ  ) എന്ന അപ്പസ്‌തോലിക ലേഖനം  2020 ഡിസംബര്‍ 8ന് (അമലോത്ഭവ തിരുന്നാള്‍ ദിനം) ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തിരുന്നു.
ഫ്രാന്‍സിസ് പാപ്പ, യൗസേപ്പിതാവിനെ  വിശേഷിപ്പിച്ചത്, ‘വിശ്വസ്തനായ പിതാവ്, സ്‌നേഹനിധിയായ പിതാവ്, അനുസരണയുള്ള പിതാവ്, സ്വീകരിക്കുന്ന പിതാവ്, ധൈര്യശാലിയായ പിതാവ്, പണിയെടുക്കുന്ന പിതാവ്, നിഴലില്‍ ജീവിച്ച പിതാവ് ‘ എന്നിങ്ങനെയായിരുന്നു. പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ അത്ര തന്നെ പെടാതെ പ്രത്യാശയില്‍ വിശ്വാസമര്‍പ്പിച്ച്, ക്ഷമയോടെ ജീവിക്കുന്ന സാധാരണക്കാരന്റെ പ്രതിനിധിയായി  യൗസേപ്പിതാവിനെ കാണാം.

തൊഴിലാളികളുടെ പ്രതിനിധി

സഭാപരമായ ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍, യൗസേപ്പിതാവിന്റെ ജീവിതത്തെ വലിയ രീതിയിലൊന്നും പരാമര്‍ശിച്ചു കാണുന്നില്ല.  പരിശുദ്ധ മറിയത്തോടൊപ്പം തന്നെ വിശുദ്ധിയുള്ളവനായിരുന്നു വി.യൗസേപ്പ്. ദാരിദ്ര്യത്തോട് താദാത്മ്യം പ്രാപിച്ച യൗസേപ്പിതാവ് തൊഴിലിനു ലഭിക്കുന്ന  കൂലികൊണ്ട് ഏറെ തൃപ്തനായിരുന്നു. അന്നന്നത്തെ അന്നത്തിനായി കഠിനാധ്വാനം ചെയ്താണ്, യൗസേപ്പിതാവ് കുടുംബനാഥന്‍മാരുടെയും തൊഴിലാളികളുടെയും പ്രതിനിധിയായി വിശേഷിപ്പിക്കപ്പെട്ടത്.
ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയില്‍ പരിശുദ്ധ കന്യകാമറിയത്തോടൊപ്പം സജീവ സാന്നിധ്യമായിരുന്നു യൗസേപ്പിതാവ്.  സ്വാഭാവികമായും അന്നത്തെ കാലഘട്ടത്തില്‍ യൗസേപ്പിതാവ് അഭിമുഖീകരിച്ച പ്രതിസന്ധികള്‍, ഇന്നുപോലും നമുക്കോര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. കന്യകയായ മറിയത്തിന്റെ ഗര്‍ഭധാരണത്തിലും ശേഷമുണ്ടായ ക്രിസ്തുവിന്റെ മനുഷ്യാ വതാരത്തിലും ഒരു തിരശ്ശീലയായി പ്രവര്‍ത്തിച്ചു കൊണ്ട് രക്ഷാകര ദൗത്യത്തില്‍ യൗസേപ്പിതാവ് സുപ്രധാനമായ പങ്കു വഹിച്ചു.
കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനാധ്വാനം ചെയ്തിട്ട് അര്‍ഹമായ അംഗീകാരമോ പരിഗണനയോ ലഭിയ്ക്കാതെ വിസ്മൃതിയിലാഴുന്ന ലോകത്തെ ആയിരക്കണക്കിന് മനുഷ്യരുടെ പ്രതിനിധികൂടിയാണ് യൗസേപ്പിതാവ്.

കുടുംബനാഥന്മാരുടെ മാതൃക

താന്‍ വളര്‍ത്തി പരിപാലിക്കുന്നത്, ലോക രക്ഷകനായ മിശിഹായെ ആണെന്ന് അറിയാമായിരുന്നിട്ടും ആ പരിവേഷങ്ങളെയൊന്നും ഗൗനിക്കാതെ ഉത്തമ കുടുംബസ്ഥനായി ജീവിച്ച യാളായിരുന്നു യൗസേപ്പിതാവ്. സിനഗോഗില്‍ വെച്ചു കാണതായ ബാലനായ യേശുക്രിസ്തുവിനെ തേടി, ആകുലനാകുന്ന യൗസേപ്പിതാവിന്റെ മനോവികാരങ്ങള്‍ സുവിശേഷകന്‍ വരച്ചുകാണിക്കുന്നുണ്ട്.
യേശുവിന്റെ പിതാവെന്ന ഔന്നത്യത്തിന്റെ നെഗളിപ്പില്‍ പെടാതെ, കുടുംബത്തിനു വേണ്ടി ജീവിച്ച യൗസേപ്പിതാവ്, കുടുംബത്തിനു വേണ്ടി എല്ലാം ത്യജിച്ച്, പിന്നീട് വിസ്മൃതിയിലാഴുന്ന എക്കാലത്തേയും കുടുംബനാഥന്‍മാര്‍ക്ക്, പ്രാപ്യമാക്കാവുന്ന മാതൃകയാണ്. കുടുംബങ്ങള്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും അന്തഃ ഛിദ്രങ്ങളിലും സഹായകന്‍ കൂടിയായാണ് യൗസേപ്പിതാവിനെ സഭ പ്രതിഷ്ഠിച്ചിരിക്കുന്നത്.

 

കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനാധ്വാനം ചെയ്തിട്ട് അര്‍ഹമായ അംഗീകാരമോ പരിഗണനയോ ലഭിയ്ക്കാതെ വിസ്മൃതിയിലാഴുന്ന ലോകത്തെ ആയിരക്കണക്കിന് മനുഷ്യരുടെ പ്രതിനിധികൂടിയാണ് യൗസേപ്പിതാവ്. 

തൊഴിലാളി

ജീവസന്ധാരണത്തിന് തൊഴില്‍ ചെയ്യുകയെന്ന അടിസ്ഥാന പാഠം കൂടി, മരാശാരിയായിരുന്ന യൗസേപ്പിതാവ് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും അവയുടെ സ്വാധീനവും അനുദിനം വര്‍ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവകാശബോധത്തോടൊപ്പം കര്‍ത്തവ്യബോധത്തോടെ തൊഴിലിടങ്ങളില്‍ വ്യാപരിക്കാന്‍ യൗസേപ്പിതാവിന്റെ മാതൃക നമുക്ക് പ്രചോദനമാകണം. കണ്ടുപരിചിതമായ ചിത്രങ്ങളി ലെല്ലാം, യൗസേപ്പിതാവിനെ സഹായിക്കുന്ന ബാലനായ യേശുവിനെ കാണാം. തന്റെ തൊഴിലിനെ കുടുംബത്തോടു ചേര്‍ത്തു നിര്‍ത്താനും അതിന്റെ മാഹാത്മ്യം തൊട്ടറിഞ്ഞ് അടുത്ത തലമുറയെ അതിന്റെ മഹത്വം പഠിപ്പിക്കാനും ഉല്‍സുകത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള മനോഭാവം പ്രത്യേകം പരാമര്‍ശ വിധേയമാകേണ്ടതാണ്.

സ്വാഭാവികമായുണ്ടാകുന്ന തൊഴിലിടങ്ങളിലെ  അസ്വാരസ്യങ്ങള്‍ക്കപ്പുറം, തൊഴിലിന്റെ മഹത്വം സ്വയം ബോധ്യപ്പെടാനും അതില്‍ സംതൃപ്തി കണ്ടെത്താനും സാധിക്കുമ്പോഴാണ്, തൊഴിലാളി ചൈതന്യം നമുക്ക് അനുഭവവേദ്യമാകുകയെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. വെള്ളക്കോളര്‍ ജോലിമാത്രം നേടുന്ന, അതുമാത്രം സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക്, തൊഴിലിന്റെ മാഹാത്മ്യം ബോധ്യപ്പെടാനും പ്രായോഗിക മാക്കാനുമുള്ള സാധ്യത കൂടി, യൗസേപ്പിതാവിന്റെ ജീവിതം അവശേഷിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം.

സഭാസ്‌നേഹി

ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു  സാഹചര്യത്തെയാണ് യൗസേപ്പിതാവിന്  നേരിടേണ്ടിവന്നത്. കന്യകയായ മറിയത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവാലുള്ള ഗര്‍ഭധാരണം. അത്തരമൊരു സാഹചര്യം 2000 വര്‍ഷ ങ്ങള്‍ക്കിപ്പുറവും വ്യക്തിപരമായി നമുക്കുള്‍ ക്കൊള്ളാന്‍ പ്രയാസകരമാണെന്ന സത്യം ഇവിടെ  മറച്ചുവെയ്ക്കുന്നില്ല. മാത്രമല്ല; അക്കാരണത്തിന്റെ പേരില്‍ മറിയത്തെ ഉപേക്ഷിക്കേണ്ട സാഹചര്യ മുണ്ടായാലും അക്കാലത്ത് യൗസേപ്പിതാവ്, പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍, ദൈവഹിതമറിഞ്ഞ് അക്കാര്യം ഉള്‍ക്കൊള്ളാനും മുന്‍ വിധികള്‍ കൂടാതെ മറിയത്തെ സംരക്ഷിക്കാനും യൗസേപ്പിതാവ് കാണിച്ച ആര്‍ജ്ജവംമാത്രം മതി; അദ്ദേഹത്തിന്റെ ദൈവസ്‌നേഹത്തിനും ദൈവവിശ്വാസത്തിനുമുള്ള സാക്ഷ്യത്തിന്.

മഹാത്യാഗി

ചരിത്ര സംഭവങ്ങളെ വിലയിരുത്തിയാല്‍ ത്യാഗം പൊതുവില്‍ സ്ത്രീകളുടെ കൂടപ്പിറപ്പായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതില്‍നിന്നും ഏറെ വ്യത്യാസപ്പെട്ട സാഹചര്യം യൗസേപ്പിതാവില്‍ ദര്‍ശിക്കാം. മാതാവു സഹിച്ച ത്യാഗവും സഹനവും ഒരു പരിധിവരെ യൗസേപ്പിതാവിന്റെ കൂടെ മുഖമുദ്രയായിരുന്നു. മാതാവുമൊത്തുള്ള വിവാഹ നിശ്ചയം മുതലുള്ള അദ്ദേഹത്തിന്റെ  ത്യാഗവും സഹനവും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. ചരിത്ര പൂര്‍ത്തീകരണത്തിനും തിരു ലിഖിതങ്ങളുടെ പ്രായോഗികതയ്ക്കും വേണ്ടി, യൗസേപ്പിതാവ് സ്വയം സമര്‍പ്പിക്കുകയായിരുന്നു.
തിരുക്കുമാരന്റെ ജനനത്തിനും പരിശുദ്ധ അമ്മയുടെ കന്യകാത്വത്തിനും തിരുക്കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടി, യേശുക്രിസ്തുവിന്റെ പരസ്യജീവിത കാലയളവിനു വേണ്ടി സ്വയം ത്യജിക്കുകയായിരുന്നു ആ മഹാ ത്യാഗി. സ്വന്തം കുടുംബത്തിനും സമൂഹത്തിനും വേണ്ടി ത്യാഗം ചെയ്ത് വേണ്ടത്ര ആദരവോ അംഗീകാരമോ ലഭിയ്ക്കാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അനവധി പൂര്‍വ്വപിതാക്കന്‍മാര്‍,  യൗസേപ്പിതാവിന്റെ ത്യാഗത്തിന്റെ ചൈതന്യം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

യേശുവിന്റെ വളര്‍ത്തപ്പനായി, സഭയുടെ ചെറു പതിപ്പായ കുടുംബത്തെ സംരക്ഷി ച്ചതുകൊണ്ടുതന്നെയാകണം, ആഗോളസഭയുടെ മധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നത്. വിശുദ്ധ തോമസ് അക്വീനാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘ചില വിശുദ്ധര്‍ ചില ആവശ്യങ്ങളില്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ യൗസേപ്പിതാവ്, എല്ലാ കാര്യങ്ങളിലും എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കുന്നു.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?