Follow Us On

20

April

2024

Saturday

കുരിശിനെ സ്‌നേഹിക്കണം, ക്രൂശിതനെ പുണരണം; എന്തുകൊണ്ടെന്നാൽ…

കുരിശിനെ സ്‌നേഹിക്കണം, ക്രൂശിതനെ പുണരണം; എന്തുകൊണ്ടെന്നാൽ…

‘കുരിശിനെ വെറും ഷോ കാണിക്കാനുള്ള മാധ്യമമായി, അലങ്കാര വസ്തുവായി മാത്രം കാണുന്നവർ നവീന യൂദാസുമാർതന്നെ, അവർ ക്രൂശിതന്റെ മൗതീക ശരീരമായ തിരുസഭയിൽ തീർക്കുന്ന മുറിവുകൾ ആഴമേറിയതുമത്രേ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 24

‘പ്രയാണ’ത്തിലെ ഇന്നത്തെ ധ്യാനചിന്ത ഒരു ഗാനമാണ്. ഫാ. മിഖാസ് കൂട്ടുങ്കൽ രചിച്ച ‘കുരിശുകൾ പൂക്കുന്ന പാടത്തു നിന്നു ഞാൻ ക്രൂശിത രൂപത്തെ ധ്യാനിച്ചു,’ എന്നു തുടങ്ങുന്ന ഗാനം. കുരിശിനെക്കുറിച്ചുള്ള മനോഹരമായ ഒരു ധ്യാനംതന്നെയാണ് ‘ദൈവം വിശ്വസ്തൻ’ എന്ന ആൽബത്തിലെ ഈ ഗാനം. കുരിശുകളാൽ അലംകൃതമായ സെമിത്തേരിൽ നിൽക്കുമ്പോൾ ഒരു ദൈവവിശ്വാസിക്കുണ്ടാകുന്ന ഹൃദയവികാരങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം.

‘ലോകം വാഴ്ത്തുന്ന രൂപത്തിൻ പിൻപിലെ

പീഡകളൊക്കെ ഞാനറിഞ്ഞു…

പൂവിട്ടു പൂജിക്കും പുണ്യത്തിലൊക്കെയും

കുരിശിൻ നിഴലുകൾ ഞാൻ കണ്ടു…

കുരിശെ, നിനക്കെൻ പ്രണാമം!’

ഇതാണ് ഈ ഗാനത്തിലെ അനുപല്ലവി. കുരിശിനെ ലോകം മുഴുവൻ വാഴ്ത്തുന്നെങ്കിൽ അതിന്റെ പിന്നിൽ ദൈവപുത്രൻ മനുഷ്യരക്ഷക്കായി സഹിച്ച ക~ിനമായ പീഡകൾ ഒളിഞ്ഞു കിടപ്പുണ്ട്. നാം പൂവിട്ട് സ്മരിക്കുന്ന ഓരോ പുണ്യജീവിതങ്ങൾക്കു പിന്നിലും കുരിശിന്റെ നിഴൽപറ്റി നടന്ന ജീവിതകഥ പങ്കുവയ്ക്കാനുണ്ടാവും.

കുരിശിനെ സ്‌നേഹപൂർവം പുൽകിയ വിശുദ്ധ എവുപ്രാസ്യാമ്മ തന്റെ ആത്മീയ പിതാവിനെഴുതിയ ഒരു കത്തിൽ ഇങ്ങനെ കുറിക്കുന്നു: ‘സ്‌നേഹപിതാവേ ഞാൻ അങ്ങേ മകളല്ലേ, ദൈവത്തെക്കുറിച്ച് എനിക്കു വല്ലതും സഹിക്കണം, പാടുപെടണം, വളരെ ആഗ്രഹമുണ്ട്, അപേക്ഷിക്കുന്നുണ്ട്. സ്‌നേഹപിതാവും കൂടി അപേക്ഷിച്ച് മേടിച്ചു തരണമെന്ന് സാധ്യപ്പെട്ട് അപേക്ഷിക്കുന്നു.’

കുരിശിന്റെ വഴിയെ വിശ്വസ്തതയോടെ നടന്നവർ ഉറങ്ങുന്ന സ്ഥലമാണല്ലോ സെമിത്തേരി. അവരുടെ വിശ്വസ്തയെ കുരിശിന്റെ മുദ്ര ചാർത്തി ജീവിച്ചിരിക്കുന്ന സഭ അനുസ്മരിക്കുന്നു. അനേകം ജീവിതങ്ങൾക്ക് കരുത്തു പകർന്ന ക്രിസ്തുവിന്റെ കുരിശേ പ്രണാമം. ഈ ഗാനത്തിന്റെ ചരണം മറ്റൊരു സത്യത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

‘ലോകം ഭയക്കുന്ന രൂപത്തിന്നുള്ളിലെ

സ്‌നേഹ പ്രഭാവം ഞാനറിഞ്ഞു…

വഞ്ചന നിറയും ചുംബനനേരം

കുരിശിൻ വേദന ഞാൻ കണ്ടു…

കുരിശേ, നിനക്കെന്നും സ്വാഗതം !’

പീഡനമേറ്റ ക്രൂശിതന്റെ രൂപം മാനുഷികമായ രീതിയിൽ ചിന്തിച്ചാൽ കാണുന്നവരിൽ ഭയമുളവാക്കുന്നതാണ്. പക്ഷേ, ക്രൂശിതനിൽനിന്ന് പ്രവഹിക്കുന്ന സ്‌നേഹപ്രഭാവം അറിയുമ്പോൾ കുരിശിന് സ്വാഗതമോതാതിരിക്കാൻ നമുക്കാവില്ല. ആ സ്‌നേഹ പ്രഭാവം സഭാപിതാവായ ജറുസലേമിലെ വിശുദ്ധ സിറിൾ പ~ിപ്പിക്കുന്നതുപോലെ, ‘പ്രപഞ്ചത്തിന്റെ ഏറ്റവും അകലെയുള്ള കോണുകളെപ്പോലും ആശ്ലേഷിക്കാൻ ദൈവം കുരിശിൽ തന്റെ കൈകൾ വിരിച്ചതുപോലെയാണ്.’

യൂദാസ് ചുംബനം നൽകി യേശുവിനെ വഞ്ചിച്ചു. ചുംബിച്ചു കൊണ്ടുള്ള വഞ്ചന ഹൃദയത്തിൽ സൃഷ്ടിക്കുന്ന മുറിവുകൾ ഉണങ്ങാൻ കാലങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം. കുരിശിനെ വെറും ഷോ കാണിക്കാനുള്ള മാധ്യമമായി, അലങ്കാര വസ്തുവായി മാത്രം കാണുന്നവർ നവീന യൂദാസുമാർ തന്നെയാണ്. അവർ ക്രൂശിതന്റെ മൗതീക ശരീരമായ തിരുസഭയിൽ തീർക്കുന്ന മുറിവുകൾ ആഴമേറിയതാണ്.

2020 ആഗസ്റ്റ് 30ന് നടത്തിയ ത്രികാല പ്രാർത്ഥനാമധ്യേ ഫ്രാൻസിസ് പാപ്പ പങ്കുവെച്ച വചനസന്ദേശത്തിൽ, കുരിശ് ഒരു അലങ്കാര വസ്തുവായി കാണുന്ന പ്രവണതക്കെതിരെ മുന്നറിയിപ്പു നൽകുന്നു. പാപ്പയുടെ അഭിപ്രായത്തിൽ വീടുകളുടെ ഭിത്തിയിൽ തൂക്കിയിടുന്ന ക്രൂശിതരൂപവും കഴുത്തിൽ അണിയുന്ന കുരിശു രൂപവും നമ്മുടെ സഹോദരങ്ങളെ, വിശിഷ്യ പാവങ്ങളും എളിവയവരുമായവരെ സ്‌നേഹത്തോടെ ശുശ്രൂഷിക്കാനുള്ള സന്നദ്ധതയും ക്രിസ്തുവിന്റെ ത്യാഗസമർപ്പണത്തിന്റെ പ്രചോദനമായ അടയാളവുമാണ്.

അതെ, കുരിശ് എപ്പോഴും ദൈവസ്‌നേഹത്തിന്റെ പവിത്രമായൊരു അടയാളവും യേശു ചെയ്ത പരമത്യാഗത്തിന്റെ ആഴം ബോധ്യപ്പെടുത്തുകയും, നമുക്കെന്നും പ്രചോദനമേകേണ്ടതുമായ പ്രതീകവുമാണ്. കുരിശിനെ വെറും കപടഭക്തിയുടെ അടയാളമോ, പ്രകടനമോ, അലങ്കാരമോ, ആഭരണമോ മാത്രമാക്കി തരംതാഴ്ത്തരുതെന്നും പാപ്പ പഠിപ്പിക്കുന്നു. ഈ നോമ്പുകാലത്ത് കുരിശിനെ സ്‌നേഹിക്കാനും ക്രൂശിതനെ പുണരാനും കുരിശിനു സ്വാഗതമോതാനും നമുക്കുസാധിക്കട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?