Follow Us On

29

March

2024

Friday

കുരിശിലെ നാലാമത്തെ മൊഴിയും അത് പകരുന്ന മൂന്ന് പാഠങ്ങളും!

കുരിശിലെ നാലാമത്തെ മൊഴിയും അത് പകരുന്ന മൂന്ന് പാഠങ്ങളും!

‘നിയമത്തിന്റെയും പ്രവചനങ്ങളുടെയും പൂർത്തീകരണമാണ് യേശുവിന്റെ ജീവിതമെന്ന് അടിവര ഇടുന്ന സുപ്രധാന സന്ദർഭമാണ്, കുരിശിലെ നാലാമത്തെ മൊഴി.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 28

‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?’- കുരിശിൽവെച്ച് ഈശോ ഉയർത്തിയ ഈ നിലവിളി മനുഷ്യചരിത്രത്തിലെ ഏറ്റവും വേട്ടയാടപ്പെട്ട വാക്കുകളാണ്. ‘ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? അടുത്തു നിന്നിരുന്ന ചിലർ അതുകേട്ടു പറഞ്ഞു: ഇതാ, അവൻ ഏലിയായെ വിളിക്കുന്നു,’ (മർക്കോസ് 15: 34-35)

കുരിശിൻ ചുവട്ടിൽ നിന്ന ചിലർ, യേശു ‘ഏലോയ്’ എന്നു വിളിച്ചത് അവൻ സഹായത്തിനായി എലിയായെ വിളിക്കുന്നതായി തെറ്റിദ്ധരിക്കുന്നു. അവസാന നാളുകളിൽ നീതിമാൻമാരെ രക്ഷിക്കാൻ ഏലിയാ വരുമെന്ന് യഹൂദർ വിശ്വസിച്ചിരുന്നു. പ്രാർത്ഥനയിൽ യേശു സൃഷ്ടാവായ ദൈവത്തെ ‘ദൈവം’ എന്ന് ആദ്യം അഭിസംബോധന ചെയ്യുന്നത് കുരിശിൽ വച്ചാണ്. മറ്റെല്ലാ പ്രാർത്ഥനകളിലും ദൈവത്തെ ‘പിതാവ് – അബ്ബാ’എന്നാണ് യേശു വിളിച്ചരുന്നത്.

ഏറ്റവും പരിത്യക്തമായ ഈ അവസരത്തിലുള്ള ഈ അഭിസംബോധന വിശ്വാസം നഷ്ടപ്പെടുന്നതിന്റെയോ കുറയുന്നതിന്റെയോ പ്രതിഫലനമല്ല. മറിച്ച്, യേശുവിന് തന്റെ പിതാവിനോടുള്ള അടുപ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിഫലനമാണ്. ‘എന്റെ ദൈവമേ’ എന്ന് വിളിച്ചുള്ള അപേക്ഷ, അവിടുന്ന് ദൈവത്തിൽ ഗാഢമായി ശരണപ്പെടുന്നു എന്നതിന്റെ തെളിവാണ്.

കുരിശിലെ അദ്യത്തെ മൂന്ന് മൊഴികളിലൂടെ മൂന്ന് കടമകൾ,അവിടുന്ന് നിറവേറ്റി: പീഡിപ്പിച്ചവർക്ക് ക്ഷമ നൽകി, നല്ല കള്ളനു പറുദീസാ നൽകി, സഭക്ക് മറിയത്തെ മാതാവായി നൽകി.ഇനി ആസന്നമായ തന്റെ മരണത്തിലേക്ക് മനസ്സ് തിരിക്കാനുള്ള സമയമാണന്ന് തിരിച്ചറിഞ്ഞ യേശു, പ്രാർത്ഥിക്കാൻ ആരംഭിക്കുന്നു. അതിനായി അവിടുന്ന് 22-ാം സങ്കീർത്തനം തിരഞ്ഞെടുക്കുന്നു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!,’ ( 22: 1) എന്നു തുടങ്ങുന്ന സങ്കീർത്തനം.

‘നസ്രത്തിലെ ഈശോ: വിശുദ്ധ വാരം: ജറുസലേമിലേക്കുള്ള പ്രവേശനം മുതൽ ഉത്ഥാനം വരെ’ എന്ന ഗ്രന്ഥത്തിൽ ബെനഡിക്ട് 16-ാമൻ പാപ്പ ഇപ്രകാരം എഴുതി: ‘യേശു കുരിശിൽ കഷ്ടപ്പെടുന്ന ഇസ്രായേലിന്റെ മഹത്തായ സങ്കീർത്തനം പ്രാർത്ഥിക്കുന്നു. ഇസ്രായേലിന്റെ മാത്രമല്ല ലോകത്തിലുള്ള എല്ലാവരുടെയും കഷ്ടപ്പാടുകൾ അവിടുന്ന് സ്വയം ഏറ്റെടുക്കുന്നു. ദൈവത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ലോകത്തിന്റെ വേദനാജനകമായ നിലവിളി അവിടുന്ന് ദൈവത്തിന്റെ ഹൃദയത്തിനു മുമ്പിൽ കൊണ്ടുവരുന്നു. കഷ്ടതയനുഭവിക്കുന്ന ഇസ്രായേലുമായും ‘ദൈവത്തിന്റെ അന്ധകാരത്തിൽ’ കീഴിൽ കഷ്ടതയനുഭവിക്കുന്നവരുമായും യേശു തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നു. അവിടുന്ന് അവരുടെ നിലവിളി, അവരുടെ ഭയം, അവരുടെ നിസ്സാഹയത എല്ലാം അവിടുന്ന് സ്വയം ഏറ്റെടുക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.’

സങ്കീർത്തനം 22 ആരംഭിക്കുന്നത് തീവ്ര വേദനയുടെ വിലാപത്തോടെയാണെങ്കിൽ അത് അവസാനിക്കുന്നത് ദൈവരാജ്യത്തിന്റെ വിജയത്തിന്റെ ഉറപ്പോടെയാണ്: ‘എന്തെന്നാൽ, രാജത്വം കർത്താവിന്റേതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു. ഭൂമിയിലെ അഹങ്കാരികൾ അവിടുത്തെ മുൻപിൽ കുമ്പിടും, ജീവൻ പിടിച്ചുനിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവർ അവിടുത്തെ മുൻപിൽ പ്രണമിക്കും,’ (സങ്കീ. 22: 28-29).

സങ്കീർത്തനത്തിന്റെ മധ്യഭാഗത്ത് യേശുവിന്റെ പീഡാനുഭവത്തിന്റെ വിവരണം പോലെ തോന്നിപ്പിക്കുന്ന വാക്യങ്ങളുണ്ട്. ‘എന്റെ അസ്ഥികൾ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവർ എന്നെ തുറിച്ചുനോക്കുന്നു; അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു,’ (സങ്കീ. 22: 17- 18).

നിയമത്തിന്റെയും പ്രവചനങ്ങളുടെയും പൂർത്തീകരണമാണ് യേശുവിന്റെ ജീവിതമെന്ന് അടിവര ഇടുന്ന മറ്റൊരു സന്ദർഭവുമാണ് നാലാമത്തെ മൊഴി. കുരിശിൽ നിന്നുള്ള നാലാമത്തെ വചനത്തിലൂടെ യേശു മൂന്നു കാര്യങ്ങൾ പഠിപ്പിക്കുന്നു. ജീവിത പരിത്യക്തയുടെ തീവ്ര നിമിഷങ്ങളിലാണ് ദൈവത്തെ ‘എന്റെ ദൈവമായി’, ‘എന്റെ കൂടെയുള്ള ദൈവമായി’ തിരിച്ചറിയേണ്ടത്. അതാണ് ആദ്യത്തെ പാഠം. രണ്ടാമതായി, ക്രൂശിതനിലേക്കു ഉയർത്തുന്ന പ്രാർത്ഥനകൾക്ക് രൂപാന്തരീകരണ ശക്തിയുണ്ടന്ന തിരിച്ചറിവാണ്. മൂന്നാമത്തേത്, പ്രത്യാശയുടെ സന്ദേശമാണ്. ഏത്ര പ്രതിസന്ധികൾ ഉണ്ടെങ്കിലും കുരിശും ക്രൂശിതനും അവസാനം വിജയം നൽകുമെന്ന പ്രത്യാശ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?