‘പരിശുദ്ധ മറിയത്തെപ്പോലെ കർത്താവിന്റെ ദാസിയും ദാസനുമാകാൻ, ക്രൂശിതന് പിന്നാലെ ഇമവെട്ടാതെ നടക്കാനുള്ള ധൈര്യത്തിനായി നമുക്കും പ്രാർത്ഥിക്കാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 26
മാർച്ച് 25 തിരുസഭയിൽ പരിശുദ്ധ മറിയത്തിന്റെ മംഗളവാർത്താ തിരുനാളാണ്. നോമ്പുകാലത്തിന്റെ തീവ്രതയിലാണ് സാധാരണ ഈ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്. ദൈവഹിതം തേടുകയും അതനുസരിച്ച് ജീവിക്കുകയുമാണ് നോമ്പിലെ യഥാർത്ഥ ചൈതന്യമെന്ന് ഈ തിരുനാൾ പറഞ്ഞുതരുന്നു. ദൈവഹിതത്തോട് മറിയം യെസ് പറഞ്ഞ ദിനം, മറിയം ദൈവത്തിന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ട ദിനം, ദൈവമാതാവാകാൻ മറിയം സമ്മതമരുളിയ ദിനം, ദൈവം ചരിത്രത്തിന്റെ ഭാഗമാകാൻ തീരുമാനമെടുത്ത ദിനം… വിശേഷങ്ങൾ ഏറെയുണ്ട് ഈ തിരുനാളിന്.
ലത്തീൻ ആരാധനാക്രമം അനുസരിച്ച് വിശുദ്ധ കുർബാനയിൽ വിശ്വാസ പ്രമാണം ചൊല്ലുന്ന സമയത്ത് മുട്ടുകുത്തി നമസ്‌കരിക്കരിക്കുന്നത് രണ്ട് തിരുനാളുകൾക്കാണ്, ഒന്ന് മംഗള വാർത്താ തിരുനാളിലും മാറ്റാന്ന് തിരുപ്പിറവിയിലും. സഭാപാരമ്പര്യത്തിൽ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യന്റെ പേരിൽ ഒരു പാരമ്പര്യമുണ്ട്. അതിൽ പ്രകാരം ക്രിസ്തു ലോകത്തിലേക്കു വന്ന ദിവസം തന്നെയാണ് കുരിശിൽ മരിച്ചത്! അതായത് മറിയത്തിന്റെ ഗർഭപാത്രത്തിൽ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചതിന്റെ 33-ാം വർഷത്തിൽ കുരിശിൽ അവൻ ബലിയായി, കണക്കുകൾ ശരിയാണങ്കിൽ മാർച്ച് 25ന്. 2016ൽ മംഗളവാർത്താ തിരുനാളും ദുഃഖവെള്ളിയും മാർച്ച് 25നായിരുന്നു. ദുഃഖവെള്ളിയും മംഗളവാർത്ത തിരുനാളും ഇനി ഒരുമിച്ചുവരാൻ 2157വരെ നാം കാത്തിരിക്കണം.
ദൈവപുത്രന്റ മനുഷ്യാവതാരത്തെ കുറിച്ച് ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോട് യെസ് പറയുന്നതുമാണ് ഈ തിരുനാളിന്റെ കേന്ദ്രം. അർദ്ധരാത്രിയിൽ മറിയം ഏകയായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന സമയത്ത് മുഖ്യദൂതൻ ഗബ്രിയേൽ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ദൈവമാതാവാകാൻ സമ്മതം ആരാഞ്ഞു എന്നാണ് സഭാപാരമ്പര്യം.
അപ്പസ്‌തോലന്മാരിൽനിന്ന് നേരിട്ട് ലഭിച്ച പാരമ്പര്യത്തിന്റെ വാഹകനും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനുമായ വിശുദ്ധ ഇരണേവൂസ്, നസ്രത്ത് ഏദന്റെ പ്രതിരൂപമാണന്ന് നമ്മെ പഠിപ്പിക്കുന്നു. ഏദൻ തോട്ടത്തിൽ ഇരുട്ടിന്റെ മാലാഖയും ഒരു കന്യകയും തമ്മിലും, നസ്രത്തിൽ പ്രകാശത്തിന്റെ മാലാഖയും ഒരു കന്യകയും തമ്മിലും സംഭാഷണം നടത്തുന്നു. രണ്ടു സന്ദർഭങ്ങളിലും മാലാഖമാരായിരുന്നു ആദ്യം സംസാരിച്ചത്.
സർപ്പം ഹവ്വായോടു ചോദിച്ചു: ‘തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപ്പിച്ചിട്ടുണ്ടോ?,’ (ഉൽപത്തി 3:1) ഈ ചോദ്യത്തിൽ അക്ഷമയും തിന്മ ചെയ്യാനുള്ള പ്രേരണയും കാണാൻ കഴിയും. മറുവശത്ത് പ്രകാശത്തിന്റെ മാലാഖ, പുതിയ ഹവ്വായായ നസ്രത്തിലെ കന്യകയെ സമീപിക്കുന്നത് എത്ര ശാന്തതയോടും ആദരവോടും കൂടിയാണ്: ‘ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!’ (ലൂക്കാ 1:28). ഈ ഭാഷയിൽ സ്വർഗമാണ് സംസാരിക്കുന്നതെന്ന് വ്യക്തമായിരുന്നു.
ദൈവഹിതത്തോട്, ‘ഇതാ, കർത്താവിന്റെ ദാസി,’ എന്ന് പ്രത്യുത്തരിച്ചാണ് മറിയം ദൈവമാതാവെന്ന വിശേഷണത്തിന് അർഹയാകുന്നത്. മറിയത്തിന്റെ, ‘ഇതാ കർത്താവിന്റെ ദാസി’ എന്ന സമ്മതം മൂളൽ പൂർത്തിയാകുന്നത് കാൽവരിയിലെ കുരിശിൽ ചുവട്ടിലാണ്. ഇതുപോലെ, ദൈവഹിതത്തോട് ‘ഇതാ കർത്താവിന്റെ ദാസൻ/ ദാസി’ എന്നു പറഞ്ഞാലേ ദൈവപുത്രൻ/ പുത്രി സ്ഥാനത്തേക്ക് നാം ഉയരൂ. ദൈവത്തിന്റെ പുത്രനും പുത്രിയും ആകാനുള്ള സുവർണാവസരമാണ് നോമ്പുകാലം. കർത്താവിന്റെ ദാസന്മാർക്കും ദാസികൾക്കും മാത്രമേ കുരിശിന്റെ വഴിയെ നടക്കാൻ കഴിയൂ. മറിയം പഠിപ്പിക്കുന്ന വലിയൊരു പാഠമാണത്.
ഫ്രാൻസിസ് പാപ്പ വിദേശങ്ങളിലേ്ക്കുള്ള തന്റെ അപ്പസ്‌തോലിക യാത്രകൾക്ക് മുമ്പും, ശേഷവും റോമിലെ മേരി മേജർ ബസിലിക്കയിലെ ദൈവമാതാവിന് പ്രതിഷ്ഠിച്ച അൾത്താരക്കു മുമ്പിലെത്തി പ്രാർത്ഥിക്കുന്നതും പുഷ്പാർച്ചന നടത്തുന്നതും നന്ദിയർപ്പിക്കുന്നതും പതിവാണ്. ദൈവഹിതത്തിന് സംപൂർണമായി സമർപ്പിച്ച മറിയത്തെപ്പോലെ ഈ കാലഘട്ടത്തിൽ മനഷ്യനുവേണ്ടി ദൈവഹിതം തേടുന്ന വിനീതദാസനായതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ ഈ ദൈവമാതൃസന്നിധിയിലെത്തുന്നത് എന്നുവേണം നമുക്കു അനുമാനിക്കാൻ.
പരിശുദ്ധ മറിയത്തെപ്പോലെ കർത്താവിന്റെ ദാസിയും ദാസനുമാകാൻ, ക്രൂശിതന് പിന്നാലെ ഇമവെട്ടാതെ നടക്കാനുള്ള ധൈര്യത്തിനായി നമുക്കു പ്രാർത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *