Follow Us On

04

June

2023

Sunday

കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാർ പാലിക്കേണ്ട 14 കൽപ്പനകൾ!

കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാർ പാലിക്കേണ്ട 14 കൽപ്പനകൾ!

‘കുരിശ് വഹിക്കുക എന്നാൽ അത് വലിച്ചിഴക്കുകയോ തോളിൽ എടുക്കുകയോ അല്ല, മറിച്ച്, പരാതിയോ മുറുമുറുപ്പോ ഇല്ലാതെ സ്വയമേവ കൈയിൽ ഉയർത്തി പിടിക്കുകയാണ് വേണ്ടത്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 29

കുരിശിനോടുള്ള തന്റെ തീക്ഷ്ണമായ സ്‌നേഹം പ്രകടിപ്പിക്കുകയും അതിനെ സ്‌നേഹിക്കാൻ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ലൂയിസ് ഡീ മോൺഫോർട്ടിന്റെ രചനയാണ് ‘Letter to the Friends of the Cross’ (കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്) എന്ന ചെറുഗ്രന്ഥം. ഈ കത്തിൽ, ക്രിസ്തീയ പരിപൂർണത എന്നത് ഈശോ പറയുന്ന ഒറ്റ വാക്കിൽ സംഗ്രഹിക്കാമെന്ന് വിശുദ്ധ ലൂയിസ് പഠിപ്പിക്കുന്നു: ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ,’ (മത്തായി 16:24)

ക്രിസ്തീയ പൂർണതയുടെ നാലു ഘടകങ്ങളും ഈ തിരുവചനത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്നാണ് ലൂയിസിന്റെ അഭിപ്രായം.

1) വിശുദ്ധനാകാനുള്ള തീരുമാനം: ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ’

2) സ്വയം പരിത്യജിക്കൽ: ‘അവൻ തന്നെത്തന്നെ പരിത്യജിച്ച്’

3) സഹനം: ‘കുരിശുമെടുത്ത്’

4) പ്രവൃത്തി: ‘എന്നെ അനുഗമിക്കട്ടെ’

നാം ആഗ്രഹിക്കുന്ന കുരിശുകളല്ല മറിച്ച്, യേശു നമുക്കായി തയാറാക്കിയിരിക്കുന്ന കുരിശെടുക്കാനാണ് വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത്. അവ വഹിക്കേണ്ട വിധവും ലൂയിസ് നിർദേശിക്കുന്നുണ്ട്. കുരിശ് ‘വഹിക്കുക’ എന്നാൽ അത് വലിച്ചിഴക്കുകയോ തോളിൽ എടുക്കുകയോ അല്ല, കുരിശിന്റെ ഭാരം കുറയ്ക്കുകയോ മറയ്ക്കുകയോ അല്ല. മറിച്ച്, അക്ഷമയോ അസൂയയോ കൂടാതെ, പരാതിയോ മുറുമുറുപ്പോ ഇല്ലാതെ, നാണക്കേടോ മാനുഷിക പ്രീതിയോ നോക്കാതെ ഒരുവൻ സ്വയമേ അത് കൈയിൽ ഉയർത്തി പിടിക്കുകയാണ് വേണ്ടത്.

അയാൾ അത് നെറ്റിയിൽ ധരിക്കുകയും വിശുദ്ധ പൗലോസിനെപ്പോലെ, ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ,’ (ഗലാ 6 :14) എന്ന് ഏറ്റുപറയുകയും ചെയ്യട്ടെ. യേശുക്രിസ്തുവിന്റെ മാതൃക അനുസരിച്ച് അവൻ കുരിശ് തന്റെ ചുമലിൽ വഹിക്കുകയും അതിനെ വിജയത്തിലേക്കുള്ള ആയുധവും തന്റെ സാമ്രാജ്യത്തിന്റെ ചെങ്കോലും ആക്കട്ടെ. കുരിശിനെ അവൻ തന്റെ ഹൃദയത്തിൽ സ്ഥാപിക്കട്ടെ.

ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് കുരിശിന്റെ കൂട്ടുകാർക്കുള്ള 14 നിയമങ്ങൾ വിശുദ്ധൻ അക്കമിട്ടു വിവരിച്ചിട്ടുണ്ട്.

1. നമ്മുടെ സ്വന്തം തെറ്റുകൊണ്ട് മനഃപൂർവം കുരിശുകൾ ഉണ്ടാക്കാതിരിക്കുക.

2. നമ്മുടെ അയൽക്കാരന്റെ നന്മയെക്കുറിച്ച് അറിഞ്ഞിരിക്കുക.

3. വിശുദ്ധരുടെ മഹത്തായ പുണ്യത്തെ അത് നേടുമെന്ന് നടിക്കുക മാത്രം ചെയ്യാതെ അവയെ ആദരിക്കുകയും അവ നേടാൻ പരിശ്രമിക്കുകയും ചെയ്യുക.

4. കുരിശിന്റെ ജ്ഞാനം ദൈവത്തോട് ചോദിക്കുക.

5. ആകുലപ്പെടാതെ സ്വന്തം തെറ്റുകൾ അംഗീകരിക്കുകയും എളിമപ്പെടുകയും ചെയ്യുക.

6. അപമാനങ്ങൾ നമ്മെ ശുദ്ധീകരിക്കാൻവേണ്ടി ദൈവം ഉപയോഗിക്കുന്ന മാർഗങ്ങളായി തിരിച്ചറിയുക.

7. അഹങ്കാരമുള്ള സ്വയം കേന്ദ്രീകൃത തീക്ഷ്ണമതികളെ അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

8. വലിയ കഷ്ടപ്പാടുകളെക്കാൾ ചെറിയ സഹനങ്ങളിൽനിന്ന് അനുഗ്രഹം കരസ്ഥമാക്കുക.

9. വികാരപരമായ സ്‌നേഹം കൊണ്ടല്ല, മറിച്ച് യുക്തിസഹവും അമാനുഷികവുമായ സ്‌നേഹത്താൽ കുരിശിനെ സ്‌നേഹിക്കുക.

10. എല്ലാത്തരം കുരിശുകളും ഒഴികഴിവോ തിരഞ്ഞെടുപ്പോ ഇല്ലാതെ വഹിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക.

11. നന്നായി സഹിക്കാൻ പഠിക്കുക.

12. നിങ്ങളെ ഉപദ്രവിക്കാൻ ദൈവം ഉപയോഗിച്ചേക്കാവുന്ന ഏതൊരു സൃഷ്ടിയെയും കുറിച്ച് ഒരിക്കലും പിറുപിറുക്കുകയോ മനഃപൂർവം പരാതിപ്പെടുകയോ ചെയ്യാതിരിക്കുക.

13. നിങ്ങൾക്ക് ഒരു കുരിശ് നൽകപ്പെടുമ്പോഴെല്ലാം, വിനയത്തോടും നന്ദിയോടും കൂടി അത് സ്വീകരിക്കാൻ ശ്രദ്ധിക്കുക.

14. നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അവകാശമോ അവസരമോ ഇല്ലാത്ത നല്ല കുരിശുകൾക്ക് യോഗ്യനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, വിവേകമുള്ള ഒരു ആത്മീയ നിയന്താവിന്റെ സഹായത്തോടെ, സ്വമേധയാ ചില കുരിശുകൾ ഏറ്റെടുക്കുക.

നോമ്പുകാലത്തിന്റെ യാഥാർത്ഥ ചൈതന്യം ജീവിതത്തിൽ പേറുന്നവരാണ് കുരിശിൽ രക്ഷ കണ്ടെത്തിയ കുരിശിന്റെയും ക്രൂശിതന്റെയും കൂട്ടുകാർ. കുരിശിന്റെ കൂട്ടുകാരാകുന്നവർ അനുഗ്രഹീതരും സ്വയം അനുഗ്രഹമാകാൻ ക്ഷണിക്കപ്പെട്ടവരുമാണ്. നോമ്പുകാലം പകുതി പിന്നിടുമ്പോഴും നിങ്ങൾ കുരിശിന്റെ കൂട്ടുകാരനും കൂട്ടുകാരിയും ആയിട്ടില്ലെങ്കിൽ ഇനിയുള്ള ഒരോ ദിവസവും അതിനുള്ള അവസരമാക്കി മാറ്റാൻ ശ്രമിക്കണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?