Follow Us On

29

March

2024

Friday

നോമ്പുദിനങ്ങളിൽ പഠിക്കണം പറുദീസയുടെ കവാടം തുറക്കുന്ന പ്രാർത്ഥന!

നോമ്പുദിനങ്ങളിൽ പഠിക്കണം പറുദീസയുടെ കവാടം തുറക്കുന്ന പ്രാർത്ഥന!

‘ഈശോയുടെ ഇടത്തും വലത്തും ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരിൽ ഏതു കള്ളനാണ് നമ്മെ കൂടുതലായി പ്രതിനിധീകരിക്കുന്നത്?’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 23

‘നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും,’ (ലൂക്കാ 23: 43). കുരിശിൽ നിന്നുള്ള യേശുവിന്റെ രണ്ടാമത്തെ തിരുമൊഴിയാണ് ‘പ്രയാണ’ത്തിലെ ഇന്നത്തെ പരിചിന്തന വിഷയം. തന്റെ വലതുവശത്തും ഇടതുവശത്തും ക്രൂശിക്കപ്പെട്ട രണ്ടു കുറ്റവാളികളുമായി യേശു സംഭാഷണത്തിൽ ഏർപ്പെടുന്നു. പരിശുദ്ധ മറിയം അവരുടെ സംസാരം കേട്ട് കുരിശിനു താഴെ നിൽക്കുന്നു. കുരിശിൽ നിന്നുള്ള മകന്റ സ്വരം കേട്ട് അവൾ തെല്ലൊന്നു സമാശ്വസിച്ചിരിക്കാം.

ശക്തമായ ഒരു രംഗമാണിത്. രണ്ടു കുറ്റവാളികൾ നമ്മെ പ്രതിനിധികരിക്കുന്നവരാണ്. നാം ഓരോരുത്തരും സമാനമായ വാക്കുകളിൽ യേശുവിനോട് സംസാരിക്കുന്നു. നമ്മുടെ വാക്കുകൾക്കനുസരിച്ച് നിശബ്ദതയോ ‘ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും’ എന്ന ഉറപ്പോ കുരിശിൽനിന്ന് നമുക്കു ലഭിക്കുന്നു. കുരിശിൽനിന്ന് നമുക്കു വേണ്ടത് ദൈവപുത്രന്റെ നിശബ്ദതയല്ല മറിച്ച്, പറുദീസാ വാഗ്ദാനമാണ്. അതിന് ചുറ്റുവട്ടം ഒരുക്കേണ്ടത് ഓരോ മനുഷ്യനുമാണ്.

ഏതു കള്ളനാണ് നമ്മെ കൂടുതലായി പ്രതിനിധീകരിക്കുന്നത്? ഒരാൾ അഹങ്കാരത്തിൽനിന്ന് ഉത്ഭവിക്കുന്ന സ്വയം നീതിയിൽ ന്യായീകരണങ്ങൾ നിരത്തുമ്പോൾ മറ്റൊരാൾ എളിമയിൽനിന്ന് ഉരുവായ ആത്മദുഃഖത്തിന്റെ നെടുവീർപ്പുകൾ പ്രാർത്ഥനയായി ഉയർത്തുന്നു. ലൂക്കാ സുവിശേഷകൻതന്നെ രേഖപ്പെടുത്തിയിരിക്കുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയെ (ലൂക്കാ 18: 9 -14) കുരിശിൽ കിടക്കുന്ന രണ്ടു കള്ളന്മാരുമായി ചേർത്തു വായിക്കാനാവും.

സ്വയം നീതിമാനാണ് എന്ന ധാരണയിൽ തന്നിൽത്തന്നെ ആശ്രയിക്കുന്ന മോശം കള്ളൻ ഫരിസേയന്റെ പ്രതിനിധിയാണ്. സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്ന് പ്രാർത്ഥിക്കുന്ന (ലൂക്കാ 18: 13) ചുങ്കക്കാരന്റെ മനോഭാവമാണ് നല്ല കള്ളനുള്ളത്.

‘നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!,’ (ലൂക്കാ 23: 39) എന്ന ഒരു കുറ്റവാളിയുടെ പരിഹാസവാക്കിൽ ഫരിസേയ മനോഭാവം നിഴലിച്ചു കിടപ്പുണ്ട്. ആ മനോഭാവത്തിനു കാരണം സഹനത്തിലൂടെയും മരണത്തിലൂടെയും പാപത്തെ നശിപ്പിക്കുന്ന യേശുവിനെ മനസ്സിലാക്കാനും അവിടുത്തെ കരുണ എളിമയോടെ അന്വേഷിക്കാനും അവൻ പരാജയപ്പെടുന്നു എന്നതാണ്. ക്രിസ്തുവിന്റെ മരണം പറുദീസായുടെ കവാടം തുറക്കും എന്ന സത്യം ചീത്ത കള്ളൻ മറക്കുകയും യേശുവിനെ വെല്ലുവിളിച്ചുകൊണ്ട് ഈ ഭൂമിയിലെ രക്ഷമാത്രം തേടുകയും ചെയ്യുന്നു.

എന്നാൽ, നല്ല കള്ളൻ യേശുവിന്റെ മഹത്തരമായ രക്ഷാകര ദൗത്യം തിരിച്ചറിയുന്നു. സ്വന്തം മരണം തന്റെ തന്നെ പാപങ്ങൾക്കുള്ള നീതിയുക്തമായ വിധിയായി അവൻ തിരിച്ചറിയുകയും അത് ഏറ്റുപറയുകയും ചെയ്യുന്നു. നല്ല കള്ളൻ തന്റെ സാധ്യത അവിടെ കൊട്ടിയടക്കുന്നില്ല, യേശു സ്വർഗരാജ്യത്തിൽ പ്രവേശിക്കുമ്പോൾ തന്നെയും ഓർക്കണമേ എന്നു താഴ്മയോടെ യാചിക്കാനും അവൻ മറക്കുന്നില്ല.

മനുഷ്യന്റെ സാധ്യതകൾക്കു ചിറകു മുളയ്ക്കുന്ന കാരുണ്യഗേഹമാണ് കുരിശിൻ ചുവട്. നല്ല കള്ളൻ തന്നെത്തന്നെ താഴ്ത്തി നിത്യജീവൻ എന്ന ‘മെഗാ ബമ്പർ’ കരസ്ഥമാക്കുമ്പോൾ രക്ഷയുടെ സാധ്യതകൾ സ്വയം തല്ലിത്തകർത്ത് ഒരു കള്ളൻ നാശം ഇരുന്നു വാങ്ങുന്നു. കുരിശിൻ ചുവട്ടിലെ ഇന്നത്തെ നമ്മുടെ പ്രാർത്ഥന, ‘യേശുവേ, നീ നിന്റെ രാജ്യത്തിൻ എന്നെയും ഓർക്കണമേ!,’ (cf. ലൂക്കാ 23: 42) എന്നതായിരിക്കട്ടെ. ആത്മാർത്ഥപൂർണമായ ഈ പ്രാർത്ഥനയിൽ പറുദീസയുടെ കവാടംതാനേതുറക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?