Follow Us On

04

June

2023

Sunday

നോമ്പിൽ നമുക്കും ശീലിക്കാം വിശുദ്ധ യൗസേപ്പിതാവിന്റെ  പഞ്ചശീലങ്ങൾ!

നോമ്പിൽ നമുക്കും ശീലിക്കാം വിശുദ്ധ യൗസേപ്പിതാവിന്റെ  പഞ്ചശീലങ്ങൾ!

‘യഥാർത്ഥത്തിൽ നിശബ്ദത എന്നാൽ ശബ്ദത്തിന്റെ അഭാവമല്ല മറിച്ച്, ഏതു കോലാഹലങ്ങൾക്കിടയിലും ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 20

ആത്മപരിത്യാഗത്തിന്റെ മാർഗങ്ങളിലൂടെ നോമ്പുകാലം പുരോഗമിക്കുമ്പോൾ, ഇന്ന് (മാർച്ച് 19) തിരുസഭ അവളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. അമേരിക്കയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞൻ സ്‌കോട്ട് പവലിന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ ‘നോമ്പുകാല’ നിമിഷങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് യൗസേപ്പിതാവ്. അതിനാൽ നോമ്പുകാലത്ത് അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുന്നത് ഉചിതമാണ്. യൗസേപ്പിതാവ് നോമ്പുകാല പുണ്യങ്ങളുടെ നിറകുടവും മാതൃകയുമാണ്. ഈ നോമ്പുകാലത്ത് നമുക്കു പരിശീലിക്കാൻ കഴിയുന്ന യൗസേപ്പിതാവിന്റെ പഞ്ചശീലങ്ങളാണ് ‘പ്രയാണ’ത്തിലെ ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.

1) അനുസരണം

അനുസരിക്കുന്ന പിതാവായിരുന്നു വിശുദ്ധ യൗസേപ്പ്, അതായിരുന്നു ആ വിശുദ്ധ ജിവിതത്തിന്റെ മഹത്വവും കുലീനതയും. ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്ന് പഠിപ്പിക്കുന്ന അദ്ദേഹം അനുസരണയുള്ളവരാകാനും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരാകാനും നമ്മോടു പറഞ്ഞു തരുന്നു. ‘അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും,’ (ഏശയ്യാ 1:19) എന്ന തിരുവചനത്തിന് ജീവനേകിയവനായിരുന്നു യൗസേപ്പിതാവ്.

ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയിൽ നാം കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരവും സാധാരണവും സമാധാനമുള്ളതും സന്തോഷപൂർണവുമായ കുടുബം തിരുക്കുടുംബമായിരുന്നു. ദൈവവചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിതാവിന്റെയും മറിയത്തിന്റെയും സമ്പൂർണ വധേയത്വമായിരുന്നു അതിന് നിദാനം.

2) നിശബ്ദത

യൗസേപ്പിതാവ് നിശബ്ദതയെ സ്‌നേഹിച്ചിരുന്ന ഒരു നല്ല അപ്പനായിരുന്നു. ബെനഡിക്ട് 16-ാമൻ പാപ്പയുടെ വീക്ഷണത്തിൽ യൗസേപ്പിതാവിന്റെ നിശബ്ദത അദ്ദേഹത്തിന്റെ ആന്തരികതയുടെ ശൂന്യതയായിരുന്നില്ല, മറിച്ച് അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശ്വാസത്തിന്റെ നിറവായിരുന്നു. ഈ വിശ്വാസ നിറവായിരുന്നു അദ്ദേഹത്തിന്റ ചിന്തകളെയും പ്രവർത്തികളെയും നയിച്ചിരുന്നത്. യൗസേപ്പിതാവിന്റെ നിശബ്ദതയാൽ നിറയപ്പെടേണ്ട സമയമാണ് നോമ്പുകാലം. യഥാർത്ഥത്തിൽ നിശബ്ദത എന്നാൽ ശബ്ദത്തിന്റെ അഭാവമല്ല മറിച്ച്, ഏതു കോലാഹലങ്ങൾക്കിടയിലും ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.

3) കുടുംബ പ്രാർത്ഥനയിൽ സജീവമായി പങ്കെടുക്കുക

കുടുംബ ജീവിതത്തിൽ ഒരു അപ്പൻ എങ്ങനെ കുടുംബ പ്രാർത്ഥന നയിക്കണം എന്നതിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു യൗസേപ്പിതാവ്. കുടുംബ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃകയെ കുറിച്ച് ബെനഡിക്ട് 16-ാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിൽ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു:

‘ബാലനായ ഈശോയെ സാബത്താചരണത്തിനായി സിനഗോഗിലും തിരുനാളുകൾക്കായി ജറുസലേം ദൈവാലയത്തിലും കൊണ്ടുപോയിരുന്നത് യൗസേപ്പിതാവായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണ സമയത്തും മുഖ്യതിരുനാളുകളിലും ഭവനത്തിൽ പ്രാർത്ഥന നയിച്ചിരുന്നതും അദ്ദേഹമാണ്. നസ്രത്തിലെ എളിയ ഭവനത്തിലും യൗസേപ്പിന്റെ പണിശാലയിലും പ്രാർത്ഥനയും ജോലിയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാമെന്നും കുടുംബത്തിന് ആവശ്യമായ അപ്പം സമ്പാദിക്കാമെന്നും ഈശോ പഠിച്ചു.’

അനുദിനമുള്ള കുടുംബ പ്രാർത്ഥന കുടുംബത്തിന്റെ ബലി സമർപ്പമാണ്. അതിനാൽ നോമ്പുകാലത്ത് കുടുംബ പ്രാർത്ഥനയിൽ കൂടുതൽ താൽപര്യപൂർവം നമുക്കു പങ്കുകൊള്ളാം.

4) നാട്യങ്ങളില്ലാത്ത ജീവിക്കുക

കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമം അർത്ഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിന്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക. ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന യൗസേപ്പിതാവ് ജീവിതത്തിലും കർമമണ്ഡലങ്ങളിലും ഒരു തുറന്ന പുസ്തകമായിരുന്നു.

ദൈവസ്വരത്തോട് നിരന്തരം തുറവി കാട്ടിയ യൗസേപ്പിന് ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, ദൈവത്തിന്റെ ഛായ പതിഞ്ഞ തിരുമുഖം! കാപട്യമുള്ളവരുടെ ജീവിതം വൈരുധ്യങ്ങൾ നിറഞ്ഞതായിരിക്കും. അത്തരക്കാർ അകത്ത് ഒരു കാര്യം ഒളിപ്പിച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ഇരട്ട മുഖക്കാരായിരിക്കും. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയ സമൂഹത്തിന്റെ നികൃഷ്ട ശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും. നമ്മുടെ കപടത മറ്റുള്ളവർ അറിയുമ്പോൾമാത്രം വേദനിക്കുന്ന ഒരു സമൂഹത്തിൽ നാം ജീവിക്കുമ്പോൾ നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ ഈ നോമ്പുകാലത്ത് നമ്മുടെ ആവേശവും അഭിമാനവും.

5) സ്വർഗം നോക്കി നടക്കുക

വിശുദ്ധ യൗസേപ്പിതാവ് സ്വർഗം നോക്കി നടന്നവനായിരുന്നു. ദൈവപിതാവിന്റെ ആഹ്വാനങ്ങളെ തുറവിയോടെ അദ്ദേഹം സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസ്രത്തിലെ ആ തച്ചന്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനസാക്ഷിയുടെ സ്വരത്തിന് അദ്ദേഹം വിലക്കൽപ്പിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തു പുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ച് പരാജയപ്പെടുത്തുക യൗസേപ്പിതാവ് വിനോദമാക്കി.

ഈ നോമ്പു ദിനങ്ങളിൽ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പരസ്‌നേഹത്തിന്റെയും മാർഗങ്ങളിലൂടെ സ്വർഗത്തെ ലക്ഷ്യമാക്കി നടക്കാൻ യൗസേപ്പിതാവ് നമ്മെ വെല്ലുവിളിക്കുന്നു. യൗസേപ്പിതാവിനൊപ്പം നടന്ന് ഈ നോമ്പുകാലം ആത്മീതയുടെ പുണ്യാത്സോവമാക്കാൻ നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?