Follow Us On

03

July

2022

Sunday

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!

‘ഈശോയുടെ പീഡാസഹനം സങ്കടങ്ങളുടെ കടലാണെങ്കിലും അത് സ്‌നേഹത്തിന്റെ മഹാസമുദ്രംതന്നെയാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 30

‘പ്രയാണം’ മുപ്പതാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ കുരിശിന്റെയും ഈശോയുടെ പീഡാസഹനങ്ങളുടെയും സ്‌നേഹിതനായ ഒരു വിശുദ്ധനും അദ്ദേഹത്തിന്റെ സഭയുമാകട്ടെ നമ്മുടെ ചിന്താവിഷയം. ഈശോയുടെ പീഡാനുഭവത്തിന്റെ സവിശേഷ പ്രചാരകരാകാൻ ജീവിതം സമർപ്പിച്ചവരാണ്, കുരിശിന്റെ വിശുദ്ധ പൗലോസ് സ്ഥാപിച്ച ‘ഈശോയുടെ പീഡാനുഭവത്തിന്റെ സഭയിലെ (Congregation of the Passion) അംഗങ്ങൾ. ‘പാഷനിസ്റ്റു’കൾ (Passionists) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ ദാരിദ്ര്യം, ബ്രഹ്‌മചര്യം, അനുസരണം എന്നീ വ്രതത്രയങ്ങൾക്കു പുറമേ ‘വിശ്വാസികൾക്കിടയിൽ ഈശോയുടെ പീഡാനുഭവത്തിന്റെ ഓർമ പ്രചരിപ്പിക്കും’ എന്ന നാലാമതൊരു വ്രതംകൂടി ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്.

ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് വാചാലനായിരുന്ന കുരിശിന്റെ വിശുദ്ധ പൗലോസ് 50 വർഷത്തോളം ഇറ്റലിയിൽ തീക്ഷ്ണതയോടെ സുവിശേഷ വേല ചെയ്ത ശുശ്രൂഷകനാണ്. ‘പീഡാനുഭവത്തിന്റെ പുഷ്പങ്ങൾ’ (Flowers of the Passion) എന്ന ഗ്രന്ഥത്തിൽ കുരിശിന്റെ ഈ പ്രിയപ്പെട്ട വിശുദ്ധൻ എല്ലാ ക്രിസ്തീയ പുണ്യങ്ങളെയും ഈശോയുടെ പീഡാനുഭവുമായി ബന്ധിപ്പിച്ച് ഈശോയുടെ പീഡാനുഭവത്തിലുള്ള പങ്കുചേരൽ പുണ്യപൂർണതക്കുള്ള മാർഗമായി അവതരിപ്പിക്കുന്നു. ഈശോയുടെ പീഡാനുഭവത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘സ്‌നേഹത്തിന്റെ സങ്കീർത്തനം’ എന്ന ഒരു കാവ്യം, ‘പീഡാനുഭവത്തിന്റെ പുഷ്പങ്ങളി’ലെ സവിശേഷമായ ഭാഗമാണ്.

‘തീക്ഷ്ണവും ഉദാരവുമായ ഒരു ഹൃദയം പ്രദാനം ചെയ്യുന്ന സ്‌നേഹനിധിയായ ആത്മാവിനെ ദൈവം കുരിശിനാൽ പൂർണമാക്കുന്നു.

ഓ, നമ്മുടെ മഹാനായ ദൈവം കഷ്ടപ്പാടുകളിൽ മറച്ചുവെച്ചിരിക്കുന്ന വിലയേറിയതും ദൈവികവുമായ നിധിയെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്?

എന്നാൽ ഇത് സ്‌നേഹിക്കുന്നവന് മാത്രം അറിയാൻ കഴിയുന്ന ഒരു വലിയ രഹസ്യമാണ്; ഒരു പരിചയവുമില്ലാത്ത ഞാൻ, ദൂരെനിന്ന് അതിനെ അഭിനന്ദിക്കുന്നതിൽ സംതൃപ്തനായിരിക്കണം.

കുരിശിൽ സ്വയം സൂക്ഷിക്കുന്ന, നന്നായി സ്‌നേഹിക്കപ്പെടുന്നവന്റെ കരങ്ങളിൽ, ദൈവിക സ്‌നേഹത്താൽ മാത്രം ജ്വലിക്കുന്ന ഹൃദയം സന്തോഷമുള്ളതാണ്!

സന്തോഷമില്ലാതെ സഹിക്കുകയും അങ്ങനെ ക്രിസ്തുവായി രൂപാന്തരപ്പെടുകയും ചെയ്യുന്നവൻ കൂടുതൽ ഭാഗ്യവാനാണ്!

സ്‌നേഹത്തിന്റെ മുറിവേൽപ്പിക്കുന്നവനെ ഇനിയും കൂടുതൽ സ്‌നേഹിക്കാൻ വേണ്ടി, സ്വയം മരിക്കാൻമാത്രം ആഗ്രഹിച്ച്, തന്റെ സഹനങ്ങളോട് മമത പുലർത്താതെ സഹിക്കുന്നവൻ ഭാഗ്യവാനാണ്!

കുരിശിന്റെ ചുവട്ടിൽനിന്ന് ഈ പാഠം ഞാൻ നിങ്ങൾക്ക് നൽകുന്നു, പക്ഷേ അത് നിങ്ങൾ മനസ്സിലാക്കേണ്ടത് പ്രാർത്ഥനയിലാണ്.’

ദൈവിക സ്‌നേഹത്തിന്റെ ഏറ്റവും മഹത്തായതും അതിശയകരവുമായ സൃഷ്ടിയാണ് ഈശോയുടെ പീഡാസഹനം. സ്‌നേഹാത്ഭുതങ്ങളുടെ അത്ഭുതമാണത്. ദൈവസ്‌നേഹത്തിന്റെ ഏറ്റവും മഹത്തും അതിശക്തവുമായ പ്രവൃത്തിയായാണ് ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും വിശുദ്ധ പൗലോസ് കണ്ടത്.

ഈശോയുടെ പീഡാസഹനം സങ്കടങ്ങളുടെ കടലാണെങ്കിലും അത് സ്‌നേഹത്തിന്റെ ഒരു സമുദ്രമാണ്. ഈ സമുദ്രത്തിൽനിന്ന് മത്‌സ്യം പിടിക്കാൻ പഠിപ്പിക്കണമേ എന്ന് കർത്താവിനോട് അപേക്ഷിക്കാൻ തന്റെ സഭാംഗങ്ങളെ അദ്ദേഹം നിരന്തരം ഉപദേശിച്ചിരുന്നു. കർത്താവിന്റെ പീഡാസഹനങ്ങളുടെ ആഴങ്ങളിലേക്ക് എത്ര മുങ്ങിയാലും അതിന്റെ താഴെയെത്താൻ മനുഷ്യർക്ക് സാധിക്കില്ല. ദൈവപുത്രന്റെ കുരിശുമരണത്തിൽ വെളിവായ ‘മനുഷ്യനോടുള്ള സ്‌നേഹം പൂർണമായി മനസ്സിലാക്കാൻ,’ ഒരു ശക്തിക്കും കഴിയുകയുമില്ല.

കുരിശിന്റെ വിശുദ്ധ പൗലോസിന്റെ കാഴ്ചപ്പാടിൽ ക്രൂശിതന്റെ മുഖത്തേക്കു നോക്കി സഞ്ചരിക്കുമ്പോഴാണ് ശിഷ്യത്വം പൂർണതയിൽ എത്തുന്നത്: ‘തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്ന ക്രൂശിതന്റെ മുഖത്തേക്ക് നോക്കുക, അവിടുന്ന് നിനക്ക് പിതാവും മാതാവുമെല്ലാം ആയിരിക്കും.’ ഈശോയുടെ പീഡാസഹനത്തിന്റെ യോഗ്യതകളാൽ ദൈവം രക്ഷിക്കുമെന്ന പ്രത്യാശ പൗലോസിനുണ്ടായിരുന്നു. ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ദൈവത്തിൽ കൂടുതൽ പ്രത്യാശ തനിക്ക് ലഭിക്കുമെന്നും ദൈവത്തിന്റെ കൃപയാൽ തന്റെ ആത്മാവ് നഷ്ടപ്പെടില്ലെന്നും അദ്ദേഹം പ്രത്യാശിക്കുകയും ചെയ്തു.

ഈശോയുടെ വിശുദ്ധ കുരിശ് നമ്മുടെ ഹൃദയത്തിൽ എന്നും നിലനിൽക്കട്ടെ! നമ്മുടെ മനസ്സ് ഈ ജീവവൃക്ഷത്തിൽ ഒട്ടിച്ചുചേർക്കപ്പെടുകയും ജീവന്റെ യഥാർത്ഥ കാരണക്കാരനായവന്റെ മരണത്തിന്റെ യോഗ്യതയാൽ അനുതാപത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യട്ടെ. കുരിശിന്റെ വിശുദ്ധ പൗലോസിന്റെ ഈ ആഗ്രഹം ഈ നോമ്പു ദിനങ്ങളിൽ നമ്മുടെ ജീവിതത്തിലും പൂർത്തിയാകട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?