Follow Us On

19

April

2024

Friday

സമാധാന ചർച്ച: വത്തിക്കാന്റെ മധ്യസ്ഥത തേടി പാപ്പയ്ക്ക് യുക്രൈൻ പ്രസിഡന്റിന്റെ ഫോൺ കോൾ

സമാധാന ചർച്ച: വത്തിക്കാന്റെ മധ്യസ്ഥത തേടി പാപ്പയ്ക്ക് യുക്രൈൻ പ്രസിഡന്റിന്റെ ഫോൺ കോൾ

കീവ്: റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ വത്തിക്കാൻ മധ്യസ്ഥത വഹിക്കണമെന്ന ആഗ്രഹം ഫ്രാൻസിസ് പാപ്പയെ നേരിട്ട് അറിയിച്ച് യുക്രേനിയൻ പ്രസിഡന്റ് വോളോ ഡിമിർ സെലെൻസ്‌കി. ഇക്കഴിഞ്ഞ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിലാണ് സെലെൻസ്‌കി ഇക്കാര്യം പാപ്പയെ അറിയിച്ചത്. ഈ വിവരം പിന്നീട് ട്വിറ്റർ പേജിലൂടെ സെലൻസ്‌കി വെളിപ്പെടുത്തുകയും ചെയ്തു.

‘പാപ്പയുമായി സംസാരിച്ചു. ക്ലേശകരമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും രക്ഷാപ്രവർത്തന ഇടനാഴികളിൽ റഷ്യൻ സൈന്യം തടസം സൃഷ്ടിക്കുന്നതിനെക്കുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് വത്തിക്കാന് മധ്യസ്ഥത വഹിക്കാനായാൽ അഭിനന്ദനീയമായിരിക്കും. യുക്രൈനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നന്ദി,’ സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു.

റഷ്യ- യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇനി ജറുസലേം വേദിയാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വത്തിക്കാന്റെ മധ്യസ്ഥത തേടിയ വിവരം സെലെൻസ്‌കി അറിയിച്ചത്. ഫോൺ സംസാരത്തിനുശേഷം, ഇറ്റാലിയൻ പാർലമെന്റിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തപ്പോഴും ഇക്കാര്യത്തെക്കുറിച്ച് സെലൻസ്‌കി വെളിപ്പെടുത്തി. ‘പാപ്പയുമായുള്ള സംഭാഷണത്തിൽ വളരെ പ്രധാനപ്പെട്ട വാക്കുകൾ ഉണ്ടായിരുന്നു. തിന്മ കണ്ടപ്പോൾ സൈന്യമായി മാറിയ യുക്രേനിയൻ ജനതയുടെ ചെറുത്തുനിൽപ്പിനെക്കുറിച്ച് ഞാൻ പാപ്പയോട് സംസാരിച്ചു,’ എന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാനിലെ യുക്രൈൻ അംബാസഡർ ആൻഡ്രി യുറാഷും ടെലിഫോൺ സംഭാഷണത്തെ കുറിച്ചുള്ള വാർത്ത ട്വീറ്റ് ചെയ്തു. യുക്രൈനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രസിഡന്റിന് പാപ്പ ഉറപ്പുനൽകി എന്നും അദ്ദേഹം വെളിപ്പെടുത്തി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പാപ്പയും സൈലൻസ്‌കിയും ടെലിഫോണിൽ സംസാരിക്കുന്നത് ഇതാദ്യമല്ല. റഷ്യൻ അധിനിവേശം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ട ഫെബ്രുവരി 26ന് ദാരുണമായ സംഭവങ്ങളിൽ തന്റെ അഗാധമായ ദുഃഖം അറിയിക്കാൻ സെലൻസ്‌കിയുമായി പാപ്പ സംസാരിച്ചിരുന്നു.

യുദ്ധം ആരംഭിച്ച സാഹചര്യത്തിൽതന്നെ, പ്രശ്‌ന പരിഹാരത്തിൽ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത വത്തിക്കാൻ സ്‌റ്റേറ്റ്‌ സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചകളിലെ ആഞ്ചലൂസ് പ്രാർത്ഥനകളിൽ യുക്രൈനിൽ സമാധാനം സംജാതമാകാൻ പ്രാർത്ഥിക്കുകയും അന്താരാഷ്ട്ര ഇടപെടൽ അഭ്യർത്ഥിക്കുകയും ചെയ്ത പാപ്പ, പ്രോട്ടോക്കോളുകൾ കണക്കിലെടുക്കാതെ റോമിലെ റഷ്യൻ എംബസിയിൽ എത്തി ഇക്കാര്യം ആവശ്യപ്പെട്ടതും വലിയ വാർത്തയായിരുന്നു.

അതേസമയം, റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം ഇതുവരെ 35 ലക്ഷംപേർ പ്രാണരക്ഷാർത്ഥം രാജ്യത്തുനിന്ന് പലായനം ചെയ്‌തെന്ന് അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി സ്ഥിരീകരിച്ചു. ഇതിൽ 21 ലക്ഷംപേർ പോളണ്ടിലാണ് അഭയം തേടിയിട്ടുള്ളത്. യുദ്ധം 27 ദിവസം പിന്നിടുന്നതിനിടയിൽ 925 പൗരന്മാർ ഉൾപ്പെടെ 1500 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നും യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനവാസകേന്ദ്രങ്ങളിലെ ആക്രമണംമൂലം ആറ് ദശലക്ഷത്തിൽപ്പരം പേർക്ക് ഗുരുതര പരിക്കേറ്റെന്നും 460ൽപ്പരം സ്‌കൂളുകളും 43 ആശുപത്രികളും തകർക്കപ്പെട്ടെന്നും സന്നദ്ധസംഘടനയായ ‘സേവ് ദ ചിൽഡ്രൻ’ വെളിപ്പെടുത്തി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?