Follow Us On

02

December

2023

Saturday

എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!

എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!

‘വിശുദ്ധമായ ഈ നോമ്പ് ദിനങ്ങളിൽ മനുഷ്യനായി ദാഹിക്കുന്ന ദൈവപുത്രന്റെ നിലവിളി തിരിച്ചറിയാനും അതിനോട് ഭാവാത്മകായി പ്രതികരിക്കാനും നമുക്ക് സാധിക്കണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 31

ദൈവത്തിനുവേണ്ടി മനുഷ്യൻ ദാഹിക്കുന്ന ഈ നോമ്പുകാലത്ത് മനുഷ്യനായി ദാഹിക്കുന്ന ദൈവപുത്രന്റെ നിലവിളിയാണ് ‘പ്രയാണ’ത്തിന്റെ ഇന്നത്തെ വിഷയം. ‘അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു,’ (യോഹ. 19:28).

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ഈശോയുടെ കുരിശിലെ ഈ നിലവിളിയെ ജീവിക്കുന്നവരോ മരിച്ചവരോ ആരോഗ്യമുള്ളവരോ വലിയവരോ ചെറിയവരോ ആയ എല്ലാവരോടും, ഒരു കപ്പ് ദാഹജലം ആവശ്യപ്പെടുന്ന സർവരോടുമുള്ള ഐക്യദാർഢ്യമായി കണക്കാക്കുന്നു. കുരിശിലെ ഈശോയുടെ ദാഹം കേവലം വെള്ളത്തിന് മാത്രമായിരുന്നില്ല. സ്‌നേഹത്തിനായുള്ള ആത്മീയ ദാഹമായിരുന്നു. പിതാവിനു വേണ്ടിയും നമുക്കും വേണ്ടിയുമുള്ള ദാഹമായിരുന്നു.

യോഹന്നാന്റെ സുവിശേഷത്തിൽ രണ്ടാം തവണയാണ് ഈശോ വെള്ളം ആവശ്യപ്പെടുന്നത്. യാക്കോബിന്റെ കിണറ്റിൻ കരയിൽ വെള്ളം കോരാൻ വന്ന സമരിയാക്കാരി സ്ത്രീയോട് ‘എനിക്കു കുടിക്കാൻ തരൂ’ (യോഹ.4:10) എന്ന് അവിടുന്ന് ആവശ്യപ്പെടുന്നു. സംസാരത്തിനിടയിൽ ഈശോ അവൾക്ക് നിത്യതയിലെ ദാഹം ശമിപ്പിക്കുന്ന ജീവജലം വാഗ്ദാനം ചെയ്യുന്നു. ദൈവത്തിന്റെ ജീവൻ നൽകുന്ന ആത്മാവ് അവളുടെ നിത്യതയിലേക്കുള്ള ദാഹം ശമിപ്പിക്കുന്നു

നിരവധി വിശുദ്ധാത്മാക്കൾ ഈശോയുടെ ദാഹം സ്വജീവിതത്തിൽ അനുഭവിച്ചവരാണ്. ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ, ‘നവമാലിക’യിൽ (The Story of a Soul) ഇപ്രകാരം കുറിക്കുന്നു: ‘കുരിശിൽ കിടക്കുന്ന നമ്മുടെ കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കുമ്പോൾ, അവിടുത്തെ ദിവ്യമായ ഒരു കൈയിൽനിന്ന് ഒഴുകി ഇറങ്ങുന്ന രക്തം കണ്ട് ഞാൻ സ്തംബന്ധയായി. . . കുരിശിലെ ഈശോയുടെ ‘എനിക്ക് ദാഹിക്കുന്നു!’ എന്ന നിലവിളി എന്റെ ഹൃദയത്തിൽ നിരന്തരം മുഴങ്ങി. ആ വാക്കുകൾ എന്റെ ഉള്ളിൽ അജ്ഞാതവും ജീവനുള്ളതുമായ ഒരു അഗ്‌നി ജ്വലിപ്പിച്ചു. എന്റെ പ്രിയപ്പെട്ടയാൾക്ക് കുടിക്കാൻ കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു, ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹത്താൽ ഞാൻ സ്വയം ഉരുകാൻ തുടങ്ങി.’

അക്കാലയളവിൽ മൂന്ന് കൊലപാതകങ്ങൾ നടത്തി ജയിലിൽ വധശിക്ഷ കാത്തു കിടന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി ഹെൻറി പ്രൻസിനിയെ കുറിച്ചുള്ള കഥകൾ പത്രങ്ങളിൽ വന്നിരുന്നു. കോടതി വധശിക്ഷയ്ക്ക് വിധിച്ച അദ്ദേഹം നിരാശ കാരണം ഒരു പുരോഹിതനെ കാണാനോ അനുതപിക്കാനോ തയാറല്ലായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ അവന്റെ മാനസാന്തരത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും അവനുവേണ്ടി ഒരു കുർബാന അർപ്പണം ക്രമീകരിക്കുകയും ചെയ്തു.

അദ്ദേഹം മരണപ്പെടുംമുമ്പ് ഒരു അത്ഭുതം സംഭവിച്ചു, അദ്ദേഹത്തിന്റെ മാനസാന്തരം! മരണത്തിന് നിമിഷങ്ങൾക്കുമുമ്പ് പ്രൻസിനി ഒരു ക്രൂശിതരൂപം ആവശ്യപ്പെട്ടെന്നും അതിൽ മൂന്നു പ്രാവശ്യം ചുംബിച്ച ശേഷമാണ് മരിച്ചതെന്ന വാർത്ത ലിസ്യുവിലെ കൊച്ചുറാണിയിൽ വലിയ സന്തോഷം ഉണ്ടാക്കി. കുരിശിൽ നിന്നുള്ള ‘എനിക്ക് ദാഹിക്കുന്നു!’ എന്ന ഈശോയുടെ വാക്കുകൾ അവിടുത്തെ കരുണാർദ്രമായ സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവിടുത്തെ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതായാണ് വിശുദ്ധ ചെറുപുഷ്പം മനസ്സിലാക്കിയിരുന്നത്.

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ ജീവിതവും ദൗത്യവും ഈശോയുടെ ‘എനിക്ക് ദാഹിക്കുന്നു,’ എന്ന കുരിശിലെ നിലവിളിയെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. 1946 സെപ്റ്റംബർ 10ന് ഡാർജിലിംഗിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മദറിനുണ്ടായ ഒരു ആത്മീയ അനുഭവം നമ്മുടെ സ്‌നേഹത്തിനായുള്ള ഈശോയുടെ ആന്തരിക ദാഹത്തെക്കുറിച്ച് അവളെ കൂടുതൽ ബോധവതിയാക്കി. മദർ ഒരിക്കൽ തന്റെ സിസ്റ്റേഴ്‌സിന് എഴുതി:

‘എല്ലാ ആശ്വാസവും നഷ്ടപ്പെട്ട് പൂർണ ദാരിദ്രത്തിൽ, ഏകനായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ആത്മാവും ശരീരവും തകർന്ന് ഈശോ കുരിശിൽ മരിക്കുമ്പോൾ ‘എനിക്ക് ദാഹിക്കുന്നു,’ എന്ന് അവിടുന്ന് നിലവിളിച്ചു: അവിടുത്തെ നിലവിളി ദാഹജലത്തിനപ്പുറം സ്‌നേഹത്തിനുള്ള, ത്യാഗത്തിനുള്ള ദാഹമായിരുന്നു… ഈശോ ദൈവമായതിനാൽ, അവിടുത്തെ സ്‌നേഹം, അവിടുത്തെ ദാഹം എന്നിവ അനന്തമാണ്. ദൈവം സൃഷ്ടിച്ച മനുഷ്യന്റെ ഈ അനന്തമായ ദാഹം ശമിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം.’

ഈ അനുഭവം മദറിന്റെ കണ്ണുകൾ തുറന്നു, കഷ്ടപ്പെടുന്നവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും കണ്ണുകളിൽ ഈശോയുടെ വേദന കാണാനും സഹായിച്ചു. ഈശോ നമുക്കോരോരുത്തർക്കും വേണ്ടി ദാഹിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവിടുത്തെ ദാഹം ശമിപ്പിക്കാനുള്ള ഒരേയൊരു മാർഗം ആവശ്യമുള്ളവരെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണന്ന് അവൾ മനസ്സിലാക്കി. ദരിദ്രരിലെ ദരിദ്രരെ സഹായിക്കാനുള്ള മദർ തെരേസയുടെ ദൗത്യം, ഈശോയുടെ കുരിശിലെ ദാഹം തൃപ്തിപ്പെടുത്താനുള്ള അവളുടെ ആഴമായ ആഗ്രഹത്തിൽനിന്ന് രൂപം കൊണ്ടതാണ്.

നോമ്പിലെ ഈ വിശുദ്ധ നാളുകളിൽ മനുഷ്യനായി ദാഹിക്കുന്ന ദൈവപുത്രന്റെ നിലവിളി തിരിച്ചറിയാനും അതിനോട് ഭാവാത്മകായി പ്രതികരിക്കാനും നമുക്ക് സാധിക്കട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?