Follow Us On

29

March

2024

Friday

തിരിച്ചുവരാനുള്ളവർക്കായി തിരുസഭ വാതിൽ തുറന്ന് കാത്തിരിക്കുന്ന കാലം!

തിരിച്ചുവരാനുള്ളവർക്കായി തിരുസഭ വാതിൽ തുറന്ന് കാത്തിരിക്കുന്ന കാലം!

‘നോമ്പുകാലത്ത് അനുതപിച്ച് തിരികെ വരുന്നവരെ സ്വീകരിക്കാൻ വാതിൽ തുറന്നിട്ട് (കുമ്പസാരക്കൂട്) സഭ കാത്തിരിക്കുന്നു. തിരികെ നടക്കാൻ ചങ്കൂറ്റം നാമും ആർജിക്കണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 27

ദൈവത്തിലേക്കു തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രമാണ് ‘പ്രയാണ’ത്തിലെ ഇന്നത്തെ വഴികാട്ടി. ‘സുവിശേഷങ്ങളിലെ സുവിശേഷം’ എന്ന് വിശേഷിപ്പിക്കുന്ന ഒരു തിരുവചന കഥയാണിതിന് ആധാരം. പതിനേഴാം നൂറ്റാണ്ടിൽ ഹോളണ്ടിൽ ജീവിച്ചിരുന്ന വിശ്വവിഖ്യാത ചിത്രകാരനായിരുന്നു റെംബ്രാന്റ് വാൻ റേയ്ൻ (Rembrant van Rijin 1606- 1669). അദ്ദേഹത്തിന്റെ ഭുവന പ്രശസ്തമായ ഒരു രചനയാണ് ‘ധൂർത്ത പുത്രന്റ തിരിച്ചുവരവ്’ (The Return of the Prodigal Son) എന്ന ഓയിൽ പെയിന്റിംഗ്. മരണത്തിന് രണ്ടു വർഷം മുമ്പാണ് റെംബ്രാന്റ് ഈ ചിത്രം രചിച്ചത്.

വിശ്വവിഖ്യാത ചിത്രകാരൻ റെംബ്രാന്റ് വാൻ റേയ്ൻ വരച്ച ‘ധൂർത്ത പുത്രന്റ തിരിച്ചുവരവ്’ എന്ന വിഖ്യാത ചിത്രം.

ഈ ചിത്രം ഒരു ആത്മപരിശോധനയാണ്, ഒരു കഥയും ജീവിതവും ഇതിലുണ്ട്. പിതാവിനോടും സഹോദരനോടും നാം എങ്ങനെ ബന്ധപ്പെടുന്നു എന്നതിന്റെ കഥയാണിത്. നാം ഓരോരുത്തരും നമ്മെത്തന്നെയും ദൈവത്തെയും അപരനയും കണ്ടെത്തുന്ന നമ്മുടെ ജീവിത കഥ.

പിതാവിന്റെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ധൂർത്ത പുത്രന്റെ പാദങ്ങളിൽ അഴുക്കാണ്. അവന്റെ പാദുകങ്ങൾ കീറപ്പെട്ടിരിക്കുന്നു. വഴിതെറ്റി നടന്നതിന്റെ പരിണിത ഫലങ്ങളാണവ. സ്വത്വത്തിൽനിന്നും പിതാവിൽനിന്നും സ്വഭവനത്തിൽനിന്നും അകന്നുനിന്നതിന്റെ ദുരന്തഫലങ്ങൾ! ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടതിന്റെ പ്രതികമാണ് വൃത്തിഹീനമായ പാദങ്ങളും കേടുപറ്റിയ പാദുകങ്ങളും. ധൂർത്ത പുത്രന്റെ വസ്ത്രത്തിൽ കേടുപാടുകൾ പറ്റിയിരിക്കുന്നതും കാണാം.

പിതാവിനുള്ളതെല്ലാം നമ്മുടേതാണ് എങ്കിലും സ്വന്തം ഓഹരിക്കുവേണ്ടി മുറവിളി ഉയർത്തുമ്പോൾ, എന്റേത് നിന്റേത് എന്ന വേർതിരിവ് ഉടലെടുക്കുന്നു. എന്നിലേക്ക് ചുരുങ്ങിപ്പോകുന്നു, യാർത്ഥ സ്വാതന്ത്ര്യവും സമാധാനവും വീടും നഷ്ടപ്പെടുത്തുന്നു. ‘ഞാൻ’ മാത്രം എന്റെ ചിന്താവിഷയമാകുമ്പോൾ പിതാവിന്റെ പുത്രനെന്ന പദവി ‘ഞാൻ’ തന്നെ വലിച്ചെറിയുന്നു.

തെറ്റായ സ്വതബോധത്തെ തൃപ്തിപ്പെടുത്താൻ അനുഭവങ്ങളും സാഹസികതയും തേടി മറ്റ് സ്ഥങ്ങളിലേക്കു ഇറങ്ങി തിരിക്കുമ്പോൾ നാം നമ്മുടെ ഭവനത്തെയാണ് നഷ്ടപ്പെടുത്തുന്നത്. നാം ആഗ്രഹിക്കുന്നതു ചെയ്യാൻ ‘സ്വാതന്ത്ര്യം’ തേടി പോകുമ്പോൾ സന്തോഷമില്ലാതെ നാം ആസ്വദിക്കുന്നു, കൂട്ടത്തിലൊരുവനാകുമ്പോൾ സ്‌നേഹം എന്താണന്ന് നാം അറിയുന്നില്ല.

നിരവധി മുഖമൂടികൾ മാറി മാറി അണിയുന്ന നാം ജനപ്രിയരാകും, പക്ഷേ നാം നാമല്ലാതാകുന്നു. എല്ലാം നഷ്ടപ്പെടുമ്പോൾ അഴുക്കും വിശപ്പും ഏകാന്തതയും നമ്മെ യാർത്ഥ സ്വത്വത്തിലേക്ക് മടക്കിക്കൊണ്ടു വന്നേക്കാം. ജീവിത കഷ്ടതകൾ വിട്ടുവീഴ്ച ചെയ്യാൻ നമ്മെ നിർബന്ധിക്കുന്നു. പിതാവിനെക്കുറിച്ചുള്ള ഓർമ തിരിച്ചു നടക്കാനുള്ള ഉൾക്കരുത്താണ്. പിതാവ് ഇപ്പോഴും നമ്മെ സ്‌നേഹിക്കുന്നു, ഈ സത്യം സ്വത്വത്തിലേക്കു നമ്മെ തിരികെ കൊണ്ടുവരുന്നു.

ആലിംഗനം ചെയ്യുന്ന പിതാവ്- പിതാവിന്റെ ആലിംഗനത്തിലേക്കു നാം മടങ്ങുമ്പോൾ സുരക്ഷിതത്വവും സ്‌നേഹവും വീണ്ടും നമുക്കായി വാതിൽ തുറക്കുന്നു. ഈ ആലിംഗനത്തിലാണ് അപ്പന്റെ ഹൃദയമിടിപ്പ് നാം ആദ്യം കേൾക്കുന്നത്. ആ മാറിൽ സുരക്ഷിതത്വത്തിന്റെ പുതിയ സ്വാതന്ത്ര്യം നാം അനുഭവിക്കുന്നു. മുഖമൂടികൾ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോൾ പതിയെ നാം ഓരോരുത്തരും നാമായി മാറി തുടങ്ങി.

നമ്മുടെ ദുഃഖം നെടുവീർപ്പുകളായി ഉയരുമ്പോൾ ആലിംഗനത്തിന്റെ ചൂട് അപ്പൻ കൂട്ടുന്നു. ഇനി നാം അപ്പനെ വിട്ടുപോകില്ല. അവന്റെ സാമിപ്യം നമുക്ക് ആഘോഷമാണ്, സംതൃപ്തിയാണ്, ആനന്ദമാണ്. ചിത്രത്തിൽ വലതു വശത്തു നിൽക്കുന്നയാൾ മൂത്ത സഹോദരനാന്ന്. നാം പിതാവിനെ വിട്ട് ദൂരെദേശത്തു പോകുമ്പോൾ നാം സഹോദരനും അകന്നു പോകുന്നു.

ചിലപ്പോൾ പ്രതികരിക്കാൻ മടിക്കുന്ന ആ സഹോദരന്റെ ഭാവവും നമ്മിലുണ്ട്. സ്‌നേഹത്തിൽ ധൂർത്തനായ പിതാവിനെ സംശയ കണ്ണുകളോടെ നോക്കി കാണുന്നവനാണ് മൂത്ത പുത്രൻ. പിതാവിന്റെ ആർദ്രത മുറ്റിയ കണ്ണുകളിൽ മകനെ തിരികെ ലഭിച്ചതിന്റെ സമാശ്വാസം നിഴലിക്കുന്നുണ്ട്. ദൈവത്തിന്റെ നിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും (റോമാ 2: 4) പിതാവിന്റെ മുഖഭാവത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. പിതാവിന്റെ കരങ്ങൾ പുത്രന്റെ ഇരു തോളിലുമാണ് അത് പൂർണമായി അവനെ അംഗീകരിച്ചതിന്റെ ലക്ഷണമാണ്.

ഇക്കഴിഞ്ഞ മംഗളവാർത്താ തിരുനാൾ ദിനത്തിൽ, റഷ്യയെയും യുക്രൈനെയും മാനവരാശി മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്~ിച്ചുകൊണ്ടു നടത്തിയ വചനസന്ദേശത്തിൽ, കുമ്പസാരത്തെ ‘ആനന്ദത്തിന്റെ കൂദാശ’ എന്നാണ് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചത്. ദൈവം നസ്രത്തിലെ മറിയത്തിന്റെ വീട്ടിൽ പ്രവേശിച്ചതുപോലെ കുമ്പസാരത്തിലൂടെ അപ്രതീക്ഷിതമായ വിസ്മയവും ആനന്ദവും ദൈവം നമുക്കു നൽകുന്നു.

നോമ്പുകാലത്ത് അനുതപിച്ച് തിരികെ വരുന്നവരെ സ്വീകരിക്കാൻ വാതിൽ തുറന്നിട്ട് (കുമ്പസാരക്കൂട്) സഭ കാത്തിരിക്കുന്നു. തിരികെ നടക്കാൻ ചങ്കൂറ്റം നാമും ആർജിക്കണം. ചിത്രത്തിൽ പിതാവിന്റെ ഹൃദയത്തോട് ചേർന്നാണ് പുത്രന്റെ മുഖം. വിശുദ്ധ കുമ്പസാരമെന്ന കൂദാശ ദൈവകാരുണ്യത്തോടുള്ള മനുഷ്യന്റെ ഹൃദയം ചേർക്കലാണ്. അവിടെ ദൈവീക വിസ്മയങ്ങളുടെ ആനന്ദം ആസ്വദിക്കാൻ ഈ നോമ്പുകാലത്ത് നമുക്കു സാധിക്കട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?