Follow Us On

18

April

2024

Thursday

മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി!  ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ

മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി!  ദൈവമാതാവിന് ‘സുവർണ  റോസ’ സമ്മാനിച്ച് പാപ്പ

വലേറ്റ: വിശുദ്ധ പൗലോസിന്റെ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ അപ്പസ്‌തോലിക പര്യടനത്തിന് ആഗതനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള വരവേൽപ്പ് നൽകി മാൾട്ടീസ് ജനത; അപ്പസ്‌തോലിക കാലഘട്ടത്തിൽതന്നെ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കപ്പെട്ട മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ഭരണാധികാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച, ജനങ്ങളെ അഭിവാദനം ചെയ്തുകൊണ്ട് മുന്നേറിയ പര്യടനത്തിന്റെ ഒന്നാം ദിനത്തിന് ‘ത പിനു’ മരിയൻ തീർത്ഥാടനകേന്ദ്രത്തിലെ പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് തിരശീല വീണത്. ദൈവമാതാവിന്റെ അൾത്താരയ്ക്കു മുന്നിൽ സുവർണ റോസ സമർപ്പിക്കുകയും ചെയ്തു പാപ്പ.

വിമാനത്താവളത്തിൽ പ്രസിഡന്റ് ജോർജ് വെല്ലും പ്രഥമ വനിതയും ചേർന്നാണ് പാപ്പയെ വരവേറ്റത്ത്. രാജ്യത്തെ ഭാവി തലമുറയെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂച്ചെണ്ടുകൾ സമ്മാനിച്ചു. വത്തിക്കാന്റെയും മാൾട്ടയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാന്റ് വായിച്ചു. തുടർന്ന്, സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച പാപ്പ മാൾട്ടയുടെ ദേശീയ പതാകയ്ക്ക് ആദരവർപ്പിച്ചു. മാൾട്ടയിലെ അപ്പസ്‌തോലിക് നുൺഷ്യോ ഉൾപ്പെടെയുള്ള സഭാധ്യക്ഷന്മാരും സന്നിഹിതരായിരുന്നു. വിമാനത്താവളത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള പ്രസിഡൻഷ്യൽ പാലസിലേക്കായിരുന്നു ആദ്യ യാത്ര.

അവിടെവെച്ചായിരുന്നു പ്രധാനമന്ത്രി റോബർട്ട് അബെലയുമായുള്ള കൂടിക്കാഴ്ച. തുടർന്ന്, സർക്കാർ അധികാരികളെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്തു. യുദ്ധംമൂലം വികൃതമായ മനുഷ്യകുലത്തിന് സമാശ്വാസം വീണ്ടെടുത്തു നൽകുക എന്ന അടിയന്തരാവശ്യം നിറവേറ്റുന്നതിൽ പ്രചോദനമേകാൻ മധ്യധരണ്യാഴി പ്രദേശത്തിന്റെ ഹൃദയഭാഗത്ത് വിളങ്ങിനിൽക്കുന്ന മാൾട്ടയ്ക്ക് സാധിക്കുമെന്ന് പാപ്പ പറഞ്ഞു. ആഗോള പ്രശ്‌നങ്ങൾക്ക് ആഗോള പരിഹാരങ്ങൾ ആവശ്യമാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, ഓരോരുത്തരുടെയും പ്രതിസന്ധികൾക്കുള്ള പരിഹാരം ഉണ്ടാക്കുന്നതിലൂടെ മാത്രമേ സകലരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകൂവെന്നും ചൂണ്ടിക്കാട്ടി.

‘റോമിലേക്കുള്ള യാത്രാമധ്യേ കപ്പലപകടത്തിൽപ്പെട്ട് മാൾട്ടയിൽ എത്തിച്ചേർന്ന പൗലോസ് അപ്പസ്‌തോലനോടും സഹയാത്രികരോടും മാൾട്ടയിലെ പൂർവീകർ പ്രകടിപ്പിച്ച സഹാനുഭൂതി അമൂല്യമാണ്. റോമിൽനിന്ന് വരുന്ന തനിക്ക് അനുഭവപ്പെടുന്നതും സമാനമായ വരവേൽപ്പാണ്. ഇന്നാട്ടിൽ തലമുറകളായി കൈമാറിവരുന്ന നിധിയാണ് സവിശേഷമാണ ഈ മനോഭാവം,’ പാപ്പ പറഞ്ഞു. പര്യടനത്തിന്റെ ആപ്തവാക്യമായി പാപ്പ സ്വീകരിച്ചിരിക്കുന്നത് ‘അവർ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു,’ (അപ്പ.പ്ര. 28:2) എന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകളാണെന്നതും ശ്രദ്ധേയം. മാൾട്ടയിലെത്തിയപ്പോൾ ജനത പ്രകടിപ്പിച്ച സ്‌നേഹവായ്പ്പിന് പൗലോസ് അപ്പസ്‌തോലൻ നൽകുന്ന സാക്ഷ്യമാണ് പ്രസ്തുത സുവിശേഷ ഭാഗം.

ഗോസോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ‘ത പിനു’ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പര്യടനത്തിന്റെ ആദ്യ ദിനം സമാപിച്ചത്. അൾത്താരയ്ക്കു മുന്നിൽ ഏതാനും സമയം പ്രാർത്ഥനാ നിരതനായ പാപ്പ, വത്തിക്കാനിൽനിന്ന് കൊണ്ടുവന്ന സ്വർണംകൊണ്ട് നിർമിച്ച റോസാ പുഷ്പങ്ങൾ ദൈവമാതാവിന് സമർപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് പാപ്പ നേതൃത്വം വഹിക്കുകയും ചെയ്തു. സമാപന ദിനമായ ഇന്ന് മൂന്ന് പ്രധാന പ്രോഗ്രാമുകളാണ് പാപ്പയ്ക്കുള്ളത്.

കപ്പൽ അപകടംമൂലം വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ മാൾട്ടയിൽ എത്തിച്ചേർന്നപ്പോൾ താമസിച്ചിരുന്ന സ്ഥലത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഗ്രോട്ടോ സന്ദർശനം, ഫ്‌ളോറിയാനയിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പണം, കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിൽ സ്ഥാപിതമായ ‘പീസ് ലാബിൽ’വെച്ച് കുടിയേറ്റക്കാരുമായുള്ള കൂടിക്കാഴ്ച എന്നിവയാണവ.

യൂറോപ്പിലേക്ക് ആഫ്രിക്ക, മധ്യപൂർവേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രവേശനകവാടമെന്ന് വിശേഷിപ്പിക്കാവുന്ന മാൾട്ടയിലെ ജനസംഖ്യയിൽ 90%വും ക്രൈസ്തവരാണ്. വിശുദ്ധ പൗലോസിലൂടെയാണ് രാജ്യം ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. വിശുദ്ധ പൗലോസ് വന്നതിന്റെ 1950-ാം വാർഷികം ആഘോഷിച്ച 2020ൽ മാൾട്ട സന്ദർശിക്കാൻ പാപ്പ പദ്ധതിയിട്ടെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു. 1990ൽ വിശുദ്ധ ജോൺപോൾ രണ്ടാമനും 2010ൽ ബെനഡിക്ട് 16-ാമനും മാൾട്ട സന്ദർശിച്ചിട്ടുണ്ട്.

മാൾട്ട സാക്ഷ്യം വഹിക്കുന്ന പര്യടന നിമിഷങ്ങൾ ‘ശാലോം വേൾഡ്’ ചാനൽ തത്‌സമയം ലഭ്യമാക്കുന്നുണ്ട്. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്.

കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld), ട്വിറ്റർ പേജ് (twitter.com/ShalomWorldTV) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും. ടി.വിയിലും മൊബൈൽ ആപ്പുകളിലും ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാൻ സന്ദർശിക്കുക shalomworld.org/watchon

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?