Follow Us On

19

April

2024

Friday

ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

‘കുരിശിൽ കിടന്നുള്ള ഈശോയുടെ ‘എല്ലാം പൂർത്തിയായിരിക്കുന്നു,’ എന്ന ആറാമത്തെ മൊഴിയിൽ ജീവിതദൗത്യം പൂർത്തിയാക്കിയ ഒരു മനുഷ്യന്റെ ആത്മസംതൃപ്തിയും ചാരിതാർത്ഥ്യവും കാണാനാകും.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 33

യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: ‘എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു,’ (യോഹ. 19: 30). മുപ്പത്തിമൂന്നു വർഷംമുമ്പ് ദാവീദിന്റെ ഒരു എളിയ പട്ടണത്തിലെ കാലിത്തൊഴിത്തിലാരംഭിച്ച ദൈവപുത്രന്റെ ജീവിതനിയോഗം കാൽവരി മലമുകളിൽ പൂർത്തിയാകുന്നു.

സുവിശേഷകന്മാരായ മത്തായിയും മർക്കോസും ‘യേശു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു ജീവൻ വെടിഞ്ഞു,’ (മത്താ. 27: 50/ മർക്ക. 15:37) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, നിലവിളിയുടെ ഉള്ളടക്കം തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കലായിരുന്നു എന്ന് നമ്മോട് പറയുന്നത് യോഹന്നാനാണ്.

താൻ ക്രൂശിക്കപ്പെടുന്നത് ഒരു ലക്ഷ്യത്തിനുവേണ്ടിയാണെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ അത് വ്യക്തമായി കാണാനാകും: ‘ഞാൻ അതു സ്വമനസ്സാ സമർപ്പിക്കുകയാണ്. അത് സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കൽപ്പന എന്റെ പിതാവിൽനിന്നാണ് എനിക്കു ലഭിച്ചത്,’ (യോഹ. 10: 18).

കുരിശിൽ കിടന്നുള്ള ഈശോയുടെ ‘എല്ലാം പൂർത്തിയായിരിക്കുന്നു,’ എന്ന ആറാമത്തെ മൊഴിയിൽ ജീവിതദൗത്യം പൂർത്തിയാക്കിയ ഒരു മനുഷ്യന്റെ ആത്മസംതൃപ്തിയും ചാരിതാർത്ഥ്യവും കാണാനാകും. ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ അഭിപ്രായത്തിൽ, ഈ പദപ്രയോഗം മൂന്നു തവണയാണ് വിശുദ്ധ ഗ്രന്ഥത്തിലുള്ളത്. വിശുദ്ധ ഗ്രന്ഥത്തിന്റെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും. ആരംഭത്തിൽ ഉൽപ്പത്തിയുടെ പുസ്തകത്തിൽ നാം വായിക്കുന്നു:

‘അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂർണമായി,’ (ഉൽ. 2: 1). കാലാവസാനത്തിൽ ‘ശ്രീകോവിലിലെ സിംഹാസനത്തിൽനിന്ന് ഒരു വലിയ സ്വരം പുറപ്പെട്ടു: ഇതാ, തീർന്നു,’ (വെളി. 16: 17). ഈ രണ്ട് അതിർവരമ്പുകൾക്കിടയിൽ കുരിശിൽനിന്ന് ഈശോ ‘എല്ലാം പൂർത്തിയായിരിക്കുന്നു’ എന്ന വചനത്താൽ പിതാവിന്റെ ഹിതം പൂർത്തിയാക്കുന്നു.

കുരിശിൽനിന്നുള്ള ആറാമത്തെ മൊഴിയിൽ അടങ്ങിയിരിക്കുന്ന നാലു കാര്യങ്ങൾ

1, പിതാവ് ഏൽപ്പിച്ച ജോലി ഈശോ പൂർത്തിയാക്കി

ഒന്നാമതായി, മനുഷ്യരാശിക്ക് രക്ഷ നൽകുന്നതിനായി പിതാവ് തന്നെ ഭൂമിയിലേക്ക് അയച്ച ദൗത്യം ഈശോ പൂർണതയോടെ പൂർത്തിയാക്കുന്നു. ജീവിതകാലം മുഴുവൻ പാപം ചെയ്യാതെ ജീവിച്ചു, ലോകത്തിന്റെ പാപങ്ങൾക്കുള്ള ഏറ്റവും ഉത്തമ ബലിയായി മാറാൻ ഈശോയ്ക്കു കഴിഞ്ഞു. പരിശുദ്ധനായ ദൈവത്തിന്റെ നീതിനിഷ്ഠമായ ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും പരമമായ ത്യാഗമായിരുന്നു ഈശോയുടെത്.

2, ഈശോ പ്രവചനം പൂർത്തിയാക്കുന്നു

ക്രൂശിൽ ഈശോ നിർവഹിച്ച രണ്ടാമത്തെ കാര്യം പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു. ദൈവം വാഗ്ദാനം ചെയ്തതുപോലെ പ്രവചിക്കപ്പെട്ട മിശിഹാ വന്നു. ദൈവവചനത്തിന്റെ പ്രവചനങ്ങൾ ഈശോയിൽ കൃത്യമായി നിറവേറി. രക്ഷകനെ വാഗ്ദാനം ചെയ്തു; ഇപ്പോൾ രക്ഷകനായ ഈശോ വന്ന് വാഗ്ദത്ത രക്ഷ നേടിയിരിക്കുന്നു.

3, ഈശോ പിശാചിന്റെമേൽ വിജയം നേടുന്നു

ഈശോയുടെ കുരിശുമരണം വഴി പൂർത്തീകരിക്കപ്പെട്ട മൂന്നാമത്തെ കാര്യം പിശാചിന്റെ മേലുള്ള വിജയമായിരുന്നു. ഈശോയുടെ മനുഷ്യവതാരത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുക എന്നതായിരുന്നുവെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു: ‘പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായത്,’ (1 യോഹ. 3:8). മനുഷ്യൻ തന്റെ പാപത്തിലൂടെ പിശാചിന് കൈമാറിയ ഭൂമിക്കുമേലുള്ള ആധിപത്യം ഇപ്പോൾ ഈശോ തിരികെ നേടിയിരിക്കുന്നു.

4, ഈശോയുടെ പീഡാസഹനങ്ങൾ അവസാനിക്കുന്നു

‘എല്ലാം പൂർത്തിയായിരിക്കുന്നു’ എന്ന് ഈശോ പറഞ്ഞതിന്റെ നാലാമത്തെയും അവസാനത്തെയും കാരണം അവിടുത്തെ സ്വന്തം പീഡാസഹനങ്ങളെ സംബന്ധിച്ചാണ്. പാപികളായ മനുഷ്യരോടൊപ്പം 30 വർഷത്തിലധികം ജീവിച്ച് അവർക്ക് കുരിശുമരണത്തിലൂടെ രക്ഷ നേടികൊടുത്ത ഈശോ തന്റെ കഷ്ടപ്പാടിന്റെ അവസാനത്തെ ആറ് മണിക്കൂർ കുരിശിൽ സഹിച്ചു ദൗത്യം പൂർത്തിയായി. സ്ഥലത്തിന്റെയും സമയത്തിന്റെയും പരിധികൾ ഇനി ഈശോയ്ക്ക് അനുഭവിക്കേണ്ടിവരില്ല, എല്ലാം പൂർത്തീകരിച്ചിരിക്കുന്നു.

കുരിശിൽനിന്നുള്ള ആറാമത്തെ വചനം നമുക്കു നൽകുന്ന പ്രായോഗിക ജീവിത പാഠങ്ങൾ

1, ലക്ഷ്യത്തോടെ ജീവിക്കുക

ഈശോയ്ക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമോ പൂർത്തീകരിക്കാനുള്ള ദൗത്യമോ ഇല്ലായിരുന്നുവെങ്കിൽ, ‘എല്ലാം പൂർത്തിയായിരിക്കുന്നു’ എന്ന വാക്കിന് വലിയ അർത്ഥം ഉണ്ടാകുമായിരുന്നില്ല.

2, അച്ചടക്കത്തോടെ ജീവിക്കുക

ലക്ഷ്യത്തോടെയുള്ള ജീവിതത്തിന് ശ്രദ്ധയും അച്ചടക്കവും വളരെ ആവശ്യമാണ്. ലക്ഷ്യത്തിലേക്ക് ശ്രദ്ധാപൂർവം മുന്നേറുമ്പോൾ പിന്തിരിപ്പിക്കുന്ന ചില കാര്യങ്ങളോട് നോ പറയാനും ഭാവാത്മകമായ കാര്യങ്ങളോട് യേസ് പറയാനും അച്ചടക്കമുള്ള വ്യക്തികൾക്കേ സാധിക്കൂ.

3, അനുസരണയോടെ ജീവിക്കുക

ഈശോ പറഞ്ഞതുപോലെ, ‘എല്ലാം പൂർത്തിയായിക്കുന്നു’ എന്ന് പറയാൻ കഴിയണമെങ്കിൽ, നമ്മുടെ ജീവിതം ഈശോയെപ്പോൽ അനുസരണത്താൽ അടയാളപ്പെടുത്തണം. ‘മരണംവരെ- അതേ കുരിശുമരണം വരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി,’ (ഫിലിപ്പി. 2: 8)

4. സഹിക്കാൻ തയാറാവുക

കഷ്ടപ്പാടുകൾ സഹിക്കാൻ തയാറായാൽ മാത്രമേ ജീവിതം ദൗത്യം നിറവേറ്റാൻ, ഈശോയെപ്പോലെ ‘എല്ലാം പൂർത്തിയായിരിക്കുന്നു’ എന്നു പറയാൻ സാധിക്കൂ. ദൈവത്തിന്റെ പദ്ധതികൾ നമ്മുടെ ജീവിതത്തിൽ ഫലം കാണണമെങ്കിൽ കഷ്ടപ്പെടാനുള്ള മനസ് സ്വന്തമാക്കിയിരിക്കണം.

ജീവിതത്തിന്റെ അവസാനം കടമകൾ എല്ലാം നിറവേറ്റി ‘എല്ലാം പൂർത്തിയായിരിക്കുന്നു’ എന്ന് പറയാൻ കഴിയുന്ന അവസരത്തിനായി ക്രൂശിതനെ നോക്കി നമുക്ക് യാത്ര തുടരാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?